
ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ മഞ്ഞളിന് പ്രത്യേക സ്ഥാനമുണ്ട്. ആന്റിഓക്സിഡന്റ്, ആന്റിമൈക്രോബിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമായ മഞ്ഞൾ ഭക്ഷണത്തിലും ആയുർവേദ ചികിത്സയിലുമെല്ലാം വ്യാപകമായി ഉപയോഗിക്കുന്നു. എന്നാൽ സാധാരണ മഞ്ഞളിൽനിന്ന് നിറത്തിലും ഗന്ധത്തിലും ഔഷധപ്രയോഗത്തിലും വ്യത്യസ്തമായ മറ്റൊരു മഞ്ഞൾ ഇനമുണ്ട്. നീല മഞ്ഞൾ അഥവാ ബ്ലൂ ടർമറിക്. അപൂർവമായി മാത്രം കാണപ്പെടുന്ന ഈ സസ്യത്തിന് പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ വലിയ പ്രാധാന്യമാണുള്ളത്.
കർക്കുമ സീസിയ (Curcuma caesia) എന്നാണ് നീല മഞ്ഞളിന്റെ ശാസ്ത്രീയ നാമം. കറുത്ത മഞ്ഞൾ എന്ന പേരിലും ഇത് അറിയപ്പെടുന്നു. സാധാരണ മഞ്ഞളിന്റെ ഉൾഭാഗം മഞ്ഞനിറത്തിലാണെങ്കിൽ നീല മഞ്ഞളിന്റെ കിഴങ്ങിനുള്ളിൽ കടുംനീല, നീലകലർന്ന വയലറ്റ് അല്ലെങ്കിൽ കറുപ്പുനിറമാണ് കാണപ്പെടുന്നത്. ഇന്ത്യയിലെ വടക്കുകിഴക്കൻ മേഖലകൾ, മധ്യപ്രദേശ്, കേരളത്തിലെ വയനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ സസ്യം പ്രധാനമായും കണ്ടുവരുന്നത്. അപൂർവമായ ലഭ്യതയും പരമ്പരാഗത ഔഷധപ്രയോഗങ്ങളുമാണ് ഇതിന് ഉയർന്ന വിപണിമൂല്യം നൽകുന്നത്. കിലോഗ്രാമിന് ആയിരം രൂപയ്ക്കു മുകളിൽ വില ലഭിക്കാറുണ്ട്.
സാധാരണ മഞ്ഞളിൽനിന്ന് വ്യത്യസ്തം
രുചിയിലും ഗന്ധത്തിലും രാസഘടനയിലുമെല്ലാം നീല മഞ്ഞൾ സാധാരണ മഞ്ഞളിൽനിന്ന് വ്യത്യസ്തമാണ്. സാധാരണ മഞ്ഞളിന് മഞ്ഞനിറം നൽകുന്ന പ്രധാന ഘടകമായ കർക്കുമിൻ ഇതിൽ താരതമ്യേന കുറഞ്ഞ അളവിലാണ് കാണപ്പെടുന്നത്. പകരം അവശ്യ എണ്ണകൾ, കർപ്പൂരത്തിന് സമാനമായ ഘടകങ്ങൾ, ഫിനോളിക് സംയുക്തങ്ങൾ എന്നിവയാണ് ഇതിന്റെ പ്രത്യേകത.
രൂക്ഷമായ ഗന്ധവും കയ്പ്പും കർപ്പൂരത്തിന് സമാനമായ രുചിയുമുള്ളതിനാൽ സാധാരണ പാചകത്തിന് നീല മഞ്ഞൾ അത്ര അനുയോജ്യമല്ല. ഭക്ഷണത്തിൽ പതിവായി ഉപയോഗിക്കുന്നതിനേക്കാൾ ആയുർവേദം, നാട്ടുവൈദ്യം, പരമ്പരാഗത ചികിത്സാരീതികൾ എന്നിവയിലാണ് ഇതിന് കൂടുതൽ പ്രാധാന്യം.
നീല മഞ്ഞളിന്റെ പരമ്പരാഗത ഉപയോഗങ്ങൾ
സന്ധിവേദന, പേശിവേദന, പരിക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട വേദനയും വീക്കവും കുറയ്ക്കാൻ നീല മഞ്ഞൾ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. ഇതിലെ ചില സജീവ ഘടകങ്ങൾക്ക് ആന്റിമൈക്രോബിയൽ പ്രവർത്തനമുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അണുബാധകളെ ചെറുക്കുന്നതിനും മുറിവുകൾ ഉണങ്ങുന്നതിനും ഇത് സഹായിക്കുമെന്ന വിശ്വാസവും പരമ്പരാഗത ചികിത്സയിലുണ്ട്.
ചുമ, ആസ്ത്മ, നെഞ്ചിലെ കഫക്കെട്ട് തുടങ്ങിയ ശ്വാസകോശസംബന്ധമായ അസ്വസ്ഥതകൾക്ക് ആശ്വാസം നൽകുന്നതിനും നീല മഞ്ഞൾ ചില ചികിത്സാരീതികളിൽ ഉപയോഗിക്കുന്നു. ഗ്യാസ്, വയറുവേദന തുടങ്ങിയ ദഹനപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഇതിന് പ്രാധാന്യം നൽകാറുണ്ട്.
ചർമത്തിലെ ചൊറിച്ചിൽ, തടിപ്പുകൾ, ചെറിയ മുറിവുകൾ എന്നിവയ്ക്കും നീല മഞ്ഞൾ ഉപയോഗിക്കുന്ന പതിവുണ്ട്. ഇതിലെ ചില സംയുക്തങ്ങളുടെ ആന്റിഓക്സിഡന്റ്, ആന്റിമൈക്രോബിയൽ ഗുണങ്ങളാണ് ഇത്തരം ഉപയോഗങ്ങൾക്ക് പിന്നിൽ പറയപ്പെടുന്നത്. എന്നാൽ ഈ ആരോഗ്യപ്രയോജനങ്ങളിൽ പലതിനും ശക്തമായ മനുഷ്യരിലെ ക്ലിനിക്കൽ തെളിവുകൾ ഇനിയും ആവശ്യമാണ്.
ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം
ഔഷധഗുണങ്ങളുണ്ടെന്ന കാരണത്താൽ നീല മഞ്ഞൾ സ്വയം ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് ഉചിതമല്ല. ഇതിലെ സജീവ ഘടകങ്ങൾ ചിലരിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ അളവും ഉപയോഗരീതിയും സംബന്ധിച്ച് പ്രത്യേക ജാഗ്രത ആവശ്യമാണ്. ഗർഭിണികൾ, മുലയൂട്ടുന്നവർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ, സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവർ എന്നിവർ ഡോക്ടറുടെ നിർദേശം തേടിയശേഷം മാത്രമേ ഇത് ഉപയോഗിക്കാവൂ.
സാധാരണ മഞ്ഞളിന് പകരക്കാരനായി നീല മഞ്ഞളിനെ കാണാനാകില്ല. അപൂർവമായ ഈ ഔഷധസസ്യത്തിന്റെ പരമ്പരാഗത പ്രാധാന്യത്തോടൊപ്പം അതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകളുടെ പരിമിതിയും മനസ്സിലാക്കേണ്ടതുണ്ട്.










