07:48am 02 May 2026
NEWS
കേരളത്തിലെ ജി മാരെ തട്ടിയിട്ട്
അവിടത്തെ ജി മാര്‍ക്ക് കലിപ്പ്

05/01/2025  12:08 PM IST
News Bureau
സര്‍വ്വത്ര ജി മയം
HIGHLIGHTS

തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇക്കുറി കേന്ദ്രത്തിന്റെ ഹോട്ട് ലിസ്റ്റിൽ രണ്ട് ഇടങ്ങൾ മാത്രമാണുള്ളത്. ഒന്ന് പാലക്കാട് രണ്ട് തിരുവനന്തപുരം 

ന്യൂഡെൽഹി : കേരളത്തിൽ നിന്നുള്ള ജി മാരെ തട്ടിയിട്ട് ഡെൽഹിയിലെ ജി മാര്‍ക്ക് നടക്കാൻ മേല. ഇതിന് മുമ്പ് ഇങ്ങിനൊരുസംഭവം ഉണ്ടായിട്ടില്ല. ഇതിപ്പോൾ കേരളത്തിലെ കാര്യങ്ങൾ തീരുമാനിക്കാൻ ബി.ജെ.പി. നേതാക്കൻമാര്‍ക്കാര്‍ക്കും ഇങ്ങ് കേരളത്തിലോട്ട് പോരേണ്ട എന്ന അവസ്ഥയാണ്. ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായുള്ള ലെയ്സൺ വര്‍ക്കാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. നിലവിലെ പ്രസിഡന്റ് കെ. സുരേന്ദ്രനെ എത്രയും വേഗം പുറത്താക്കണമെന്ന് ഒരുവിഭാഗം. എന്നാൽ സുരേന്ദ്രനാണ് താരമെന്നും തൃശൂര്‍ വിജയത്തിന്റെ പശ്ചാത്തലത്തിൽ സുരേന്ദ്രനെ മാറ്റരുതെന്നും മറ്റൊരു വിഭാഗം. ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പിന് തൊട്ടുമുന്നേ നേതൃമാറ്റം വരുന്നത് പാര്‍ട്ടിക്ക് ദോഷകരമാകുമെന്നും അവര്‍‌ പറയുന്നു. 

          അതേസമയം, പുതിയ പ്രസിഡന്റുമാരുടെ പട്ടികയിൽ തങ്ങളേയും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായിട്ടാണ് മറ്റുചിലരുടെ നീക്കം. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രനാണ് ഇക്കൂട്ടത്തിൽ മുന്നിൽ. എം.ടി. രമേശിനുവേണ്ടി പി.കെ. കൃഷ്ണദാസും സംഘവും ഡെൽഹിയിൽ നല്ല പിടിപിടിക്കുന്നുണ്ട്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണ് കേരളത്തിലെ കാര്യങ്ങളുടെ ഏകോപന ചുമതല. നിലവിലെ സാഹചര്യത്തിൽ ആരെ തള്ളും ആരെ കൊള്ളും എന്ന അവസ്ഥയിലാണ് അദ്ദേഹം. എല്ലാവര്‍ക്കും കേന്ദ്രത്തിൽ നല്ല പിടിപാടാണ്. ആരേയും പിണക്കാൻ സാധിക്കാത്ത അവസ്ഥ. 

          സംഗതി ഇങ്ങിനൊക്കെയാണെങ്കിലും ആര്‍.എസ്.എസ്. നേതൃത്വത്തിന് താത്പര്യം സംസ്ഥാനജനറൽ സെക്രട്ടറി എം.ടി. രമേശിനോടാണ്. അദ്ദേഹം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. എന്നാൽ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന തീപ്പൊരി ഇല്ല അദ്ദേഹം എന്നത് തിരിച്ചടിയാണ്. ആര്‍.എസ്.എസ് വാക്ക് അന്തിമമാവുകയാണെങ്കിൽ ഒരുപക്ഷേ, രമേശിനെ സമവായത്തിലൂടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കൊണ്ടുവന്ന് തിരിഞ്ഞെടുപ്പ് ഒഴിവാക്കാനാകും കേന്ദ്രത്തിന്റെ ശ്രമം. അതല്ല, തദ്ദേശതിരഞ്ഞെടുപ്പിൽ കാര്യമായ പ്രതീക്ഷകൾ വേണം എന്നതാണ് കേന്ദ്രത്തിന്റെ നിലപാടെങ്കിൽ ഒരുപക്ഷേ സുരേന്ദ്രന് ഒരുകൊല്ലം കൂടി കാലാവധി നീട്ടിക്കൊടുത്തേയ്ക്കും. അങ്ങിനെങ്കിൽ ശോഭാസുരേന്ദ്രനോട് ആലപ്പുഴയിലോ പാലക്കാടോ ഫോക്കസ് ചെയ്യാനും കേന്ദ്രം ആവശ്യപ്പെട്ടേയ്ക്കും. 

          തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇക്കുറി കേന്ദ്രത്തിന്റെ ഹോട്ട് ലിസ്റ്റിൽ രണ്ട് ഇടങ്ങൾ മാത്രമാണുള്ളത്. ഒന്ന് പാലക്കാട് രണ്ട് തിരുവനന്തപുരം. ഇക്കുറി തലസ്ഥാനം പിടിക്കാൻ ചില മുതിര്‍ന്ന നേതാക്കൻമാരെ ഇറക്കി പരീക്ഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നറിയുന്നു. അങ്ങിനെങ്കിൽ ഒരുപക്ഷേ വി. മുരളീധരൻ ഉൾപ്പെടെയുള്ളവരെ പരിഗണിച്ചേക്കാം. എന്നാൽ മുരളീധരൻ അതിന് ഒരുക്കമാകില്ല എന്നാണ് ലഭ്യമാകുന്ന വിവരം. തലസ്ഥാനത്ത് തമ്പടിച്ചുകൊണ്ട് 2026ൽ കഴക്കൂട്ടം പിടിക്കാനുള്ള ശ്രമങ്ങളാകും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടാവുക എന്നാണ് ബി.ജെ.പി. കേന്ദ്രങ്ങൾ പറയുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img