
ഫ്ളോറിഡ: ചന്ദ്രനിലെ സൂര്യോദയം പകർത്തി ബ്ലൂ ഗോസ്റ്റ് പേടകം. ഫയർഫ്ളൈ എയറോസ്പേസ് ചിത്രം എക്സിൽ പങ്കുവെച്ചിട്ടുണ്ട്. പേടകം ചന്ദ്രനിലിറക്കിയശേഷമുള്ള ആദ്യ സൂര്യോദയം എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സ്വകാര്യലാൻഡറുകളെ കരാറടിസ്ഥാനത്തിൽ ചന്ദ്രനിലേക്ക് അയക്കുന്ന നാസയുടെ സി.എൽ.പി.എസ് പദ്ധതിയുടെ ഭാഗമായാണ് ഫയർഫ്ളൈ എയ്റോസ്പെയ്സ് ബ്ലൂ ഗോസ്റ്റ് പേടകത്തെ ചന്ദ്രനിലിറക്കിയത്.
ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 2.04-ഓടെയാണ് ബ്ലൂ ഗോസ്റ്റ് പേടകം ചന്ദ്രനിലിറങ്ങിയത്. ചന്ദ്രനിലെ ലാവാപ്രദേശമായ മേർ ക്രിസിയം ഗർത്തത്തിലെ ബ്ലൂ ഗോസ്റ്റ് ലാൻഡിംഗ് പ്രക്രിയ 63 മിനിറ്റ് നീണ്ടു. ലാൻഡിംഗിന് പിന്നാലെ ചന്ദ്രോപരിതലത്തിന്റെ ചിത്രം ലാൻഡർ ഭൂമിയിലേക്ക് അയച്ചിരുന്നു.
ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാൻഡർ, ലാൻഡിങ് സമ്പൂർണവിജയമാകുന്ന ആദ്യത്തെ സ്വകാര്യ ലാൻഡർ എന്നീ നേട്ടങ്ങൾ ബ്ലൂ ഗോസ്റ്റിന് സ്വന്തമായി. ഞങ്ങൾ ചന്ദ്രനിലെത്തിയെന്ന് ദൗത്യവിജയത്തെക്കുറിച്ച് ഫയർഫ്ളൈ പ്രതികരിച്ചു. ജനുവരി 15-ന് സ്പെയ്സ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റുപയോഗിച്ചായിരുന്നു ബ്ലൂ ഗോസ്റ്റിന്റെ വിക്ഷേപണം. ഒരുമാസത്തോളം ഭൂമിയെ ചുറ്റിയശേഷമാണ് പേടകം ചാന്ദ്രഭ്രമണപഥത്തിലേക്ക് കടന്നത്.











