02:53am 10 November 2026
NEWS
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ലാഹോറിൽ സ്ഫോടന പരമ്പര
08/05/2025  10:35 AM IST
nila
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ലാഹോറിൽ സ്ഫോടന പരമ്പര

പാകിസ്ഥാനിലെ ലാഹോറിൽ സ്ഫോടന പരമ്പരയെന്ന് റിപ്പോർട്ട്. ലാഹോറിലെ വാൾട്ടൺ എയർഫീൽഡിന് സമീപം മൂന്നു തവണ സ്ഫോടനമുണ്ടായെന്നാണ് റിപ്പോർട്ട്. ഡ്രോൺ ആക്രമണമാണ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഡ്രോൺ വെടിവച്ചിട്ടെന്ന് പാകിസ്ഥാൻ പൊലീസ് അവകാശപ്പെട്ടു. 

വാൾട്ടൺ വിമാനത്താവളത്തിന് സമീപത്ത് ഉഗ്രസ്‌ഫോടനമുണ്ടായെന്നാണ് റിപ്പോർട്ട്. അന്തരീക്ഷമാകെ പുക നിറഞ്ഞു നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഉ​ഗ്ര സ്ഫോടനത്തിന്റെ ശബ്ദം കേട്ടെന്നും പുക ഉയരുന്നത് കണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്ത് അപായ സൈറൺ മുഴങ്ങുന്നതിന്റേയും പുക ഉയരുന്നതിന്റേയും ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. സൈനിക വിമാനത്താവളത്തിന് തൊട്ടടുത്താണ് സ്ഫോടന പരമ്പര. അതീവ സുരക്ഷാ മേഖലയിൽ സ്‌ഫോടനമുണ്ടായി എന്നതിൽ പാകിസ്താൻ നടുങ്ങിയിരിക്കുകയാണ്.

അത്യുഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളാണ് വാൾട്ടൺ എയർഫീൽഡിന് സമീപം പൊട്ടിത്തെറിച്ചതെന്നാണ് പാക് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. 5 മുതൽ 6 അടി വരെ വലുപ്പമുള്ള ഡ്രോൺ വെടിവച്ചിട്ടെന്നാണ് പൊലീസിന്റെ അവകാശവാദം. പൊട്ടിത്തെറി ശബ്ദമുണ്ടായതോടെ പ്രദേശത്തുനിന്ന് ആളുകൾ പരിഭ്രാന്തരായി ഇറങ്ങിയോടുന്നതായുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം പാകിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങൾ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് തൊട്ടുപിന്നാലെ പാകിസ്താൻ ആർമിക്ക് വൻ പ്രഹരമായി പാകിസ്ഥാനിൽ ആഭ്യന്തര സംഘർഷങ്ങളും നടക്കുകയാണ്. ബലൂച് ലിബറേഷൻ ആർമി പാക് ആർമി വാഹനം തകർത്തുവെന്നാണ് വിവരം. ആക്രമണത്തിൽ 12 പാക് സൈനികർ മരിച്ചു. റിമോട്ട് കൺട്രോൾ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യ പ്രത്യാക്രമണം നടത്തിയ പശ്ചാത്തലത്തിൽ ബലൂചിസ്ഥാൻ വിമോചന പോരാളികൾ പാക് സൈന്യത്തിനെതിരെ ശക്തമായ ആക്രമണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img