
ബംഗളുരു: അംഗീകാരമുള്ളവയെക്കാൾ എത്രയോ ഇരട്ടി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കർണാടകത്തിൽ പ്രവർത്തിക്കുന്നുണ്ട്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നാണിവ അറിയപ്പെടുന്നത്. അത്തരം സ്ഥാപനങ്ങൾക്ക് സംസ്ഥാനാടിസ്ഥാനത്തിൽ സംഘടനയും അധികാരത്തിന്റെ ഉന്നതങ്ങളിൽ സ്വാധീനവുമുണ്ട്. രജിസ്റ്റർ ചെയ്യാതെയും സംഘടനയിൽ അംഗമാകാതെയും പണമിടപാട് നടത്തുന്ന വ്യക്തികളും സംഘങ്ങളും നിരവധിയുണ്ട്. ഇവയൊക്കെ അമിത പലിശ ഈടാക്കി വായ്പ നൽകും. ബ്ലാങ്ക് ചെക്കിന് പുറമെ രേഖകളിൽ ഒപ്പിട്ടുവാങ്ങിയുമാണ് ചെറിയ തുക പോലും വായ്പയായി നൽകുക. തിരിച്ചടവ് മുടങ്ങിയാൽ ഭീഷണിയും ഉപദ്രവവും ആരംഭിക്കുകയായി. മുടങ്ങിയ അടവ് അടുത്ത മാസം തിരിച്ചടക്കുമ്പോൾ ഉയർന്ന പിഴ പലിശ ഈടാക്കും. റിസർവ്വ് ബാങ്കിന്റെ ചട്ടങ്ങളോ രാജ്യത്ത് നിലവിലുള്ള നിയമങ്ങളോ പാലിക്കാതെയാണ് പണമിടപാടുകൾ നടക്കുന്നത്. ഒരേ സ്ഥലത്തുതന്നെ നിരവധി സ്ഥാപനങ്ങൾ മുളച്ചുപൊങ്ങുകയും പ്രലോഭനം ശക്തമാവുകയും ചെയ്യുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാരൻ ഒന്നിലേറെ വായ്പകൾ എടുത്തുപോകും. സ്ഥിരവരുമാനം ഇല്ലാത്തവർക്കും രോഗം മൂലമോ മറ്റു കാരണങ്ങളാലോ പ്രയാസപ്പെടുന്നവർക്കും വായ്പ തിരിച്ചടക്കാൻ സാധിക്കാതെ വരുന്നു. അടവ് തെറ്റിയാൽ ഒന്നോ രണ്ടോ മാസം കൊണ്ടുതന്നെ വലിയ തുക ബാധ്യതയായി മാറുന്നു. അത്തരം സന്ദർഭങ്ങളിൽ വായ്പ തിരിച്ചുപിടിക്കാനുള്ള ചുമതല ബ്ലേഡ് കമ്പനികൾ കമ്മീഷൻ അടിസ്ഥാനത്തിൽ ഗുണ്ടാസംഘങ്ങളെ ഏൽപ്പിക്കുന്നു. വായ്പ ഏതുവിധത്തിലും തിരിച്ചുപിടിക്കാൻ തയ്യാറുള്ള നൂറുകണക്കിന് ഗുണ്ടാ സംഘങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ഒരു നിയമവും ആക്രമണസ്വഭാവത്തോടെ പെരുമാറുന്ന ഗുണ്ടാ സംഘങ്ങൾക്ക് ബാധകമല്ല. ദിവസം മൂന്നും നാലും തവണ ഇവർ വീട്ടിലെത്തും. സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തും. വായ്പ അടവ് മുടങ്ങിയവർക്ക് സ്വന്തം വീട്ടിൽ കയറാനാവില്ല. അതിക്രൂരമായ പീഡനമാണ് വായ്പയുടെ പേരിൽ നടക്കുന്നത്. ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് ഗവണ്മെന്റ് ഇക്കാര്യം ഗൗരവമായെടുത്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് പ്രശ്നം വിശദമായി ചർച്ച ചെയ്തു. മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാൻ അവർക്ക് കഴിഞ്ഞില്ല.സംസ്ഥാനത്ത് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി തന്നെയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ആഭ്യന്തരമന്ത്രി ഡോക്ടർ പരമേശ്വര, നിയമമന്ത്രി എച്ച് കെ പാട്ടീൽ എന്നിവരും റിസർവ്വ് ബാങ്ക് പ്രതിനിധികളും മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്തു. വായ്പ എടുത്തതിന്റെ പേരിൽ ഭീഷണി നേരിടുന്നവരുടെ പരാതി ലഭിച്ചാൽ സത്വര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകി. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ ചൂഷണവും അതിക്രമവും തടയാനായി പുതിയ നിർമ്മാണത്തിന് ഒരുങ്ങുകയാണ് സിദ്ധരാമയ്യ ഗവണ്മെന്റ്.
Photo Courtesy - Google











