കളി നന്നായി പഠിച്ചിട്ടാണ് വരവ്

എമ്പുരാൻ വിവാദത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളെ രാജീവ് നേരിട്ട രീതി മികച്ച ഉദാഹരണമായി കാണാം. സിനിമയെ സിനിമയായി കണ്ടാൽ മതിയെന്നും അക്കാര്യം...
തിരുവനന്തപുരം : തങ്ങൾക്കുവേണ്ട വിവരങ്ങൾ രാഷ്ട്രീയക്കാരിൽ നിന്നും ചോര്‍ത്തി എടുക്കാൻ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു പ്രത്യേക താത്പര്യമാണ്, വിശേഷിച്ച് ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്ക്. രാഷ്ട്രീയനേതാക്കളിൽ ചിലര്‍ ഇതിന്റെ സാദ്ധ്യത തങ്ങൾക്ക് അനുകൂലമാക്കി മാറ്റുമ്പോൾ ചിലര്‍ മാധ്യമങ്ങൾ വിരിക്കുന്ന കുഴിയിൽ വീണ് പണി വാങ്ങിക്കൂട്ടുകയും ചെയ്യും. കേന്ദ്രമന്ത്രി സുരേഷ്ഗോപി ഇക്കാര്യത്തിൽ മുന്നിലാണ്. മാധ്യമങ്ങൾക്ക് മുന്നിൽ അതിനാടകീയമായി സംസാരിക്കുന്ന സുരേഷ്ഗോപി പലപ്പോഴും വേണ്ടാത്ത പ്രതികരണങ്ങൾ നടത്തി പുലിവാല് പിടിക്കുന്ന കൂട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പ്രതികരണങ്ങൾക്കായി മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചത്. എന്നാൽ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന അജണ്ടയിൽ താൻ വീഴില്ല എന്ന കൃത്യമായ സന്ദേശം അദ്ദേഹം നൽകി. ഇതിലൂടെ ഒരുകാര്യം വ്യക്തമായി - രാജീവ് ചന്ദ്രശേഖറിൽ നിന്നും ആരും സുരേഷ് ഗോപി സ്റ്റൈൽ പ്രതീക്ഷിക്കരുത്.
എമ്പുരാൻ വിവാദത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളെ രാജീവ് നേരിട്ട രീതി മികച്ച ഉദാഹരണമായി കാണാം. സിനിമയെ സിനിമയായി കണ്ടാൽ മതിയെന്നും അക്കാര്യം പാര്‍ട്ടി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി. രമേശ് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും എന്ന ഭാവേന മറുചോദ്യങ്ങൾക്ക് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരോട് നിങ്ങൾ തന്നെ ചോദ്യവും ഉത്തരവും പറയുന്നതെന്തിന് എന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. പാര്‍ട്ടി അനുഭാവികളോ അല്ലാത്തവരോ സൈബര്‍ ഇടങ്ങളിൽ പ്രതികരിക്കുന്നുണ്ടെങ്കിൽ അതിനുള്ള മറുപടി അവരോടാണ് ചോദിക്കേണ്ടത് എന്ന് പറഞ്ഞ രാജീവ് ഇമ്മാതിരി കൊസറാക്കൊള്ളി ചോദ്യവുമായി തന്റടുത്തേയ്ക്ക് വരരുത് എന്ന കൃത്യമായ സന്ദേശമാണ് മാധ്യമങ്ങൾക്ക് നൽകിയത്.
ഡോ. ശശി തരൂരിനെപ്പോലെ മലയാളത്തിൽ ഭാഷാനൈപുണ്യം അത്രകണ്ടില്ലാത്തവരെ നാവുപിഴയുടെ സാദ്ധ്യതകൊണ്ട് വീഴ്ത്തുന്ന ടെക്നിക് പരീക്ഷിക്കാനാണ് മാധ്യമങ്ങൾ ആദ്യം ശ്രമിച്ചത്. എന്നാൽ അതിൽ നിന്നും സമര്‍ത്ഥമായി ഒഴിഞ്ഞുമാറിയ രാജീവ് ഇനിമുതൽ ബി.ജെ.പിയുടെ എല്ലാ മീറ്റിംഗുകളുടേയും ഔട്ട്കം മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളെ ചുമതലപ്പെടുത്തുമെന്നും വ്യക്തമാക്കി. അതായത് ഇനി എന്തിനും ഏതിനും സംസ്ഥാനപ്രസിഡന്റ് പ്രതികരിച്ചേക്കില്ല എന്ന് സാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഷ്കരിച്ച മറ്റൊരുശൈലിയാണ് രാജീവ് മുന്നോട്ടുവെയ്ക്കുന്നത്. പിണറായി മാധ്യമങ്ങളെ പാടേ അകറ്റിനിര്‍ത്തുമ്പോൾ രാജീവ് ഭാഗികമായി അകറ്റി നിര്‍ത്തുകയും പ്രതിപുരുഷൻമാരിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്യും. ഏതായാലും ചാനൽ മുതലാളി കൂടിയായ രാജീവ് ചാനലുകാരെ നന്നേ പഠിച്ചിട്ടുണ്ട് എന്ന് വ്യക്തം.
Photo Courtesy - Google











