08:04pm 20 January 2026
NEWS
ബലാത്സംഗ ആഹ്വാനവുമായി ബിജെപി നേതാവ്
20/01/2026  02:59 PM IST
nila
ബലാത്സംഗ ആഹ്വാനവുമായി ബിജെപി നേതാവ്

തൊടുപുഴ: ബലാത്സംഗ ആഹ്വാനവുമായി തൊടുപുഴയിലെ ബിജെപി പ്രവർത്തകൻ. അജയ് മാരാർ എന്ന പ്രാദേശിക ബിജെപി നേതാവാണ് മോശം പരാമർശങ്ങളും ബലാത്സം​ഗ ആഹ്വാനവുമായി സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് അജയ് മാരാർ. ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് അജയ് മാരാരുടെ വിവാദ പരാമർശങ്ങൾ. 

പീഡനക്കേസിൽ ജയിലിൽ പോയാൽ എന്തിനാണ് പേടിക്കുതെന്ന് ഇയാൾ ചോദിക്കുന്നു. സന്മനസുള്ള നമ്മുടെ സർക്കാർ എന്ത് കേസിൽ ജയിലിൽ പോയാലും 620 രൂപവെച്ച് നൽകുമെന്ന് ഇയാൾ ജയിൽപുള്ളികളുടെ വേതനം വർധിപ്പിച്ച നടപടിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു. ഇത്തരം ദുരനുഭങ്ങൾ ആണുങ്ങൾക്ക് ഇനിയും നേരിടേണ്ടി വരും. മരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അവരാദം പറയുന്നവരെ 'നേരെ ചെന്ന് ബലാത്സംഗം' ചെയ്യണമെന്നാണ് ഇയാൾ പറയുന്നത്. അതിന് ശേഷം മരിക്കണം. ഒരു കുറ്റവും ചെയ്യാതെ മരിക്കേണ്ട കാര്യമില്ല. ഇങ്ങനെ സംഭവമുണ്ടായാൽ സ്ത്രീകൾ അതീജിവിതയാകുമെന്നും പുരുഷന്മാർ അവരാദിയായിമാറും. ആ അവസ്ഥയ്ക്ക് മാറ്റം വരണമെന്നും ഇയാൾ പറയുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് ദീപക്കിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി കോഴിക്കോട് സ്വദേശിനിയായ ഷിംജിത രംഗത്തെത്തുകയും, ഇതുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക്കിനെതിരെ കടുത്ത സൈബർ ആക്രമണം നടന്നതായും, ഇതിന്റെ മാനസിക സമ്മർദ്ദമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഉയർന്നിരിക്കുന്ന ആരോപണം.

സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചു. ദീപക്കിന്റെ മരണത്തിന് ശേഷം യുവതിയെ വിമർശിച്ചും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ വ്യാപക പ്രതികരണങ്ങൾ ഉണ്ടായി. ആരോപണം നേരിട്ട സാഹചര്യത്തിൽ നിയമപരമായ മാർഗങ്ങളാണ് യുവതി സ്വീകരിക്കേണ്ടിയിരുന്നതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. അതേസമയം, സ്ത്രീകൾക്ക് പൊതുസ്ഥലങ്ങളിൽ ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ നേരിടേണ്ടിവരുന്ന യാഥാർഥ്യവും മറുവശത്ത് ചർച്ചയായി.

ദീപക്കിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിംജിതയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന കുറ്റം ചുമത്തി കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് കേസ് എടുത്തത്. കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിൽ പോയതായാണ് വിവരം. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്താനും ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നത്. സാമൂഹ്യമാധ്യമ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനായി സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇതിനിടെ, ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. കേസ് നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷന്റെ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img