
ബൂത്ത് ലവൽ ഓഫിസർമാരായി(ബിഎൽഒ) നിയമിക്കപ്പെട്ടവരുടെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രമായിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കർ. ബൂത്ത് ലവൽ ഓഫിസർമാരുടെ നിയമനം ഭരണഘടന അനുസരിച്ചാണ്. ബിഎൽഒമാരുടെ പ്രവർത്തനം തടസപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി.
വിവിധ ജില്ലകളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. നന്നായി പ്രവർത്തിക്കുന്ന ബിഎൽഒമാർക്കെതിരെ വ്യാജവാർത്തകളും സമൂഹമാധ്യമ പ്രചാരണവും നടക്കുന്നുണ്ട്. ഇക്കാര്യങ്ങൾ കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും രത്തൻ കേൽക്കൽ പറഞ്ഞു. വളരെ പ്രാധാന്യമുള്ള ചുമതല നിർവഹിക്കുന്നവരാണ് ബിഎൽഒമാർ. അവരുടെ കർത്തവ്യനിർവഹണം തടസപ്പെടുത്തിയാൽ ഭാരതീയ ന്യായ് സംഹിതയുടെ 121ാം വകുപ്പ് പ്രകാരം കേസെടുക്കാൻ ജില്ലാ കലക്ടർമാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും രത്തൻ കേൽക്കർ കൂട്ടിച്ചേർത്തു.
10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സൈബർ ആക്രമണം നടത്തുന്നവർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും. ബിഎൽഒമാരെ പൊലീസ് സഹായിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ടെന്നും രത്തൻ കേൽക്കർ പറഞ്ഞു. 97 ശതമാനത്തിലധികം എന്യൂമറേഷൻ ഫോമുകളും വിതരണം ചെയ്തുകഴിഞ്ഞു. 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.
എസ്ഐആർ പ്രവർത്തനങ്ങൾ സുഗമമാക്കാൻ അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നാമനിർദേശം ചെയ്ത ബൂത്ത് ലവൽ ഏജന്റുമാരുടെ യോഗം വിളിച്ചു ചേർക്കാനും ബിഎഒമാർക്ക് കേൽക്കർ നിർദേശം നൽകി. പ്രവർത്തനങ്ങളിൽ പരമാവധി കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ഭാവിയിൽ പരാതികൾ ഉണ്ടാവാതിരിക്കുന്നതിനുമാണ് നടപടി. യോഗങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സജീവമായി പങ്കെടുക്കണമെന്ന് രത്തൻ കേൽക്കർ അഭ്യർഥിച്ചു. ബിഎൽഒമാർക്ക് വോട്ടറുടെ സാന്നിധ്യമോ താമസസ്ഥലമോ പരിശോധിച്ച് ഉറപ്പിക്കാൻ കഴിയാത്ത വിഭാഗത്തിൽ ഉൾപ്പെടുന്ന ഫോമുകളുടെ ആകെ എണ്ണം ഇപ്പോൾ 51,085 ആണെന്നും ഈ എണ്ണം വർധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.
പൂരിപ്പിച്ച എന്യൂമറേഷൻ ഫോം ശേഖരിക്കാൻ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ബൂത്ത് ലവൽ ഏജന്റുമാരുടെ (ബിഎൽഎ) സഹായം തേടാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു. ഫോം നൽകിയ ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) തന്നെ അവ ശേഖരിക്കണമെന്ന നിലപാടിലായിരുന്നു കമ്മിഷൻ ഇതുവരെ. ബിഎൽഎമാർക്ക് ദിവസം പരമാവധി 50 ഫോം വീതം ശേഖരിച്ച് ബിഎൽഒമാരെ എൽപിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രാഷ്ട്രീയ പാർട്ടികളെ അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയതും തുടർന്നുള്ള പ്രതിഷേധവുമാണ് പുതിയ തീരുമാനത്തിനു കാരണം.
ഫോമുകൾ ശേഖരിക്കാനായി രാഷ്ട്രീയ പാർട്ടികൾക്ക് കലക്ടർമാരുടെ അറിവോടെ ഹെൽപ് ഡെസ്ക് തുടങ്ങാം. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന ഡിസംബർ 9നു ശേഷം പട്ടികയിൽ പേരു ചേർക്കാൻ പുതിയ അപേക്ഷകളും ദിവസം പത്തെണ്ണം വരെ സ്വീകരിക്കാം. ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ എൽഡിഎഫും യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്.











