
ഇൻസ്റ്റഗ്രാമിന് വെല്ലുവിളി ഉയർത്തി പുതിയ ആപ്പ്. 'ഫ്ലാഷ്‌സ്' എന്ന പേരിലാണ് ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലൂസ്‌കൈ ആണ് പുതിയ ആപ്പിന് പിന്നിൽ. രണ്ടര കോടിയിലധികം യൂസർമാരുള്ള ഓപ്പൺ സോഴ്‌സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ബ്ലൂസ്കൈ. ബർലിനിൽ നിന്നുള്ള ഡവലപ്പറായ സെബാസ്റ്റ്യൻ വോഗൽസാങ് ആണ് ഫ്ലാഷ്‌സ് രൂപകൽപന ചെയ്തത്. ബ്ലൂസ്കൈയുടെ ഡീസെൻട്രലൈസ്‌ഡ് എ.റ്റി പ്രോട്ടോക്കോൾ അനുസരിച്ച് സ്വതന്ത്രമായാണ് ഇതിന്റെ പ്രവർത്തനം.
ഒകേസമയം നാല് ഫോട്ടോ വരെയും ഒരു മിനിറ്റ് വരെ ദൈർഘ്യത്തിൽ വീഡിയോയും ഫ്ലാഷ്‌സിൽ അപ്‌ലോഡ് ചെയ്യാം. ഇൻസ്റ്റയിലെ പോലെ തന്നെ ആപ്പിനുള്ളിലെ ഫിൽട്ടറുകളും എഡിറ്റിംഗ് ടൂളുകളും ഉപയോഗിക്കാം. ഫ്ലാഷ്സിൽ ഇടുന്ന പോസ്റ്റുകൾ ഓട്ടോമാറ്റിക്കായി ബ്ലൂസ്കൈയിലും ലഭ്യമാകും. ആപ്പ് സ്റ്റോറിൽ 24 മണിക്കൂറിനകം 30,000 ഡൗൺലോഡുകൾ ഈ സ്വതന്ത്ര ആപ്പിന് ലഭിച്ചു എന്നാണ് റിപ്പോർട്ട്. അതേസമയം, ഫ്ലാഷ്‌സിൻറെ ആൻഡ്രോയ്ഡ് ആപ്പ് എപ്പോൾ പുറത്തിറങ്ങുമെന്ന് വ്യക്തമല്ല.











