07:27am 10 November 2026
NEWS
ഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന്
30/06/2025  03:57 PM IST
nila
ഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന്

ഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നെന്ന് റിപ്പോർട്ട്. കൂടപ്പുലം തെരുവയിൽ വിഷ്ണു എസ്.നായർ (36),  ഭാര്യ രശ്മി സുകുമാരൻ (35) എന്നിവരാണ് വാടക വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. കെട്ടിട നിർമ്മാണ കരാറുകാരനായ വിഷ്ണുവിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് വിവരം.  കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ യുവാക്കൾ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മർദിച്ചെന്ന ആരോപണം ഉയരുന്നുണ്ട്.

ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ് രശ്മി. ജോലിയുടെ ഭാഗമായി ഹോസ്റ്റലിൽ താമസിക്കുന്ന രശ്മിയെ അവിടെയെത്തി ബ്ലേഡ് മാഫിയ അവഹേളിച്ചെന്നും കുടുംബാംഗങ്ങൾ പറയുന്നു. വിഷ്ണുവിന് കോവിഡിനു ശേഷമാണ് സാമ്പത്തിക ബാധ്യതയുണ്ടായത്. ബ്ലേഡ് മാഫിയയുടെ കെണിയിൽപ്പെട്ട ഇവർ നിരന്തരം ഭീഷണി നേരിട്ടിരുന്നു. ചെറുകിട കരാർ ഏറ്റെടുത്ത് തന്നാലാവും വിധം ബ്ലേഡ് മാഫിയ സംഘങ്ങൾക്ക് പലിശ നൽകി മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്നലെ കടുത്തുരുത്തി സംഘത്തിന്റെ ഭീഷണിയും മർദനവും ഉണ്ടായത്.  

യൂത്ത് കോൺഗ്രസിന്റെ രാമപുരം മുൻ മണ്ഡലം പ്രസിഡന്റായിരുന്നു വിഷ്ണു. ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആരോപണം അന്വേഷിക്കുന്നതിന്റെ ഭാഗമായി വീട്ടിലെ സിസിടിവി പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img