അല്ല ജീ നമ്മുടെ പഴയ ജീ പറഞ്ഞത്
നേരാണോ അല്ലെയോ ...?

കര്‍ണ്ണാടകയിലെ കോൺഗ്രസ് അനുകൂല മദ്യലോബിയും കോൺഗ്രസ് വിരുദ്ധ മദ്യലോബിയും തമ്മിലുള്ള കോര്‍പറേറ്റ് പോരാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് ആധാരം
തിരുവനന്തപുരം : നിര്‍ദ്ദിഷ്ട എലപ്പുള്ളി ബ്രൂവറി ഫാക്ടറിയുടെ കാര്യത്തിൽ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേമനസ്സാണെന്നും ഇതിന് പിന്നിൽ ഇരുപാര്‍ട്ടികളും ഒത്തുകളിക്കുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞത് നേരായോ ? കഴിഞ്ഞ ദിവസം വാര്യര്‍ ഇക്കാര്യം പറഞ്ഞപ്പോൾ അത് വെറും രാഷ്ട്രീയആരോപണം എന്നാണ് എല്ലാവരും ധരിച്ചിരുന്നത്. ബി.ജെ.പിയിൽ നിന്നും മറുകണ്ടം ചാടിയ വാര്യര്‍ ബി.ജെ.പിക്കിട്ട് കൊട്ടാനുള്ള അവസരമായി ബ്രൂവറി വിഷയം കണ്ടു എന്നാണ് പലരും ധരിച്ചിരുന്നത്. എന്നാൽ എലപ്പുള്ളി പ്രോജക്ടിന് പിന്നിൽ ബി.ജെ.പിക്ക് ചില താത്പര്യങ്ങളുണ്ടെന്ന് പാര്ട്ടിക്കാര് തന്നെ അടക്കം പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
ബി.ജെ.പി. വ്യവസായത്തിന് എതിരല്ല. അതിപ്പോൾ എന്ത് വ്യവസായം വരുന്നു എന്ന് നോക്കിയല്ല ഞങ്ങൾ എതിര്‍ക്കുന്നത്. ജനങ്ങൾക്ക് ഉപകാരപ്പെടുമോ എന്നത് മാത്രമാണ് ഞങ്ങളുടെ താത്പര്യം – ഇത് പറഞ്ഞത് പാര്‍ട്ടി ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജനാണ്. ശിവരാജന്റെ വാക്കുകളും വാര്യരുടെ ആക്ഷേപവും ചേര്‍ത്തുവായിച്ചാൽ പലതും പൂരിപ്പിക്കാൻ സാധിക്കും. ബ്രൂവറി പ്ലാന്റിനെതിരെ യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ പ്രത്യക്ഷസമരത്തിലേക്ക് ഇറങ്ങിയിട്ടും ബി.ജെ.പി. ശക്തിയുക്തമായ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കാൻ പോലും മടിക്കുന്ന കാഴ്ചയാണ് രാഷ്ട്രീയകേരളം കാണുന്നത്.
ബി.ജെ.പി. ഇരട്ടത്താപ്പ് കളിക്കുന്നതായി കോൺഗ്രസ് ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു. കര്‍ണ്ണാടകയിലെ കോൺഗ്രസ് അനുകൂല മദ്യലോബിയും കോൺഗ്രസ് വിരുദ്ധ മദ്യലോബിയും തമ്മിലുള്ള കോര്‍പറേറ്റ് പോരാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് ആധാരം എന്നാണ് ലഭ്യമാകുന്ന വിവരം. ഈ സാഹചര്യത്തിൽ കോൺഗ്രസിന് മൈലേജ് കിട്ടുന്ന തീരുമാനത്തെ തള്ളാനും കൊള്ളാനും സാധിക്കാതെ വലയുകയാണ് കേരളത്തിലെ ബി.ജെ.പി. ഘടകം. സന്ദീപ് വാര്യര്‍ ഉന്നയിച്ച ആരോപണമായിട്ട് പോലും അതിനെതിരെ പ്രതിരോധം തീര്‍ക്കാൻ ബി.ജെ.പിക്കാര്‍ ശക്തിയുക്തം രംഗത്തുവരുന്നില്ല എന്നതും എടുത്ത് പറയേണ്ട സംഗതിയാണ്. എവിടെയോ എന്തോ ചീഞ്ഞുനാറുന്നു എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.
Photo Courtesy - Google











