
കൊച്ചി: ബിഎൽഎം സൊസൈറ്റിയിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തൽ. നിക്ഷേപകരിൽനിന്ന് സമാഹരിച്ച കോടിക്കണക്കിന് രൂപ ചെയർമാൻ ആർ. പ്രേംകുമാർ സ്വന്തം ആവശ്യങ്ങൾക്കും കുടുംബാംഗങ്ങളുടെ പേരിലേക്കും വകമാറ്റിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് ഇഡി അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രേംകുമാറുമായി ബന്ധപ്പെട്ട 103 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു.
കേരളത്തിലും തമിഴ്നാട്ടിലുമായി പത്തിലധികം കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് നടപടി. മരവിപ്പിച്ച ആസ്തികളിൽ ആഡംബര വാഹനങ്ങൾ, സ്വർണാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ, മറ്റ് സ്ഥാവര-ജംഗമ സ്വത്തുക്കൾ എന്നിവ ഉൾപ്പെടുന്നു.
റോൾസ് റോയ്സ്, പോർഷെ തുടങ്ങിയവയുൾപ്പെടെ ഏകദേശം ഏഴുകോടി രൂപ വിലമതിക്കുന്ന എട്ട് ആഡംബര കാറുകളാണ് പിടിച്ചെടുത്ത ആസ്തികളിൽ പ്രധാനപ്പെട്ടത്. കൂടാതെ 9.6 കോടി രൂപ മൂല്യമുള്ള 7,400 ഗ്രാം സ്വർണവും 1.86 കോടി രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും മരവിപ്പിച്ചിട്ടുണ്ട്.
സൊസൈറ്റിയുടെ 320 ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ 500-ലധികം അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് വൻതോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. നിക്ഷേപകരുടെ പണം വിവിധ അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്ത് ദുരുപയോഗം ചെയ്തതായും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
പരിശോധനകൾക്കുശേഷം പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഇഡി പുറത്തുവിട്ടത്. ആകെ 103 കോടി രൂപയുടെ സ്വത്തുക്കളാണ് നടപടിയുടെ ഭാഗമായി മരവിപ്പിക്കുകയും കണ്ടുകെട്ടുകയും ചെയ്തിരിക്കുന്നത്.










