NEWS
തിരിച്ചടിച്ച്, ജയം പിടിച്ച് ബ്ലാസ്റ്റേഴ്സ്
22/09/2024 10:37 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
HIGHLIGHTS
കൊച്ചി: കൊല്‍ക്കത്തന്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ 2-1ന് തുരത്തി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പതിനൊന്നാം സീസണസില്‍ ആദ്യജയം സ്വന്തമാക്കി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. 88ാം മിനിറ്റില്‍ ക്വാമി പെപ്രയാണ് വിജയഗോള്‍ നേടിയത്. നോഹ സദൂയിയും ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു.
നാല് മാറ്റങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സ് നിരയില്‍. മധ്യനിരയില്‍ വിബിന്‍ മോഹനനും ഡാനിഷ് ഫാറൂഖുമെത്തി. മുന്നേറ്റത്തില്‍ ജീസസ് ജിമെനെസുമെത്തി. പ്രതിരോധത്തില്‍ ഹുയ്ദ്രോം നവോച സിങ്. പഞ്ചാബ് എഫ്സിക്കെതിരെ കളിച്ച മുഹമ്മദ് സഹീഫ്, മുഹമ്മദ് ഐമന്‍, ക്വാമി പെപ്ര, ഫ്രെഡി ലല്ലാംമാവ്മ എന്നിവര്‍ പുറത്തിരുന്നു. ഗോള്‍ വലയ്ക്ക് മുന്നില്‍ സച്ചിന്‍ സുരേഷ് തുടര്‍ന്നു. പ്രതിരോധത്തില്‍ മിലോസ് ഡ്രിന്‍സിച്ച്, സന്ദീപ് സിങ്, പ്രീതം കോട്ടല്‍. മധ്യനിരയില്‍ അലെക്സാന്‍ഡ്രേ കൊയെഫും മുന്നേറ്റത്തില്‍ കെ പി രാഹുലും നോഹ സദൂയിയും തുടര്‍ന്നു. ഈസ്റ്റ് ബംഗാള്‍ വലയ്ക്ക് മുന്നില്‍ പ്രഭ്സുഖന്‍ സിങ് ഗില്‍. പ്രതിരോധത്തില്‍ അന്‍വര്‍ അലി, മുഹമ്മദ് റാകിപ്, ഹെക്ടര്‍ യൂസ്തെ, മാര്‍ക് സൊതാന്‍പുയ. മധ്യനിരയില്‍ സോള്‍ ക്രെസ്പോ, നന്ദകുമാര്‍, മാദിഹ് തലാല്‍, ജീക്സണ്‍ സിങ്. മുന്നറ്റത്തില്‍ ദിമിത്രിയോസ് ഡയമന്റാകോസും മഹേഷ് സിങ്ങും അണിനിരന്നു.
കളിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് ആധിപത്യത്തോടെ പന്ത് തട്ടി. ആറാം മിനിറ്റില്‍ രാഹുലിന്റെ ഇടതുുഭാഗത്തുനിന്നുള്ള ക്രോസ് കൃത്യമായി ബോക്സില്‍ എത്തിയെങ്കിലും ഈസ്റ്റ് ബംഗാള്‍ പ്രതിരോധം കോര്‍ണര്‍ വഴങ്ങി അപകടമൊഴിവാക്കി. എട്ടാം മിനിറ്റിലായിരുന്നു ഒന്നാന്തരം നീക്കം. ഇടതുവശത്ത് സദൂയ് തുടങ്ങിയ നീക്കം ബോക്സിന് മുന്നില്‍ ഡാനിഷ് ഏറ്റുവാങ്ങി ജിമിനെസിന് കൈമാറി. ജിമിനെസിന്റെ വലംകാല്‍ ഷോട്ട് വലതുപോസ്റ്റില്‍ തട്ടിത്തെറിച്ചു.
മറുവശത്ത് ഈസ്റ്റ് ബംഗാള്‍ നീക്കങ്ങളെ കോട്ടലും ഡ്രിന്‍സിച്ചും ഉള്‍പ്പെടെയുള്ള പ്രതിരോധം കൃത്യമായി തടഞ്ഞു. ഇതിനിടെ നന്ദകുമാറിന്റെയും തലാലിന്റെയും ക്ലോസ് റേഞ്ചില്‍ വച്ചുള്ള ഗോള്‍ ശ്രമങ്ങളെ സച്ചിന്‍ സുരേഷ് തകര്‍പ്പന്‍ സേവുകളിലൂടെ തടയുകയും ചെയ്തു. 32ാം മിനിറ്റില്‍ ബോക്സില്‍നിന്നുള്ള മഹേഷ് സിങ്ങിന്റെ കരുത്തുറ്റ ഷോട്ടിനെ കാലുകൊണ്ട് തടുത്തിട്ട സച്ചിന്‍ തൊട്ടടുത്ത മിനിറ്റില്‍ ക്രെസ്പോയുടെ ഷോട്ടും പിടിച്ചെടുത്തു. 39ാം മിനിറ്റില്‍ സന്ദീപ് സിങ്ങിന്റെ മനോഹരമായ ക്രോസ് ബോക്സിലേക്ക് പറന്നെങ്കിലും ക്ലോസ് റേഞ്ചിലുണ്ടായിരുന്ന രാഹുലിന് തലവയ്ക്കാനായില്ല. ആദ്യപകുതി ഗോളില്ലാതെ അവസാനിച്ചു.
ഇടവേളയ്ക്കുശേഷം നോഹയുടെ ക്രോസുകള്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തെ കാര്യമായി പരീക്ഷിച്ചു. ഇതിനിടെ പി വി വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാള്‍ ലീഡ് നേടി. സന്ദീപ് സിങ്ങില്‍നിന്ന് പന്ത് റാഞ്ചിയ നന്ദകുമാര്‍ ഡയമന്റാകോസിന് പാസ് നല്‍കി. ഡയമന്റാകോസ് വിഷ്ണുവിലേക്ക്. സച്ചിന്‍ സുരേഷിന് വിഷ്ണുവിനെ തടയാനായില്ല. ആ ഗോള്‍ ബ്ലാസ്റ്റേഴ്സിനെ ഉണര്‍ത്തി. ഉടന്‍തന്നെയായിരുന്നു തിരിച്ചടി. ഗോള്‍ വഴങ്ങി നാല് മിനിറ്റിനുള്ളില്‍ കിടിലന്‍ പ്രത്യാക്രമണം. ഇടതുപാര്‍ശ്വത്തില്‍ നവോച്ച കുത്തിയിട്ടുനല്‍കിയ പന്തുമായി സദൂയ് വേഗത്തില്‍ കുതിച്ചു. പ്രതിരോധ കളിക്കാരെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞു. ഒടുവില്‍ ബോക്സില്‍ കയറി ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ഗില്ലിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലേക്ക് തൊടുത്തു. ആരാധകര്‍ കാത്തിരുന്ന നിമിഷം പിറക്കുകയായിരുന്നു.
പിന്നാലെ മാറ്റങ്ങള്‍ വന്നു. സന്ദീപിന് പകരം മുഹമ്മദ് ഐമനും ഡാനിഷിന് പകരം അയ്ബന്‍ബ ദോഹ്ലിങ്ങുമെത്തി. ക്വാമി പെപ്രയും മുഹമ്മദ് അസ്ഹറുമെത്തിയപ്പോള്‍ ജമിനെസും വിബിനും പിന്‍വാങ്ങി. 75ാം മിനിറ്റില്‍ ഐമന്റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. അവസാന മിനിറ്റുകളില്‍ തകര്‍പ്പന്‍ ആക്രമണക്കളിയാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. പെപ്രയും ഐമനും രാഹുലും സദൂയിയും ചേര്‍ന്ന് ഈസ്റ്റ് ബംഗാള്‍ പ്രതിരോധത്തെ വട്ടംകറക്കി. 88-ാം മിനിറ്റില്‍ വിജയഗോളെത്തി. ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധപ്പിഴവ് മുതലെടുത്ത് രാഹുലാണ് തുടക്കംകുറിച്ചത്. രാഹുലില്‍നിന്ന് ഐമനിലേക്ക്. ബോക്സില്‍വച്ച് പെപ്ര പന്ത് നിയന്ത്രിച്ചു. ഒട്ടും ധൃതി കാട്ടാതെ ഈ ഘാനന്‍ മുന്നേറ്റക്കാരന്‍ ഇടംകാല്‍കൊണ്ട് പന്ത് അടിച്ചു. നിലംപറ്റിയ ഷോട്ട് വലയില്‍കയറി. ആ ഗോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നു. തൊട്ടടുത്ത നിമിഷം കൊയെഫിന് പകരം ഫ്രെഡി കളത്തിലെത്തി. അവസാന നിമിഷംവരെ ആക്രമിച്ചുകളിച്ച ബ്ലാസ്റ്റേഴ്സ് അര്‍ഹിച്ച ജയവുമായാണ് മടങ്ങിയത്.
ഈ മാസം 29ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുയാണ് അടുത്ത കളി. കൊച്ചിയില്‍ ഒക്ടോബര്‍ 25നാണ് അടുത്ത മത്സരം. ബംഗളൂരു എഫ്സിയെ നേരിടും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.