
മുംബൈ: ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ രാഷ്ട്രീയ അനിശ്ചിതത്വം. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ശിവസേനയുടെ ആധിപത്യം അവസാനിപ്പിച്ചെങ്കിലും ബിജെപിക്ക് ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ ഭരണം കിട്ടുമോ എന്ന കാര്യത്തിലാണ് ആശങ്ക നിലനിൽക്കുകയാണ്. ശിവസേന (ഷിന്ദേ വിഭാഗം) മേയർ പദവിക്കായി അവകാശവാദം ഉന്നയിച്ച് നടത്തുന്ന നീക്കങ്ങളാണ് മഹാനഗരത്തിലെ ഭരണം സംബന്ധിച്ച് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
227 അംഗ ബിഎംസിയിൽ ബിജെപി–ഷിന്ദേ ശിവസേന മുന്നണിക്ക് 117 സീറ്റുകളാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായത് 114 സീറ്റുകളാണെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഭരണനീക്കങ്ങളെ സങ്കീർണമാക്കുകയാണ്. ബിജെപിക്ക് 88 സീറ്റുകളും ഷിന്ദേ വിഭാഗം ശിവസേനയ്ക്ക് 29 സീറ്റുകളും ലഭിച്ചതോടെ, ഷിന്ദേയുടെ പിന്തുണ ഇല്ലാതെ ബിജെപിക്ക് ഭരണം സാധ്യമല്ലെന്ന സ്ഥിതിയാണ് രൂപപ്പെട്ടിരിക്കുന്നത്.
ഈ സാഹചര്യം ശക്തമായ വിലപേശലിന് വഴിയൊരുക്കുകയാണ്. മേയർ സ്ഥാനം ശിവസേന (ഷിന്ദേ വിഭാഗം) ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടി മുന്നോട്ടുവച്ചതായാണ് സൂചന. ‘മുംബൈയുടെ മേയർ ശിവസേനയിൽ നിന്നായിരിക്കണം. അത് ബാൽസാഹെബ് താക്കറെയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്’ എന്നാണ് ഷിന്ദേ വിഭാഗത്തിലെ ഒരു കൗൺസിലറുടെ പ്രതികരണം.
രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, പാർട്ടി അംഗങ്ങളെ ഒരുമിച്ച് നിലനിർത്താനുള്ള നീക്കമായി ഏക്‌നാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേറ്റർമാരെ ബാന്ദ്രയിലെ ആഡംബര ഹോട്ടലിലേക്ക് മാറ്റി. ശനിയാഴ്ചയാണ് ഇവരെ ഹോട്ടലിലേക്ക് കൊണ്ടുപോയത്.
കൗൺസിലർമാർ താജ് ലാൻഡ്‌സ് എൻഡിൽ മൂന്ന് ദിവസം തങ്ങുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് വിലപേശലിന്റെ ഭാഗമല്ലെന്നും, പാർട്ടിയിലെ ഐക്യം ഉറപ്പാക്കുന്നതിനും ബിജെപിയുമായുള്ള ഏകോപനവും ഭരണപരമായ മുൻഗണനകളും വിശദീകരിക്കുന്നതിനുമുള്ള നടപടിയാണെന്നുമാണ് നേതാക്കളുടെ വിശദീകരണം.
അതേസമയം, മുംബൈ കോർപ്പറേഷനിലെ നിയന്ത്രണം കൈവിട്ടുപോകാതിരിക്കാൻ ഉദ്ധവ് താക്കറെ വിഭാഗം നീക്കങ്ങൾ ആരംഭിച്ചുവെന്ന വിലയിരുത്തലുകളും ശക്തമാണ്. ഈ രാഷ്ട്രീയ നീക്കങ്ങൾ കണക്കിലെടുത്താണ് ഷിന്ദേ വിഭാഗം കൗൺസിലർമാരെ സുരക്ഷിതമായി ഒരുമിച്ച് നിർത്താൻ തീരുമാനിച്ചതെന്ന സൂചനകളും പുറത്തുവരുന്നു.











