07:40pm 10 November 2026
NEWS
31ന് ട്രോളിങ് നിരോധനം അവസാനിക്കുന്നു കടലിലേക്ക് ഇറങ്ങാൻ ഒരുങ്ങി ബോട്ടുകൾ
29/07/2025  10:02 PM IST
സണ്ണി ലുക്കോസ്
31ന് ട്രോളിങ് നിരോധനം അവസാനിക്കുന്നു കടലിലേക്ക് ഇറങ്ങാൻ ഒരുങ്ങി ബോട്ടുകൾ

52 ദിവസം നീണ്ട ട്രോളിങ് നിരോധനം 31ന് അർധരാത്രി അവസാനിക്കാനിരിക്കെ മത്സ്യബന്ധന ഹാർബറിൽ ഒരുക്കങ്ങൾ തകൃതി. ജെട്ടിയിലും ചാലിയാറിലെ സുരക്ഷിത കേന്ദ്രങ്ങളിലും നിർത്തിയിട്ടിരുന്ന ബോട്ടുകൾ കടലിൽ പോകാൻ സജ്ജമാക്കുന്ന തിരക്കാണ് ഹാർബറിൽ.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഹാർബറിൽ എത്തിച്ച ബോട്ടുകളിൽ ഇന്ധനം, ഐസ്, വെള്ളം എന്നിവ നിറയ്ക്കുന്നതിന്റെ തിരക്കിലാണ് മത്സ്യത്തൊഴിലാളികൾ. കാലവർഷം കനത്തതിനാൽ കടലിൽ മത്സ്യസമ്പത്ത് വർധിച്ച് യഥേഷ്ടം മീൻ ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങാൻ തയാറെടുക്കുന്നത്.

ഏതാണ്ട് 400 ബോട്ടുകളാണ് ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിന് പോകുന്നത്. എല്ലാ ബോട്ടുകളും ഒരുമിച്ച് നിർത്തിയിട്ട് സാധനങ്ങൾ കയറ്റാൻ ഹാർബറിൽ സ്ഥലസൗകര്യം ഇല്ലാത്തതിനാലാണ് മുൻകൂട്ടി ഒരുക്കങ്ങൾ പൂർത്തിയാക്കുന്നത്. 31ന് രാത്രി കഴിയുന്നത്ര ബോട്ടുകൾ കടലിൽ പോകും. അതേസമയം കഴിഞ്ഞ സീസൺ മോശമായതിനാൽ ഇന്ധനം നിറയ്ക്കാൻ പോലും സാമ്പത്തിക ശേഷിയില്ലാത്ത ഒട്ടേറെ ബോട്ടുകാരുണ്ട്. ഇവർ വായ്പയെടുത്തും ഉയർന്ന പലിശയ്ക്ക് പണം കടം വാങ്ങിയും ബോട്ടുകൾ കടലിൽ ഇറക്കാനുള്ള പരിശ്രമത്തിലാണ്.

മത്സ്യങ്ങളുടെ പ്രജനന കാലമായ മൺസൂണിലെ ആഴക്കടൽ മത്സ്യബന്ധനം തടഞ്ഞ് മത്സ്യസമ്പത്ത് വർധിപ്പിക്കാൻ ഉദ്ദേശിച്ചാണ് ട്രോളിങ് നിരോധനം നടപ്പാക്കുന്നത്. എന്നാൽ ഈ സമയങ്ങളിൽ പോലും വിദേശ ട്രോളറുകൾ മത്സ്യബന്ധനം നടത്തുന്നത് ഉദ്ദേശിച്ച ഫലം ഇല്ലാതാക്കുമെന്നു ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമൻ പറഞ്ഞു.

കൊച്ചിയിലും അഴീക്കലും അപകടത്തിൽപെട്ട കപ്പലുകളിലെ കണ്ടെയ്നറുകൾ പലതും കടലിന്റെ അടിത്തട്ടിൽ കിടക്കുന്നതിനാൽ കടലിൽ ട്രോളിങ് നടത്തുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്. മീൻ പിടിക്കാൻ വിരിക്കുന്ന വല കണ്ടെയ്നറുകളിൽ ഉടക്കി നശിക്കാൻ സാധ്യതയുണ്ടെന്നാണു ആശങ്ക. കപ്പലുകളിൽ നിന്നു കടലിൽ പതിച്ച കണ്ടെയ്നറുകൾ അടിയന്തരമായി നീക്കം ചെയ്യണം. അല്ലെങ്കിൽ കടലിന്റെ അടിത്തട്ടിൽ കണ്ടെയ്നറുകൾ ഉള്ള സ്ഥലങ്ങൾ നിർണയിച്ച് ജിപിഎസ് പൊസിഷൻ മത്സ്യത്തൊഴിലാളികളെ അറിയിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img