04:39pm 13 September 2026
NEWS
തലസ്ഥാനം പിടിക്കാൻ മുൻമന്ത്രിയോ? ബി.ജെ.പിയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ; പ്രധാനമായും ലക്ഷ്യമിടുന്നത് രണ്ടു തദ്ദേശസ്ഥാപനങ്ങൾ
07/02/2025  08:43 PM IST
അനീഷ് മോഹനചന്ദ്രൻ
തലസ്ഥാനം പിടിക്കാൻ മുൻമന്ത്രിയോ? ബി.ജെ.പിയുടെ മാസ്റ്റർ പ്ലാൻ ഇങ്ങനെ; പ്രധാനമായും ലക്ഷ്യമിടുന്നത് രണ്ടു തദ്ദേശസ്ഥാപനങ്ങൾ

തദ്ദേശ തിരഞ്ഞെടുപ്പ് ഇങ്ങ് പടിവാതിൽക്കൽ എത്തി. ഇക്കുറി ബി.ജെ.പി. കേരളത്തിൽ പ്രധാനമായും ലക്ഷ്യമിടുന്നത് രണ്ട് തദ്ദേശസ്ഥാപനങ്ങളാണ്. അതിൽ പ്രധാനം നിലവിൽ ബി.ജെ.പി. തന്നെ ഭരിക്കുന്ന പാലക്കാട് നഗരസഭ നിലനിർത്തുക എന്നതാണ്. രണ്ടാമത്തെ ലക്ഷ്യം തലസ്ഥാന ജില്ലയിൽ കഴിഞ്ഞതവണ ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടമായ നഗരസഭാ ഭരണം പിടിക്കുക. അതിനുവേണ്ടി അവർ ഒരു മുൻകേന്ദ്രമന്ത്രിയെ മേയർ സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടുമോ? അത്ഭുതപ്പെടേണ്ട. അത്തരത്തിലൊരു നീക്കം ബി.ജെ.പിക്കുള്ളിൽ നടക്കുന്നുണ്ട്. മുൻ വിദേശകാര്യസഹമന്ത്രിയും ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന വി.മുരളീധരന്റെ പേരാണ് ബി.ജെ.പി. പരിഗണിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ വി.മുരളീധരന് ഇതിനോട് ഒട്ടും താത്പര്യമില്ലെന്നും, അദ്ദേഹത്തെ മേയർസ്ഥാനത്ത് തളച്ചിടാൻ ചില തത്പരകക്ഷികൾ കുത്സിതനീക്കം നടത്തുന്നതായുമാണ് ലഭ്യമാകുന്ന വിവരം.

അനന്തപുരിയിലെ കളികൾ

തിരുവനന്തപുരം നഗരസഭയിൽ ആകെ 100 സീറ്റുകളാണുള്ളത് (ഇക്കുറി അത് 101 ആയി ഉയർന്നേക്കും). ഇതിൽ 52 സീറ്റുകളുമായി ഇടതുമുന്നണിയാണ് ഭരിക്കുന്നത്. അതായത് കേവല‘ഭൂരിപക്ഷത്തേക്കാൾ ഒരു സീറ്റ് അധികം. ഇവിടെ കാലങ്ങളായി മുഖ്യപ്രതിപക്ഷമായിരുന്ന യു.ഡി.എഫിനെ മൂന്നാം സ്ഥാനത്തേയ്ക്കു തള്ളി (10 സീറ്റ്) 2020 ൽ ബി.ജെ.പി. ഒറ്റയ്ക്ക് 35 സീറ്റ് നേടി മുഖ്യപ്രതിപക്ഷമായി മാറുകയായിരുന്നു. ബി.ജെ.പി. ജില്ലാ പ്രസിഡന്റുകൂടിയായ വി.വി. രാജേഷാണ് പ്രതിപക്ഷനേതാവ്. ബി.ജെ.പിക്കകത്തെ ചില ആഭ്യന്തരപ്രശ്‌നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ അവർ ഒരുപക്ഷേ 50 ൽപ്പരം സീറ്റ് നേടി കഴിഞ്ഞതവണ അട്ടിമറിജയം നേടുമായിരുന്നു. കാരണം ബി.ജെ.പി. പലയിടങ്ങളിലും നാമമാത്രമായ വോട്ടുകൾക്കായിരുന്നു തോറ്റത്. കോൺഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങളും അവർക്ക് അനുകൂലസാഹചര്യമൊരുക്കിയിരുന്നു.

നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ശക്തികേന്ദ്ര മണ്ഡലങ്ങളായ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം ബി.ജെ.പിക്കും ആർ.എസ്.എസിനും ശക്തമായ വേരോട്ടമുണ്ട്. ഇതിലവർ ലേശം പിന്നോട്ട് നിൽക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിലെ കോസ്റ്റൽ ഏരിയയിൽ മാത്രമാണ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം എന്തു വിലകൊടുത്തും ഇത്തവണ പിടിക്കണം എന്നത് ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ കൂടി താത്പര്യമാണ്. കാരണം ഇക്കുറി തിരുവനന്തപുരം നഗരസഭയുടെ ഭരണം നേടാനായാൽ 2026 ൽ ഉറപ്പായും നേമത്തും കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും ബി.ജെ.പിക്ക് ജയിച്ചുകയറാനാകുമെന്ന് അവർ കരുതുന്നു. ഈ സാഹചര്യത്തിൽ മികച്ചൊരു നേതാവിനെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്.

ഏതാണ്ട് ഇതേസമയത്ത് തന്നെയാണ് ബി.ജെ.പിക്ക് പുതിയ സംസ്ഥാന അദ്ധ്യക്ഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നത്. നിലവിലെ പ്രസിഡന്റ് കെ.സുരേന്ദ്രനെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ മറുഭാഗം സുരേന്ദ്രന് ഒരു ടേം കൂടി നൽകണമെന്ന വാശിയിലാണ്. ഇതിനിടെ ചിലർ മൂന്നാംചേരി രൂപീകരിച്ച് തങ്ങളെ പരിഗണിക്കണമെന്ന വാദവുമായി കേന്ദ്രത്തിലേക്ക് വണ്ടികയറുകയും ചെയ്തു. എന്നാൽ ഇതിലൊന്നും ഉൾപ്പെടാത്ത ചില ഫോർമുലകളാണ് ആർ.എസ്.എസ്. നേതൃത്വം മുന്നോട്ടുവെച്ചത്. ഇവിടെ കേന്ദ്രനേതൃത്വവും ആർ.എസ്.എസ്. നേതൃത്വവും ഒരുപോലെ ആശയക്കുഴപ്പത്തിലാണ്. ഈ സാഹചര്യത്തിൽ സമവായ ഫോർമുല എന്ന നിലയ്ക്ക ്‌വി.മുരളീധരന്റെ പേരും കേന്ദ്രത്തിന്റെ മുന്നിൽ എത്തിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രത്തിലെ ചില താക്കോൽ സ്ഥാനങ്ങളിലാണ് താത്പര്യമെന്നറിയുന്നു. ഇനി ഒരുവേള മുരളീധരന്റെ സാദ്ധ്യത തിരിച്ചറിഞ്ഞ് കേന്ദ്രം എന്തെങ്കിലും കടുത്തതീരുമാനം കൈക്കൊള്ളുമോ എന്ന ആശങ്കയുള്ള ചിലർ അദ്ദേഹത്തെ മേയർ സ്ഥാനാർത്ഥിയായി പരിഗണിച്ചുകൂടേ എന്ന ചോദ്യം കേന്ദ്രത്തിന് മുന്നിലിട്ടതായാണ് സൂചന.

മുരളീധരനെ സംബന്ധിച്ചിടത്തോളം അതൊരു തരംതാഴ്ത്തലാണ്. എന്നാൽ ബി.ജെ.പിയുടെ സംഘടനാ സംവിധാനം വെച്ച് ഏത് പദവി നൽകിയാലും അതേറ്റെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. അങ്ങിനെ വരുമ്പോൾ കേന്ദ്രം കണ്ണുരുട്ടിയാൽ തന്റെ വ്യക്തിപരമായ വിയോജിപ്പുകൾ മുരളീധരന് മാറ്റിവെയ്‌ക്കേണ്ടി വരും. ഇത് നന്നായി അറിയാവുന്ന ചിലരാണ് അദ്ദേഹത്തെ മേയർസ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടണമെന്ന് ആവശ്യപ്പെട്ടതത്രേ. എന്നാൽ ഇക്കാര്യത്തിൽ ഒരു മലക്കംമറിച്ചിൽ നടത്താൻ തന്നാലാകുന്നതെല്ലാം മുരളീധരൻ ചെയ്യുന്നുണ്ട്. അതേസമയം, തന്നിലൂടെ തിരുവനന്തപുരം നഗരസഭ‘ പിടിക്കാൻ സാധിച്ചാൽ അത് മുരളീധരന്റെ രാഷ്ട്രീയജീവിതത്തിലെ പൊൻതൂവലായി മാറും എന്നുറപ്പാണ്. ഒരുവേള ഭരണം ലഭിച്ച് മേയറായാലും അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാകുന്നതിൽ തടസ്സമില്ല. തുടർന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാലും ബി.ജെ.പിയുടെ കൈകളിൽ നഗരസഭ ഭദ്രമാകും.

ഒരിക്കൽ നഗരസഭ‘ പിടിച്ചാൽ സ്മാർട്‌സിറ്റി ഉൾപ്പെടെയുള്ള കേന്ദ്രപദ്ധതികൾ പലതും തലസ്ഥാനത്ത് പൂർണ്ണസജ്ജമാക്കി വികസനത്തിന്റെ അംബാസഡർമാരായി മാറാൻ തങ്ങൾക്ക് സാധിക്കുമെന്നും, അതിലൂടെ പാലക്കാട ്‌മോഡൽ തുടർഭരണം സാദ്ധ്യമാകുമെന്നും ബി.ജെ.പി. നേതൃത്വം കരുതുന്നു. അങ്ങിനെ നഗരസഭ‘ പിടിക്കണമെങ്കിൽ ഒരു കരിസ്മാറ്റിക് ആയ ലീഡർ ബി.ജെ.പിക്ക് ആവശ്യമാണ്. തലസ്ഥാനത്ത് നിരവധി നേതാക്കൻമാർ ബി.ജെ.പിക്കുണ്ടെങ്കിലും കരിസ്മാറ്റിക ്എന്നുപറയാൻ സാധിക്കുന്ന ഒരാൾ ഇല്ല. ഇതുതന്നെയാണ് മുരളീധരന്റെ സാദ്ധ്യതകളെ സജീവമാക്കി നിർത്തുന്നതും.

മേയർ ആര്യാരാജേന്ദ്രൻ ഉൾപ്പെടെയുള്ള പല സി.പി.എം. നേതാക്കൻമാർക്കെതിരെയും തലസ്ഥാനത്ത് ജനവികാരം ശക്തമാണ്. മേയറായി ഉയർത്തിക്കാട്ടാവുന്ന പല നല്ല നേതാക്കൻമാരും വെട്ടിനിരത്തലിലൂടെ ഒതുക്കപ്പെട്ടു കഴിഞ്ഞു. പലർക്കും പ്രായപരിധിയും പ്രശ്‌നമാണ്. മാത്രമല്ല മണ്ഡല പുനഃനിർണ്ണയം വോട്ടിംഗ് ശതമാനത്തെ എങ്ങിനെ സ്വാധീനിക്കും എന്നതും നിശ്ചയമുള്ള കാര്യമല്ല. ഇത് സി.പി.എമ്മിന് ലേശം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല തലസ്ഥാനത്തെ കോൺഗ്രസ് തീരെ ദുർബലമാണ്. ഉമ്മൻചാണ്ടിയുടെ കാലശേഷം തലസ്ഥാനത്തെ കാര്യങ്ങൾ പാർട്ടിക്ക് അത്ര ശുഭകരമായിട്ടല്ല മുന്നോട്ടു പോകുന്നത്. ഡി.സി.സി. പ്രസിഡന്റ് എന്ന നിലയിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയുടെ പ്രവർത്തനങ്ങളും അത്രകണ്ട് തൃപ്തികരമല്ല. ഇതൊക്കെയാണ് ബി.ജെ.പിയുടെ മനസ്സിൽ ലഡു പൊട്ടിക്കുന്ന സംഗതികൾ. എന്നാൽ വാർഡ് വിഭജന കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുമെന്നാണ് സി.പി.എം. വൃത്തങ്ങളുടെ പ്രത്യാശ.

കക്ഷത്തിരിക്കുന്നത്

പോകരുത്?

ഉത്തരത്തിലുള്ളത് കിട്ടിയില്ലേലും വേണ്ടില്ല കക്ഷത്ത് ഇരിക്കുന്നത് കൈവിട്ട് പോകരുത് എന്നതും കേന്ദ്രത്തിന്റെ നിർദ്ദേശങ്ങളിൽപ്പെടുന്നു. അതായത് തലസ്ഥാനം പിടിച്ചില്ലെങ്കിലും കൈയിലിരിക്കുന്ന പാലക്കാട് നഷ്ടമാകരുത് എന്നാണ് കേന്ദ്രനിർദ്ദേശം. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയാണ ്ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെയ്ക്കാൻ കാരണം. പുറമേ എന്തൊക്കെ പറഞ്ഞാലും ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർത്ഥി നിർണ്ണയമാണ് തിരിച്ചടി ആയത് എന്ന് എല്ലാ ബി.ജെ.പി. പ്രവർത്തകർക്കും നല്ല നിശ്ചയമുണ്ട്. സി. കൃഷ്ണകുമാറിനെതിരെ അവിടെ ജനരോക്ഷം അത്രകണ്ട് ശക്തമാണ്. ബി.ജെ.പി. പ്രവർത്തകർക്കുപോലും അദ്ദേഹത്തോട് നീരസ്സമാണ്. ഈ സാഹചര്യത്തിൽ ഇത്തവണ പാലക്കാട്ട് കൃഷ്ണകുമാറിനെ പുറത്തിറക്കരുത് എന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. അദ്ദേഹത്തിന്റെ ചിത്രം പോസ്റ്ററിൽ കണ്ടാൽ നഗരസഭയുടെ ഭരണംപോലും കൈവിട്ടുപോകുമെന്നതാണ് ശരാശരി പ്രവർത്തകരുടെ ചിന്ത.

പാലക്കാട് നിന്നുള്ള പൾസ് കേന്ദ്രത്തിനും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവിടെ ശക്തമായ ഒരു മുഖം പാർട്ടി തേടുന്നുണ്ട്. കൃഷ്ണകുമാർ കഴിഞ്ഞാൽ പിന്നെ സന്ദീപ് വാര്യർ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. വാര്യർ മറുകണ്ടം ചാടിയതോടെ അദ്ദേഹം ഒരുപക്ഷേ കോൺഗ്രസ്ടിക്കറ്റിൽ പാലക്കാട്ട് ഗോദയിൽ ഇറങ്ങിയാലും അത്ഭുതപ്പെടാനില്ല. അങ്ങിനെയെങ്കിൽ അത് ബി.ജെ.പിക്ക് അഭിമാനപ്പോരാട്ടമാകും. അത്തരമൊരു സാഹചര്യത്തിൽ ശോഭാസുരേന്ദ്രനെപ്പോലെ ഒരു ഫയർ ബ്രാന്റിനെ രംഗത്തിറക്കി വാര്യരെ പൊട്ടിക്കാനും നഗരസ‘ നിലനിർത്താനുമാകും കേന്ദ്രം താത്പര്യപ്പെടുക. തിരുവനന്തപുരം മോഡലിൽ ശോഭയെ പാലക്കാട് നിർത്തി തിരഞ്ഞെടുപ്പ് ജയിച്ചാൽ അവരെത്തന്നെ 2026 ൽ നിയമസഭയിലേക്കും പരീക്ഷിക്കാം. ഇതിലൂടെ പാർട്ടി ഒരു വെടിക്ക് രണ്ട് പക്ഷി ലൈനിലാണ് ചിന്തിക്കുന്നതത്രേ.

എന്നാൽ ശോഭയ്‌ക്കെതിരെ സുരേന്ദ്രപക്ഷം ശക്തമായി നിൽക്കുന്ന സാഹചര്യത്തിൽ ഇതൊക്കെ എത്രത്തോളം പ്രാവർത്തികമാകും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. അതേസമയം, സംസ്ഥാന പ്രസിഡന്റ് കസേരയിൽ താത്പര്യമുള്ള ശോഭയെ ഒതുക്കാൻ പറ്റിയ അവസരമായി എതിർചേരി ഇതിനെ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല. ഏതായാലും കേരളത്തിലെ കാര്യങ്ങൾ പഠിക്കാനും സാദ്ധ്യതകൾ വിലയിരുത്താനും കേന്ദ്രം പ്രമുഖ തിരഞ്ഞെടുപ്പ് പഠന ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും കാര്യങ്ങളിൽ അന്തിമതീരുമാനം എടുക്കുക. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിൽ ഒരു തീരുമാനമായാൽ ഉടൻതന്നെ അടുത്ത നടപടികളിലേക്ക് കടക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img