
സംസ്ഥാനത്ത് കരിഞ്ചന്തയിൽ ഗ്യാസ് സിലിൻഡർ കച്ചവടം വ്യാപകമാകുന്നതായി കണ്ടെത്തൽ. പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെയാണ് കേരളത്തിന്റെ പല ഭാഗങ്ങളിലും കരിഞ്ചന്തയിൽ ഗ്യാസ് സിലിൻഡർ കച്ചവടം പൊടിപൊടിക്കുന്നത്. അനധികൃതമായി ഗ്യാസ് നിറച്ച് വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾക്കെതിരെ സപ്ലൈ-എൻഫോഴ്‌സ്‌മെന്റ് സംഘങ്ങൾ സംയുക്തമായി റെയ്ഡുകൾ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതിനോടകം ഏകദേശം 3000 സിലിൻഡറുകൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
ഇതിൽ തെക്കൻ മേഖലയിലൊന്നിൽ നിന്നുമാത്രം ആയിരത്തിലധികം സിലിൻഡറുകൾ പിടിച്ചെടുത്തതായും വിവരമുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നടത്തിയ പരിശോധനകളിലാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട്. വാണിജ്യ സിലിൻഡറുകളിലാണ് കൂടുതലായും ക്രമക്കേടുകൾ നടക്കുന്നത്. ഇവ എവിടെയും വിൽക്കാമെന്ന സൗകര്യം ദുരുപയോഗം ചെയ്ത്, ഗാർഹിക സിലിൻഡറുകളിൽ നിന്നുള്ള ഗ്യാസ് മാറ്റി വിൽക്കുന്ന രീതിയും വ്യാപകമാണ്.
നാല് സിലിൻഡറുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താവിന് ഒരെണ്ണം മാത്രം നൽകുകയും ബാക്കി സിലിൻഡറുകളിൽ നിന്നുള്ള ഗ്യാസ് മാറ്റി മറ്റൊന്നിലേക്ക് നിറയ്ക്കുകയും ചെയ്യുന്ന തട്ടിപ്പ് രീതിയും കണ്ടെത്തി. 19 കിലോയ്ക്ക് പകരം കുറഞ്ഞ അളവിൽ ഗ്യാസ് നിറച്ച് വിൽക്കുന്നതും സാധാരണമാണ്.
ഗാർഹിക സിലിൻഡർ നീണ്ടുനിൽക്കുന്ന ഉപഭോക്താക്കളെ ഇടയ്ക്ക് ബുക്ക് ചെയ്യിപ്പിച്ച് അവയിൽ നിന്നുള്ള ഗ്യാസ് വാണിജ്യ സിലിൻഡറുകളിലേക്ക് മാറ്റുന്നതും നടക്കുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ചില ഗ്യാസ് ഏജൻസികളിലെ ജീവനക്കാരും ഡ്രൈവർമാരും ഈ തട്ടിപ്പിൽ പങ്കാളികളാകുന്നതായും, സ്വകാര്യ ഏജൻസികളുടെ മറവിൽ പ്രവർത്തനങ്ങൾ നടക്കുന്നതായും അധികൃതർ സംശയിക്കുന്നു.










