09:13pm 13 November 2026
NEWS
ബോർഡ്–കോർപറേഷൻ വിഭജനം: കോൺഗ്രസിൽ എ ഗ്രൂപ്പിന് അതൃപ്തി
13/11/2026  08:28 PM IST
nila
ബോർഡ്–കോർപറേഷൻ വിഭജനം: കോൺഗ്രസിൽ എ ഗ്രൂപ്പിന് അതൃപ്തി

തിരുവനന്തപുരം: ബോർഡുകളിലെയും കോർപറേഷനുകളിലെയും സ്ഥാനമാനങ്ങൾ വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് മാറ്റിനിർത്തിയതിൽ കോൺഗ്രസിലെ എ ഗ്രൂപ്പിന് കടുത്ത അതൃപ്തി. തീരുമാനങ്ങൾ കൈക്കൊള്ളുന്ന ചർച്ചകളിൽ പങ്കാളികളാക്കാത്തതിനെതിരേ ഗ്രൂപ്പ് നേതൃത്വം രംഗത്തെത്തി. മുഖ്യമന്ത്രി വി.ഡി. സതീശനെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും നേരിൽക്കണ്ട് അതൃപ്തി അറിയിച്ച എ ഗ്രൂപ്പ്, ഇനി ദേശീയ നേതൃത്വത്തെയും സമീപിക്കാനാണ് നീക്കം.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരെ പരാതി അറിയിക്കാനാണ് തീരുമാനം. പാർട്ടിക്കുള്ളിൽ തുടർച്ചയായി അവഗണന നേരിടുകയാണെന്നും ഇനിയും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് എ ഗ്രൂപ്പ് നേതാക്കളുടെ നിലപാട്.

ബോർഡ്–കോർപറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ ചർച്ച നടത്തിയിരുന്നു. എന്നാൽ എ ഗ്രൂപ്പിൽനിന്ന് ആരെയും ചർച്ചയ്ക്ക് ക്ഷണിച്ചില്ലെന്നാണ് പ്രധാന പരാതി. ബോർഡുകളിലും കോർപറേഷനുകളിലും കോൺഗ്രസിന് ലഭിക്കുന്ന സ്ഥാനങ്ങളുടെ എണ്ണം, നിയമനത്തിനുള്ള മാനദണ്ഡങ്ങൾ, പരിഗണിക്കുന്ന നേതാക്കളുടെ പട്ടിക എന്നിവ സംബന്ധിച്ചും വ്യക്തതയില്ലെന്നാണ് ഗ്രൂപ്പിന്റെ ആരോപണം.

കൂടിയാലോചനകൾക്കു ശേഷം തുടർനടപടികൾ തീരുമാനിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. എം.എം. ഹസൻ, കെ.സി. ജോസഫ്, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് തുടങ്ങിയ നേതാക്കൾ ഇതുസംബന്ധിച്ച് ചർച്ച നടത്തും. ബുധനാഴ്ചയാണ് മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും കണ്ട് നേതാക്കൾ അതൃപ്തി അറിയിച്ചത്.

അടുത്തകാലത്തൊന്നും എ ഗ്രൂപ്പിലെ നേതാക്കൾ ഇത്രയധികം പേർ ഒരുമിച്ച് നേതൃത്വത്തിനെതിരേ നിലപാടെടുത്തിട്ടില്ലെന്നാണ് വിലയിരുത്തൽ. ഗ്രൂപ്പിനുള്ളിലെ ഐക്യം ശക്തിപ്പെടുത്തി പഴയ രാഷ്ട്രീയ സ്വാധീനം തിരിച്ചുപിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ സംഭവവികാസങ്ങളെ കാണുന്നത്. ബോർഡ്–കോർപറേഷൻ വിഭജനത്തെച്ചൊല്ലിയുള്ള തർക്കം കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും പുതിയ ചലനങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img