
കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ് പ്രതികൾക്ക് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. എട്ടു പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും പതിനൊന്നാം പ്രതിക്ക് മൂന്നു വർഷം തടവുമാണ് കോടതി വിധിച്ചത്. ടികെ രജീഷ്, എൻവി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെവി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്കാണ് മൂന്നു വർഷം തടവുശിക്ഷ.
സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.
തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു