
ടെക്സസ്: ബഹിരാകാശ യാത്രയിൽ മാത്രമല്ല, സ്ത്രീ ശാക്തീകരണത്തിലും പുതു ചരിത്രം കുറിച്ചാണ് ആ ആറ് വനിതകളും ആകാശത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് കുതിച്ചുയർന്നതും പിന്നീട് ഭൂമിയിലേക്ക് പറന്നിറങ്ങിയതും. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും റോക്കറ്റിന്റെ സഹായത്തോടെ കുതിച്ചുയർന്ന് 100 കിലോമീറ്റർ അപ്പുറം അന്തരീക്ഷത്തിന്റെ അതിരായ കർമാൻ രേഖയിലൂടെ സഞ്ചരിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ആറു വനിതകൾ.
വിനോദ സഞ്ചാര യാത്രകളുടെ ചരിത്രത്തിൽ പുതു അധ്യായമെഴുതി ബ്ലൂ ഒറിജിൻറെ എൻ എസ് 31 ദൗത്യത്തിന്റെ ഭാഗമായാണ് ആറ് സ്ത്രീകൾ മാത്രം അടങ്ങുന്ന സംഘം ബഹിരാകാശ യാത്ര നടത്തിയത്. ശതകോടീശ്വരൻ ജെഫ് ബെസോസിൻറെ നേതൃത്വത്തിലുള്ള എയ്‌റോസ്പേസ് കമ്പനിയാണ് ബ്ലൂ ഒറിജിൻ. ജെഫ് ബെസോസിന്റെ പ്രതിശ്രുതവധുവായ ലോറൻ സാഞ്ചെസാണ് സംഘത്തെ നയിച്ചത്. പ്രശസ്ത പോപ്പ് ഗായിക കാറ്റി പെറി, സി.ബി.എസ് അവതാരക ഗെയിൽ കിങ്, പൗരാവകാശ പ്രവർത്തക അമാൻഡ എൻഗുയിൻ, ചലച്ചിത്ര നിർമാതാവ് കെരിയാന ഫ്‌ളിൻ, നാസയിലെ മുൻ ശാസ്ത്രജ്ഞ ആയിഷ ബോവെ എന്നിവരാണ് ദൗത്യത്തിൽ പങ്കാളികളായ മറ്റ് സ്ത്രീകൾ.
ടെക്സസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തിൽനിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു പേടകം വിക്ഷേപിച്ചത്. ന്യൂ ഷെപ്പേഡ് റോക്കറ്റിൻറെ സഹായത്തോടെ ഉപരിതലത്തിൽ നിന്ന് 105 കിലോമീറ്റർ ഉയരെ വരെയാണ് സംഘം പോയത്. അവിടെ പത്ത് മിനിട്ടോളം ചിലവഴിച്ച ശേഷം പേടകം തിരികെ ഭൂമിയിലിറങ്ങി. ഭൂമിയിൽനിന്ന് നൂറുകിലോമീറ്റർ അകലെയുള്ള സബ് ഓർബിറ്റൽ ഭ്രമണപഥത്തിലാണ് സംഘം ചെലവഴിച്ചത്.
ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തിൽ ക്രൂ അംഗങ്ങളെല്ലാം വനിതകളാവുന്നത് ഇതാദ്യമായാണ്. വാലന്റീന ടെർഷ്‌കോവയുടെ 1963-ലെ ബഹിരാകാശ ദൗത്യത്തിന് ശേഷം സ്ത്രീകൾ മാത്രം പങ്കാളികളാകുന്ന ബഹിരാകാശ ദൗത്യവും ഇതാദ്യമാണ്.