10:03pm 01 July 2026
NEWS
അനധികൃത മത്സ്യബന്ധനം വൈപ്പിനിൽ വള്ളം പിടികൂടി പിഴ ചുമത്തി
01/07/2026  06:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അനധികൃത മത്സ്യബന്ധനം വൈപ്പിനിൽ വള്ളം പിടികൂടി പിഴ ചുമത്തി

​ട്രോളിംഗ് നിരോധനം ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്ക് എതിരെ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്.  ട്രോളിംഗ് നിരോധനം ലംഘിച്ച് കിളിമീൻ പിടിച്ച 'സെന്റ് ആന്റണീസ്'  എന്ന വള്ളം വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. 

കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്ട് , കേരള മൺസൂൺ ഫിഷറി (പെലാജിക്) പ്രൊട്ടക്ഷൻ ആക്ട് എന്നിവ പ്രകാരം വിവിധ വകുപ്പുകൾ ചുമത്തി വള്ളത്തിന് 67,000/- രൂപ പിഴയീടാക്കി.
​ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുന്ന അനധികൃത മത്സ്യബന്ധനം നടത്തരുതെന്നും, 26 നോട്ടിക്കൽ മൈൽ അകലെ വരെ പോയി മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഈ മേഖലയിൽ രാത്രിയും പകലും മത്സ്യബന്ധനത്തിന് രാജ്യത്തുടനീളം വിലക്കുണ്ട്. വിലക്ക് ലംഘിക്കുന്നവർക്കെതിരെ  നിയമനടപടികൾ ഉണ്ടാകും.  അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വി സിന്ധു പറഞ്ഞു. 

കോസ്റ്റൽ പോലീസ് സി.പി.ഒ ജെയ്മോൻ, ഫിഷറീസ് ഗാർഡ് അനീഷ്, എ.ആർ.ബി.ഐ സി.പി.ഒ അരുൺ, സീ റെസ്ക്യൂ ഗാർഡ് വിനു, ശ്രീകാന്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img