NEWS
'കേവല ഭൂരിപക്ഷത്തിനുള്ള 272 എന്ന കടമ്പ ബി.ജെ.പി മറികടക്കില്ല'; എൻ.കെ. പ്രേമചന്ദ്രൻ എം.പി
29/05/2024 07:59 AM IST
പി. ജയചന്ദ്രൻ

? ഇക്കഴിഞ്ഞ വോട്ടെടുപ്പുദിവസം ചുട്ടുപൊള്ളുന്ന ചൂട് വകവയ്ക്കാതെ മണിക്കൂറുകളോളം ക്യൂ നിന്ന് വോട്ടുചെയ്തു വന്ന ഒരു യുവാവ് പറഞ്ഞ കാര്യമാണ് ഓർമ്മ വരുന്നത്. ഇനിയൊരു പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് ഇത്രയും ബുദ്ധിമുട്ട് സഹിച്ചും വോട്ട് ചെയ്തതെന്നാണ് അയാൾ പറഞ്ഞത്. അത് എത്രത്തോളം ശരിയായ ഒരു ചിന്തയാണ്.
ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രാധാന്യം അതുതന്നെയാണെന്നാണ് എന്റെ വിശ്വാസം. നമ്മുടെ പാർലമെന്ററി ജനാധിപത്യം എത്രകാലം തുടരും എന്നതിനെ സംബന്ധിച്ചുള്ള ആശങ്ക നൂറ് ശതമാനവും ശരിയാണ്. കാരണം പാർലമെന്റിന്റെ കഴിഞ്ഞ പത്തുവർഷക്കാലത്തെ പ്രവർത്തനം പരിശോധിച്ചാൽ, പാർലമെന്റിന്റെ പ്രസക്തി ഗണ്യമയ നിലയിൽ കുറയുന്ന സ്ഥിതിയാണ് കാണുന്നത്. ഗവൺമെന്റിന്റെ രീതിയും ഗവൺമെന്റിന്റെ മനോഭാവവും അതാണ് പറയുന്നത്. പാർലമെന്റിൽ ഇപ്പോൾ ബില്ലുകൾ പാസ്സാക്കുന്ന രീതിയിൽ നിന്നുതന്നെ അത് മനസ്സിലാകും. നിയമത്തിൽ ഒരു ഫുൾസ്റ്റോപ്പ് അല്ലെങ്കിൽ ഒരു കോമ ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. അത് ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയായിരിക്കില്ല. അതുകൊണ്ടുതന്നെ വളരെ സൂക്ഷ്മതല സ്പർശിയായി പരിശോധിച്ചശേഷം മാത്രമേ ഒരു നിയമം പാസാക്കാവൂ എന്നാണ് പറയുന്നത്. അതുകൊണ്ടാണ് അതിൽ ഒന്നാം വായനയും രണ്ടാം വായനയും മൂന്നാം വായനയും ഉള്ളത്. മൂന്ന് തലങ്ങളിൽ മൂന്നുവട്ടം ചർച്ചയുണ്ട്.
ഇതുകൂടാതെ പിന്നെ കമ്മിറ്റികൾ പരിശോധിക്കും. ഒരു ബില്ല് സഭയിൽ അവതരിപ്പിച്ച ശേഷം അതിൽ ഏതെങ്കിലും തരത്തിലുള്ള പോരായ്മകളുണ്ടോ വൈകല്യങ്ങളുണ്ടോ, അതിന്റെ ഇംപാക്ട് എന്തായിരിക്കും എന്ന് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി, അവരുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പാർലമെന്റിൽ രണ്ടാം വായനയ്‌ക്കെടുക്കുന്നത്.
ഇത്രയും സൂക്ഷ്മമായി ചർച്ച ചെയ്യേണ്ടുന്ന നിയമനിർമ്മാണ പ്രക്രിയ ഇപ്പോൾ പാർലമെന്റിൽ പാസ്സാക്കുന്നതെങ്ങനെയാണ്? രാവിലെ ബില്ല് കൊണ്ടുവരുന്നു. അന്നുതന്നെ ഇൻട്രൊഡക്ഷൻ അവതരിപ്പിക്കുന്നു. അന്നുതന്നെ പരിഗണിക്കുന്നു. അന്നുതന്നെ പാസ്സാക്കുന്നു. അപ്പോൾ എന്തുപ്രാധാന്യമാണ് ഇതിനൊക്കെ അവർ നൽകുന്നത്? ഗവൺമെന്റ് കൊണ്ടുവരുന്നതെന്തും പാസ്സാക്കി കൊടുക്കുന്ന ജോലിയാണ് ഇപ്പോ പാർലമെന്റിന്. ഒറ്റദിവസം കൊണ്ടാണ് കാശ്മീരിനെ രണ്ട് സംസ്ഥാനമായി വിഭജിച്ചത്; 370-ാം വകുപ്പ് എടുത്തുകളഞ്ഞത.്
അങ്ങനെ വളരെ പ്രധാനപ്പെട്ട മർമ്മപ്രധാനങ്ങളായ ബില്ലുകൾ, നിരവധി ബില്ലുകൾ ഈ രൂപത്തിൽ ഒറ്റദിവസം കൊണ്ട് പാസ്സാക്കിയിട്ടുണ്ട്.
അതുപോലെ പാർലമെന്റിൽ ഗവൺമെന്റിന്റെ ശരിയായ നിലയിലുള്ള സ്‌ക്രൂട്ടണി നടക്കുന്നില്ല. ഉദാഹരണത്തിന് പ്രധാനമന്ത്രി തന്നെ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നില്ല. അദ്ദേഹം വല്ലപ്പോഴും കൂടി സഭയിൽ വരുന്നു എന്നല്ലാതെ ഗൗരവതരമായ ഒരു സമീപനം സ്വീകരിക്കുന്നില്ല. പാർലമെന്റിൽ നടക്കുന്ന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കുവാനോ, അതിന്റടിസ്ഥാനത്തിൽ നയങ്ങൾ രൂപീകരിക്കുവാനോ, നിയമനിർമ്മാണം നടത്തുവാനോ ഒന്നുമുള്ള ശുഷ്‌കാന്തിയും താൽപ്പര്യവും ഈ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. അതുപോലെ മേജർ ബില്ലുകളൊന്നും കമ്മിറ്റിക്ക് വിടാതെ ഒരേദിവസം കൊണ്ട് പാസാക്കി എടുക്കുകയാണ്.
ഇതെല്ലാം പരിശോധിക്കുമ്പോൾ പാർലമെന്ററി ജനാധിപത്യസംവിധാനത്തിൽ ഈ ഗവൺമെന്റിന് വിശ്വാസമുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുകയാണ്. അത്തരം ഒരു സാഹചര്യത്തിൽ ആ സുഹൃത്ത് പറഞ്ഞത് കുറെയൊക്കെ ശരിയാണ്. ഇനിയും വർദ്ധിത ഭൂരിപക്ഷത്തോടെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ഒരു ഗവൺമെന്റ് അധികാരത്തിൽ വന്നാൽ പാർലമെന്ററി ജനാധിപത്യസംവിധാനത്തിൽ നിന്ന് പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് രാജ്യം പോകുമോ എന്ന ആശങ്കയുണ്ട്. കാരണം ആർ.എസ്.എസ് വളരെ കാലങ്ങൾക്ക് മുമ്പുതന്നെ പ്രസിഡൻഷ്യൽ സിസ്റ്റത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ആ നിലയ്ക്ക് ആ സുഹൃത്ത് പറഞ്ഞ ആശങ്ക ഒരു പരിധിവരെ ശരിയാണെന്നാണ് എന്റെ വിശ്വാസം. എന്റെ അനുഭവവും അങ്ങനെതന്നെയാണ്. 146 പാർലമെന്റംഗങ്ങളെ സസ്‌പെൻഡ് ചെയ്തുകൊണ്ടാണ് സുപ്രധാനമായിട്ടുള്ള ക്രിമിനൽ നിയമഭേദഗതികൾ ഇവർ പാസ്സാക്കിയെടുത്തത്. ഒന്നാലോചിക്കണം, ഇൻഡ്യൻ എവിഡൻസ് ആക്ട്, ക്രിമിനൽ പ്രൊസീജിയർ കോഡ് തുടങ്ങി ഇൻഡ്യൻ പീനൽ കോഡ് ഉൾപ്പെടെയുള്ള എവിഡൻസ് ആക്ട് അടക്കം രാജ്യത്തിന്റെ സുപ്രധാനമായ ക്രിമിനൽ നിയമങ്ങൾ സമഗ്രമായി പൊളിച്ചെഴുതി അത് പാസ്സാക്കിയെടുത്തത് പ്രതിപക്ഷത്തുനിന്നുള്ള 146 പാർലമെന്റ് അംഗങ്ങളെ പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് പുറത്തുനിർത്തിയിട്ടാണ്. അപ്പോൾ എന്ത് വിശ്വാസമാണ് ഈ പാർലമെന്റിൽ അവർക്കുള്ളത്?
അവിടെയാണ് പ്രസക്തമായ ഒരു ചോദ്യം ഉയരുന്നത്. ഈ പാർലമെന്ററി ജനാധിപത്യം എത്രകാലം തുടരും? ബി.ജെ.പി മൃഗീയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വന്നാൽ ഇതിന്റെ പ്രാധാന്യവും പ്രസക്തിയും നഷ്ടപ്പെടും. എന്റെ ഇപ്പോഴത്തെ ഏറ്റവും ബലമായ വിശ്വാസം പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ നിന്ന് പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ഇവർ എന്നാണ്. ആ അർത്ഥത്തിൽ ആ സുഹൃത്തിന്റെ ആശങ്ക വളരെ ശരിയാണ്.
? ഈ ഒരവസ്ഥ രാജ്യത്തെ ജനങ്ങൾ തിരിച്ചറിയുന്നില്ലേ.
ജനങ്ങൾ കുറേയൊക്കെ തിരിച്ചറിയുന്നുണ്ട്. പക്ഷേ പല അജണ്ടകളാണല്ലോ ഇവർ ഡവലപ്പ് ചെയ്യുന്നത്. സത്യത്തിൽ ബി.ജെ.പി അധികാരത്തിലിരിക്കുന്നത് ഭൂരിപക്ഷ വർഗ്ഗീയതയുടെ പിൻബലത്തോടുകൂടി മാത്രമാണ്. ഒരു പൊളിറ്റിക്കൽ ഫിലോസഫി എന്നുപറയുന്നത് അവർക്കില്ല. ഒരു മതേതരമൂല്യം ഈ ഗവൺമെന്റ് വച്ചുപുലർത്തുന്നില്ല എന്ന് എല്ലാവർക്കുമറിയാം. ഭൂരിപക്ഷ ഹിന്ദുത്വ വർഗ്ഗീയതയുടെ പിൻബലമാണ് അവർക്കുള്ളത്. അതുകൊണ്ടാണ് ക്ഷേത്രനിർമ്മാണമായാലും പൗരത്വനിയമഭേദഗതിയായാലും തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വരുന്നതിന്റെ തലേന്ന് ഉയർത്തിക്കൊണ്ടുവരുന്നത്. രാജ്യത്ത് മുസ്ലീം വിരുദ്ധതയുടെ രാഷ്ട്രീയം വളർത്തിക്കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അങ്ങനെ മുസ്ലീം വിരുദ്ധ രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരായിരുന്നുകഴിഞ്ഞാൽ ഭൂരിപക്ഷ ഹിന്ദുത്വ പിൻബലം കിട്ടുമെന്നുള്ളതാണ് ബി.ജെ.പിയുടെ പൊളിറ്റിക്‌സ്.
അഃും ഫലിക്കുന്നില്ല എന്നുകണ്ടപ്പോഴാണല്ലോ ഇപ്പോൾ തരം താണ പ്രസ്താവനകളുമായി പ്രധാനമന്ത്രി തന്നെ രംഗത്ത് വന്നിരിക്കുന്നത്. കോൺഗ്രസ് ജയിച്ചാൽ ഹൈന്ദവ സ്ത്രീകളായിട്ടുള്ള സഹോദരിമാരുടെ മുഴുവൻ താലിമാലയടക്കം അവരെടുത്ത് ന്യൂനപക്ഷ മുസ്ലീങ്ങൾക്ക് കൊടുക്കും എന്നല്ലേ നരേന്ദ്രമോദി പറഞ്ഞുനടക്കുന്നത്. ഒരു പ്രധാനമന്ത്രിക്ക് പറയാൻ കൊള്ളുന്നതാണോ ഇതൊക്കെ. അതും കഴിഞ്ഞ് പറയുന്നു, രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ, ഇടപെടൽ നടത്തുന്നു എന്ന്. അതുപറയുമ്പോൾ പക്ഷേ തന്റെ കഴിവുകേടാണ് താൻ തന്നെ ലോകത്തോട് വിളിച്ചുപറയുന്നതെന്ന് നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി മനസ്സിലാക്കുന്നില്ല. ഒരു പരമാധികാര ജനാധിപത്യരാഷ്ട്രമായിട്ടുള്ള നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നത്തിൽ പാകിസ്ഥാൻ ഇടപെടുന്നു എന്ന് വിലപിക്കുന്ന പ്രധാനമന്ത്രിക്ക് ഈ സ്ഥാനത്തിരിക്കാൻ എന്ത് യോഗ്യതയാണുള്ളത്. അദ്ദേഹത്തിന്റെ കഴിവുകേടല്ലേ അത്? മുസ്ലീം വിരുദ്ധതയുടെ രാഷ്ട്രീയം വളർത്തി ഭൂരിപക്ഷ വർഗ്ഗീയതയെ പ്രീണിപ്പിച്ച് അധികാരത്തിൽ തുടരാനായി ബി.ജെ.പ് എന്തും ചെയ്യും എന്നതിന് തെളിവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ വിലാപം.
ആ വർഗ്ഗീയ വികാരം വരുമ്പോൾ സ്വാഭാവികമായും ജനകീയ പ്രശ്‌നങ്ങൾ, രാഷ്ട്രീയ പ്രശ്‌നങ്ങൾ ഒക്കെ വിസ്മൃതിയിലാകുന്ന സ്ഥിതി വരും. അതാണ് ഇപ്പോൾ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ എന്റെ വിശ്വാസം ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ്. ഇവരീ പറയുന്ന വർഗ്ഗീയത അവർക്ക് അധികാരത്തിലെത്തുന്നതിനുവേണ്ടിയുള്ള ഒരു സൂത്രപ്പണിയാണെന്നുള്ളത് ന്യൂനപക്ഷ വിഭാഗത്തിനും ഭൂരിപക്ഷ വിഭാഗത്തിനും മനസ്സിലായി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് മോദി ഇപ്പോൾ നല്ലതുപോലെ വിയർക്കുന്നത്. നാനൂറിലധികം സീറ്റ് വാങ്ങി വിജയിക്കും എന്നുപറഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച മോദിയുടെ അപ്പോഴത്തേയും ഇപ്പോഴത്തേയം ബോഡിലാംഗ്വേജ് രണ്ടും രണ്ടാണ്. നേരത്തെ ഉണ്ടായിരുന്ന പൊതുസ്വീകാര്യത പ്രധാനമന്ത്രിക്ക് ഇപ്പോഴില്ല. അതുകൊണ്ട് ഈ പരാജയ ഭീതിയിൽ നിന്നാണ് വീണ്ടും ഒരു കമ്മ്യൂണൽ പോളറൈസേഷൻ രാജ്യത്തുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മുസ്ലീങ്ങൾക്കെതിരായി ഇങ്ങനെ നിരന്തരം പ്രധാനമന്ത്രി കാമ്പയിൻ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇഃ് രാജ്യത്തിന് ഗുണകരമല്ല. രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും നിലനിൽപ്പിനേയും ഇത് ബാധിക്കും. രാജ്യം എങ്ങനെ തകർന്നാലും വേണ്ടില്ല തങ്ങൾക്കധികാരത്തിൽ വരണം എന്നതിൽ കവിഞ്ഞ ഒരു രാഷ്ട്രീയ അജണ്ടയും ബി.ജെ.പിക്കില്ല. കേരളത്തിലെ സി.പി.എമ്മും ഏതാണ്ട് ഇതേ നയംതന്നെയാണ് സ്വീകരിച്ചിട്ടുള്ളത്.
? ബി.ജെ.പിയുടെ ഈവിധ നിലപാടുകൾക്കെതിരെയാണല്ലോ ഇൻഡ്യാ മുന്നണിയുടെ രൂപീകരണം. അത് എത്രത്തോളം ആശാവഹമാണ്.
വ്യത്യസ്തങ്ങളായ രാഷ്ട്രീയ ആദർശങ്ങളും നിലപാടുകളും, ഭിന്നസ്വഭാവത്തിലുള്ള നേതാക്കളും എല്ലാം കൂടിച്ചേരുന്ന മുന്നണിയാണ് ഇൻഡ്യാമുന്നണി. അതൊരു കോമൺ പ്ലാറ്റ് ഫോറം എന്നേ പറയാൻ കഴിയൂ. ഒരു പൊതുവേദി. ബി.ജെ.പിക്കെതിരായിട്ടുള്ള, മതേതര ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ചുനിൽക്കുന്ന ഒരു പൊതുവേദി എന്ന നിലയിൽ മാത്രമേ നമുക്ക് ഇൻഡ്യാമുന്നണിയെ കാണുവാൻ കവിയൂ. അതിന് സത്യത്തിൽ ഒരു സംഘടനാസംവിധാനം ഇല്ല. വളരെ ചുരുങ്ങിയ സമയമേ ആയിട്ടുള്ളൂ അത് രൂപീകരിച്ചിട്ട്. എന്നാൽപ്പോലും ജനവികാരത്തിനനുസരിച്ച് ഒരു ഐക്യം രൂപപ്പെടുത്തി എടുക്കുവാൻ ഇൻഡ്യാമുന്നണിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ആ ഐക്യം ഫലപ്രദമായി പല സംസ്ഥാനങ്ങളിലും ഇപ്പോൾ നടക്കുന്നുണ്ട്. പഞ്ചാബിലും ഹരിയാനയിലും ദൽഹിയിലും ആം ആദ്മി പാർട്ടിയും കോൺഗ്രസ്സും സഖ്യത്തിലേർപ്പെട്ടുകൊണ്ടുള്ള സംവിധാനം നിലവിലുണ്ട്. യു.പിയിൽ അഖിലേഷ് യാദവുമായി, തേജസ്വി യാദവുമായി ബീഹാറിൽ, സ്റ്റാലിനുമായി തമിഴ്‌നാട്ടിൽ.. ആന്ധ്രയിൽ, കർണ്ണാടകയിൽ... അങ്ങനെ പല സംസ്ഥാനങ്ങളിലും അത് വർക്കബിളാകുന്നുണ്ട്. പക്ഷേ ഒരു സംഘടനാ സംവിധാനത്തിന്റെ പിൻബലം അതിനില്ല എന്നുള്ളത് വളരെ ശരിയാണ്.
എന്നാൽപോലും ഇൻഡ്യാ മുന്നണി നിലവിൽ വന്നശേഷമാണ് ബി.ജെ.പിയിൽ നിന്നും വലിയ ഒഴുക്ക് സംഭവിച്ചിട്ടുള്ളത്. കാരണം പ്രതീക്ഷയും പ്രത്യാശയും കൊടുക്കുവാൻ ഇൻഡ്യാ മുന്നണിക്ക് കഴിഞ്ഞു. ഒരു ബദൽ ഉണ്ടെന്ന് പറയുവാൻ കഴിയാത്ത സാഹചര്യമായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ഇൻഡ്യാമുന്നണി നിലവിൽ വന്നശേഷം, ബി.ജെ.പിക്ക് ബദലായി ഒരു രാഷ്ട്രീയ സംവിധാനം ഉണ്ടെന്ന് സ്ഥാപിക്കുവാൻ കോൺഗ്രസിനും മുന്നണിയിലെ മറ്റ് കക്ഷികൾക്കും കഴിഞ്ഞു എന്നുള്ളത് വലിയ ആശ്വാസമാണ്.
? ഇനി അഥവാ ഭൂരിപക്ഷം കിട്ടിയാൽ ഉറപ്പുള്ള ഒരു ഗവൺമെന്റ് രൂപീകരിക്കുവാൻ ഇൻഡ്യാ മുന്നണിക്ക് കഴിയുമോ.
272 ആണല്ലോ കേവലഭൂരിപക്ഷത്തിന് വേണ്ടത്. ബി.ജെ.പി നാനൂറിലധികം സീറ്റ് വാങ്ങി വിജയിക്കും എന്നുപറഞ്ഞിട്ട് ഇപ്പോൾ 272 ക്രോസ് ചെയ്യുവാൻ കിടന്നിഴയുകയണ്. കാരണം, അവർക്ക് കഴിഞ്ഞ പ്രാവശ്യം ദൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റും കിട്ടി. പിന്നെ യു.പി. അവിടെ 8-10 ഒഴിച്ച് ബാക്കി മുഴുവനും കിട്ടി. കർണ്ണാടകയിൽ ഒരു സീറ്റ് മാത്രമാണ് പുറത്തുപോയത്. മഹാരാഷ്ട്രയിൽ 6-7 ഒഴിച്ച് ബാക്കി മുഴുവനും ബി.ജെ.പിക്ക് കിട്ടി. നോർത്ത് ഈസ്റ്റ് മുഴുവനും കിട്ടി. പത്തിരുപത് സംസ്ഥാനങ്ങളിൽ കിട്ടാവുന്നതിന്റെ പരമാവധി കിട്ടിയിട്ടും 300 ഓളം സീറ്റുകൾ മാത്രമാണ് അവർക്ക് കിട്ടിയത്. ഗുജറാത്തിലെ 27 സീറ്റും രാജസ്ഥാനിലെ മുഴുവൻ സീറ്റും അക്കൂട്ടത്തിലുണ്ട്. ഇതൊക്കെ കൂടാതെ ഇപ്പോൾ എവിടുന്നാണ് അവർക്ക് അഡീഷണൽ സീറ്റ് കിട്ടുന്നത്? എങ്കിലല്ലേ നാനൂറിനടുത്തെത്തു എന്നാൽ ഈ പറഞ്ഞ സംസ്ഥാനങ്ങളിലൊക്കെ കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ കുറയുവാനല്ലാതെ കൂടില്ല എന്നുറപ്പാണ്.
അതേസമയം ഇപ്പുറത്തോ? കർണ്ണാടകത്തിൽ കഴിഞ്ഞ തവണ ഒരേയൊരു സീറ്റാണ് കോൺഗ്രസിന് കിട്ടിയത്. ഇക്കുറി അത് 15 വരെ പോകുമെന്നാണ് കേൾക്കുന്നത്. തെലങ്കാനയിലും ആന്ധ്രയിലും മഹാരാഷ്ട്രയിലുമൊക്കെ ഇൻഡ്യാ മുന്നണി വലിയ മുന്നേറ്റം നടത്തും. കഴിഞ്ഞതവണ എൻ.സി.പിക്കും മറ്റ് ചിലർക്കും കൂടി 6 സീറ്റ് ലഭിച്ച മഹാരാഷ്ട്രയിൽ ഇപ്രാവശ്യം മാറ്റം വരും. കർണ്ണാടകവും ആന്ധ്രയും തെലങ്കാനയും കഴിഞ്ഞതവണത്തതിൽ നിന്ന് വ്യത്യസ്തമായ ചിത്രമായിരിക്കും കാഴ്ചവയ്ക്കുക.
അങ്ങനെ വരുമ്പോൾ എല്ലാ കക്ഷികളും കൂടി ഒരുമിച്ചുനിന്നാൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത ഓരോ ദിവസം കഴിയുംതോറും കുറഞ്ഞുവരികയാണ്. സ്വാഭാവികമായും അത്തരമൊരു സാഹചര്യത്തിൽ ഫലപ്രദമായ ഒരു അലയൻസുണ്ടാക്കുവാൻ കോൺഗ്രസിന്റെ നേതൃത്വത്തിന്, ഇൻഡ്യാമുന്നണിക്ക് കഴിഞ്ഞാൽ ഇപ്പോൾ ബി.ജെ.പിയോടൊപ്പം നിൽക്കുന്ന കക്ഷികൾ പലതും മാറും. അവരൊക്കെ അവിടെ ഭയന്നുനിൽക്കുകയാണ്. ഉദാഹരണത്തിന് ചന്ദ്രശേഖർറാവുവിന്റെ പാർട്ടി, വൈ.എസ്.ആർ. കോൺഗ്രസ്. ഇവരെല്ലാം ഇ.ഡിയെ ഭയന്നിട്ടാണ് ബി.ജെ.പിക്കൊപ്പം നിൽക്കുന്നത്. നവീൻപട്‌നായിക്കിന്റെ ബിജു ജനതാദൾ പോലും. ഇവരൊക്കെ ഈ ഗവൺമെന്റ് വീഴുന്നു എന്നുകണ്ടാൽ പായൽ മാറും പോലെ മാറും.
കാരണം എല്ലാവരും ഒരു മാറ്റം ആഗ്രഹിക്കുകയാണ്. അതുകൊണ്ട് ഇൻഡ്യാമുന്നണിയുടെ നേതൃത്വത്തിൽ ഒരു ഗവൺമെന്റ് രൂപീകരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. ബി.ജെ.പിക്ക് കേവലമായ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത നല്ലതുപോലെ കുറഞ്ഞിരിക്കുന്നു. ഒരു കാരണവശാലും ഒരു ഗവൺമെന്റ് ഉണ്ടാക്കാനുള്ള കേവല ഭൂരിപക്ഷത്തിനാവശ്യമായ 272 എന്ന സംഖ്യ ബി.ജെ.പി മറികടക്കാൻ പോകുന്നില്ല. ഇതാണ് സാഹചര്യം.
പക്ഷേ ഇത് ജനങ്ങൾക്കിടയിൽ നല്ലതുപോലെ എസ്റ്റാബ്ലിഷ് ചെയ്യാൻ ഇൻഡ്യാ മുന്നണിയുടെ സംഘടനാപരമായ ദൗർബല്യവും, കാര്യമാത്ര പ്രസക്തമായ ഐക്യമില്ലായ്മയും മൂലം കഴിയുന്നില്ല. ഈ ഒരു പൊളിറ്റിക്‌സ് താഴെ തലത്തിൽ എത്തിക്കുവാൻ കഴിയുന്നില്ല. അത് സംഘടനാപരമായ ദൗർബല്യമാണ്. കാരണം ഇൻഡ്യാമുന്നണിക്ക് ഒരു സംഘടനാസംവിധാനമില്ല. കോമൺ മിനിമം പരിപാടിപോലും ഇല്ല. ഇങ്ങനെ ഒരുപാട് പരിമിധികൾ ഇൻഡ്യാ മുന്നണിയെ സംബന്ധിച്ചുണ്ട്. എന്നിട്ടും ഇത്ര മുന്നേറ്റം നടക്കുന്നു എന്നുള്ളതു പ്രധാനമാണ്. രാജ്യത്തെ ജനങ്ങൾ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു എന്നുള്ളത് വസ്തുതയാണ്. എന്നും വർഗ്ഗീയത മാത്രം പറഞ്ഞ് പിടിച്ചുനിൽക്കാൻ പറ്റില്ല. ഗുരുതരമായ മറ്റ് ഒട്ടനവധി പ്രശ്‌നങ്ങളാണ് രാജ്യം നേരിട്ടുള്ളത്. അതിൽ പ്രധാനം തൊഴിലില്ലായ്മ തന്നെയാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തിൽ തൊഴിലില്ലായ്മയുടെ വളർച്ചാനിരക്ക് ഇത്രയും വലുതായിട്ടില്ല. ആഗോള പട്ടിണി സൂചിക പരിശോധിച്ചാൽ നമ്മൾ എവിടെ നിൽക്കുന്നു എന്ന് മനസ്സിലാകും. അതുപോലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വലിയ തോതിൽ വർദ്ധിക്കുകയാണ്.
അങ്ങനെ ഒരുപാട് അസമത്വങ്ങൾ വരുമ്പോൾ സ്വാഭാവികമായും ജനങ്ങളിലുള്ള അസംതൃപ്തി അരാജകത്വത്തിന് വഴിതെളിക്കും.
പിന്നെ വിലക്കയറ്റം. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നം വിലക്കയറ്റമാണ്. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. 2014 ൽ 320 രൂപയ്ക്ക് വാങ്ങിയിരുന്ന പാചക വാതക സിലിണ്ടറിന് 1200-1300 ആണ് വില. 50 രൂപയായിരുന്ന പെട്രോളിന് 107ആയി. അതുപോലെ ഓരോ സാധനത്തിനും വില കുതിച്ചുയരുകയാണ്. ഇതൊക്കെ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ്. അവിടെ രാമന്റേയും ദൈവത്തിന്റേയും കാര്യം പറഞ്ഞതുകൊണ്ട് എന്താണ് വിശേഷം. അത് തിരിച്ചറിയുന്നവർക്ക് എന്തുജാതി, എന്തുമതം, എന്ത് ദൈവം?
അവിടെയാണ് ഞാൻ പറഞ്ഞത്, ഒരു സർക്കാർ വിരുദ്ധ വികാരം ദേശീയ തലത്തിൽ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട് എന്ന്. അതിനെ എത്രമാത്രം ഫലപ്രദമായി ഉപയോഗിക്കുവാൻ ഇൻഡ്യാമുന്നണിക്ക് കഴിയും എന്നുള്ളതിനെ ആശ്രയിച്ചായിരിക്കും ഈ തെരഞ്ഞെടുപ്പിൽ ഒരു പുതിയ ഗവൺമെന്റ് രൂപീകരിക്കുവാനുള്ള സാധ്യത രൂപപ്പെടുന്നത്.
? അങ്ങിനൊരു സാധ്യത തെളിഞ്ഞാൽ തന്നെ ഭൈമീകാമുകർ നിരവധിയാണല്ലോ. ആ ഒരു സാഹചര്യത്തിൽ കാര്യങ്ങൾ ഉദ്ദേശിക്കുന്ന കടവിലടുക്കുമോ.
തീർച്ചയായും. നമ്മൾ നേരത്തെയുണ്ടായിരുന്ന അനുഭവങ്ങൾ പരിശോധിച്ചാൽ, ശാശ്വതമായി നിലനിന്നില്ലെങ്കിൽപ്പോലും പല പരീക്ഷണങ്ങളും ഇവിടെ നടന്നിട്ടുണ്ട്. മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അടിയന്തിരാവസ്ഥയ്ക്കുശേഷം രൂപപ്പെട്ട ജനതാമുന്നണി മന്ത്രിസഭ. അന്നത്തെ ജനതാപാർട്ടിയുടെ നേതൃത്വത്തിലായിരുന്നല്ലോ ആ ഗവൺമെന്റ്. പിന്നെ വി.പി. സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ. അതിനൊക്കെ ശേഷം പത്തുവർഷം യു.പി.എ സർക്കാർ അധികാരത്തിൽ വന്നു; കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടുകൂടി കോൺഗ്രസിന്റെ നേതൃത്വത്തിൽ. വൈരുദ്ധ്യങ്ങൾക്കുമേൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഇടതുപക്ഷത്തിന്റെ പിന്തുണയോടുകൂടി 5 വർഷവും, അല്ലാതെ 5 വർഷവും ചേർത്ത് പത്തുവർഷം യു.പി.എ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലിരുന്നു. അതുകൊണ്ട് ഒരു കോമൺ മിനിമം പ്രോഗ്രാമിന്റെ അടിസ്ഥാനത്തിൽ ഒരു ഗവൺമെന്റ് രൂപീകരിച്ച് ജനങ്ങൾക്ക് നല്ലതു ചെയ്യുവാൻ തയ്യാറായാൽ അവർ ഒപ്പം നിൽക്കും.
പക്ഷേ വ്യക്തിഗത അധികാര താൽപ്പര്യങ്ങൾ പ്രശ്‌നമാണ്. മുന്നണിക്കകത്തുള്ള ഓരോ പാർട്ടിയും ഓരോ വ്യക്തി കേന്ദ്രീകൃത പാർട്ടികളാണ്. മമതയുടെ തൃണമൂൽ കോൺഗ്രസായാലും, മുലായത്തിന്റെ സമാജ്‌വാദി ആയാലും, സ്റ്റാലിന്റെ ഡി.എം.കെയായാലും, ലല്ലുവിന്റെ ആർ.ജെ.ഡിയായാലും എല്ലാം വ്യക്തി കേന്ദ്രീകൃത പാർട്ടികളാണ്.
ഇതൊക്കെയാണെങ്കിലും ദേശീയതലത്തിൽ ഒരു പൊതുവികാരം ഇപ്പോൾ ഉയർന്നുവന്നിട്ടുണ്ട്. ബി.ജെ.പിയുടെ പത്തുവർഷത്തെ ഭരണമാണ് അങ്ങനൊരു പൊതുവികാരം ഉയർത്തിവിട്ടിട്ടുള്ളത്. അതുകൊണ്ട് ഒരു ഉറച്ച ഗവൺമെന്റുണ്ടാക്കുവാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ഡോ. മൻമോഹൻ സിംഗ് തെളിയിച്ചുകാട്ടിയ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. 2004 മുതൽ 2009 വരെയും, 2009 മുതൽ 2014 വരെയും മൻമോഹൻസിംഗ് സർക്കാർ ഉറച്ച ഭരണം തന്നെയാണ് കാഴ്ചവച്ചത്.
? കേരളം ഇതൊക്കെ ഉൾക്കൊണ്ട നിലപാടാണോ സ്വീകരിച്ചത്.
അതെ. അതിൽ ഒറ്റവ്യത്യാസം മാത്രമേയുള്ളൂ. ഇൻഡ്യാമുന്നണിക്ക് നേതൃത്വം കൊടുക്കാനും ഫലപ്രദമായ ഒരു ബദലായി മാറുവാനും കഴിയുന്നത് കോൺഗ്രസിനാണ് എന്ന വിശ്വാസം കേരളത്തിലെ ജനങ്ങൾക്കുണ്ടായിരുന്നു. അതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രത്യേകതയായി ഞാൻ മനസ്സിലാക്കുന്നത്. സി.പി.എം പറയുന്ന വർഗ്ഗീയ വിരുദ്ധ രാഷ്ട്രീയം വെറും കാപട്യമാണെന്ന് ജനങ്ങൾക്കറിയാം. ദേശീയതലത്തിൽ ഒരു ബദലാകാൻ കോൺഗ്രസിനേ കഴിയൂ എന്ന വസ്തുത നല്ലതുപോലെ ജനങ്ങളെ ബോധ്യപ്പെടുത്തിയതിന്റെ ഫലമാണ് യു.ഡി.എഫിന് അനുകൂലമായ ഒരു തരംഗം ഈ തെരഞ്ഞെടുപ്പിൽ രൂപം കൊള്ളാനുള്ള കാരണം.
അതിന് മറ്റ് രണ്ട് കാരണങ്ങൾ സഹായകവുമായി. ഒന്ന്, മോദി നടത്തിയ പ്രസംഗങ്ങൾ. രണ്ട്, പിണറായി വിജയൻ നടത്തിയ പ്രസംഗങ്ങൾ. രണ്ട് പ്രസംഗങ്ങളും കേരളത്തിൽ യു.ഡി.എഫിന് നല്ലതുപോലെ സഹായകരമായി. കോൺഗ്രസ് ജയിച്ചാൽ നിങ്ങളുടെ കെട്ടുതാലിയടക്കം പറിച്ച് മുസ്ലീങ്ങൾക്ക് കൊടുക്കും എന്നുപറഞ്ഞതുൾപ്പെടെയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ.
രാഹുൽഗാന്ധിയെക്കുറിച്ച് ബി.ജെ.പിപോലും ഉപേക്ഷിച്ചുപോയ ഒരു പദപ്രയോദം വിളിച്ചു ആക്ഷേപിക്കാൻ കേരളത്തിലെ മുഖ്യമന്ത്രി നടത്തിയ ഹീനമായ ശ്രമം. രണ്ടും കൂടി വന്നപ്പോൾ ജനങ്ങൾക്ക് മനസ്സിലായി, എന്താണ് ഇവർ രണ്ടുപേരും ലക്ഷ്യം വയ്ക്കുന്നതെന്ന്. ഒരേ ലക്ഷ്യമായിരുന്നു രണ്ടുപേർക്കും. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയമാണ് സി.പി.എമ്മും ബി.ജെ.പിയും ലക്ഷ്യം വയ്ക്കുന്നതെന്ന് മതേതര വിശ്വാസികൾക്കും, മതന്യൂനപക്ഷ വിഭാഗങ്ങൾക്കും മനസ്സിലായതിന്റെ ഭാഗമായിട്ടാണ് മൈനോറിറ്റിയുടെ ഒരു ടോട്ടൽ കൺസോളിഡേഷൻ ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി ഉണ്ടായത്. അതിന് മോദിയുടെയും പിണറായിയുടെയും പ്രസംഗങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കല്ലുവച്ച പച്ചക്കള്ളമല്ലേ കേരളത്തിന്റെ മുഖ്യമന്ത്രി പ്രസംഗിച്ചുനടത്തിയത്. പൗരത്വനിയമഭേദഗതി ബിൽ പാർലമെന്റിൽ വോട്ടിനിട്ടപ്പോൾ യു.ഡി.എഫ് എം.പിമാരാരും വോട്ടുചെയ്തില്ല അവരെല്ലാം കോൺഗ്രസ് പ്രസിഡന്റിന്റെ അത്താഴവിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു എന്ന കല്ലുവച്ച നുണയാണ് മുഖ്യമന്ത്രി പറഞ്ഞുനടന്നത്. അതറിയാൻ പാർലമെന്റ് നടപടിക്രമങ്ങൾ നമ്മുടെ മുന്നിലുണ്ട്. എന്റെ പ്രസംഗം പലരുടെയും ഫെയ്‌സ് ബുക്കിലുമുണ്ട്. ആ ഭേദഗതിക്ക് തടസവാദങ്ങൾ ഉന്നയിച്ചുകൊണ്ട് ആദ്യം പ്രസംഗിച്ചയാൾ ഞാനാണ്. ഈ ബില്ല് ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെന്നും, ഭരണഘടനാപരമായി നിലനിൽക്കാത്ത ഒരു ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുവാൻ അനുമതി കൊടുക്കരുതെന്നും തടസ്സവാദം ഉന്നയിച്ചുകൊണ്ട് ആദ്യം സംസാരിച്ചത് ഞാനും, ശശി തരൂരും, അധീരഞ്ജൻ ചൗധരിയുമാണ്. ഒരു സി.പി.എമ്മിനേയും അവിടെങ്ങും കണ്ടില്ല.
എന്നിട്ടും ഞങ്ങളത് വോട്ടിനിടീപ്പിച്ചു. ഞങ്ങൾക്കും വോട്ട് കിട്ടി. മറുപക്ഷത്തിന് 300 നുമേൽ കിട്ടി. അങ്ങനെ പൗരത്വ നിയമഭേദഗതി അവതരിപ്പിക്കാൻ പോലും പാടില്ല എന്നുപറഞ്ഞ് വോട്ടിനിട്ട് പരാജയപ്പെടുത്താൻ ശ്രമിച്ച ഞങ്ങളെക്കുറിച്ചാണ് പിണറായി വിജയൻ നടന്ന് പച്ചക്കള്ളം പറഞ്ഞത്. ഞങ്ങളാരും വോട്ടുചെയ്തില്ല, ആരിഫ് മാത്രമേ ചെയ്തുള്ളൂ എന്നാണ് പറഞ്ഞത്. ജനങ്ങൾക്ക് പക്ഷേ പിണറായിയുടെ പൊള്ളത്തരം നന്നായി മനസ്സിലായി. പിന്നെന്തിനാണ് പൗരത്വറാലി സംഘടിപ്പിച്ചത്? എല്ലാ പാർലമെന്റ് നിയോജകമണ്ഡലങ്ങളിലും പൗരത്വ സംരക്ഷണറാലി, പിണറായി വിജയൻ പങ്കെടുക്കുന്ന വലിയ പൊതുയോഗങ്ങൾ ഒക്കെ സംഘടിപ്പിച്ചല്ലോ. എന്തിനായിരുന്നു അത് ? പാസ്സാക്കിയിട്ട് നാലുവർഷമായി. ഈ നാലുവർഷം അനങ്ങാതിരുന്നവർ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ എന്തിനായിരുന്നു കോലാഹലങ്ങൾ കാട്ടിയത്? മുസ്ലീം വോട്ട് ബാങ്കിനെ സ്വാധീനിക്കാൻ. അതിനപ്പുറത്തേയ്ക്ക് സി.പി.എമ്മിന് ഒരു രാഷ്ട്രീയവുമില്ല.
എന്റെ അഭിപ്രായത്തിൽ കേരള രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ വർഗ്ഗീയവൽക്കരണം നടത്തുന്നത് സി.പി.എം ആണ്. കേരള രാഷ്ട്രീയം സാമുദായികവും വർഗ്ഗീയവുമായി മലീമസപ്പെടുത്തുന്നത് സി.പി.എം ആണ്. എത്രയെത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാട്ടാം. ഇപ്പോൾ തന്നെ അവർ ചെയ്ത പരസ്യം കണ്ടില്ലേ. 'ദീപിക' ദിനപ്പത്രത്തിൽ കൊടുത്ത എൽ.ഡി.എഫിന്റെ പരസ്യം മണിപ്പൂർ പ്രശ്‌നവുമായി ബന്ധപ്പെട്ടതായിരുന്നു. 'സുപ്രഭാതം' പത്രത്തിൽ കൊടുത്ത പരസ്യം പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടായിരുന്നു. അപ്പോൾ എന്തു രാഷ്ട്രീയമാണ് ഇവരുടേത് ? ഈ വിഷയങ്ങളെ രാഷ്ട്രീയമായിട്ട് വേണ്ടേ കാണുവാനും കൈകാര്യം ചെയ്യുവാനും. മണിപ്പൂർവിഷയം മതേതരത്വം നേരിട്ട വിഷയമാണ്. പൗരത്വനിയമഭേദഗതി എന്നുപറയുന്നത് ഭരണഘടനാവിഷയവും. രണ്ടിലും അതായത് ഭരണഘടനയെപ്പോലും ആക്രമിക്കുന്ന നീക്കമാണ് മോദി സർക്കാർ നടത്തുന്നത്.
ഈ രാഷ്ട്രീയ പ്രശ്‌നത്തെ സാമുദായിക പ്രശ്‌നമാക്കി പരിമിതപ്പെടുത്തി വോട്ടുബാങ്കിനെ സ്വാധീനിക്കാനുള്ള ഹീനമായ പരിശ്രമമാണ് ഇവർ നടത്തിയത്. ഇവർക്കെന്ത് മതേതരബോധമാണുള്ളത്? എന്ത് മതേതരവാദമാണ് ഇവർ പറയുന്നത്? ഇതെല്ലാം കണ്ട ജനങ്ങൾക്ക് മനസ്സിലായി, പഴയ പാഷാണം വർക്കിയുടെ റോളാണ് ഇവർ അഭിനയിക്കുന്നതെന്ന്. അതല്ലെ അവർ കൊല്ലത്ത് നടത്തിയത്. കൊല്ലം ലോക്‌സഭാമണ്ഡലത്തിൽ രണ്ട് കാര്യങ്ങളാണ് ചെയ്തത്. 34 വർഷത്തിനുശേഷം നമ്മുടെ സമുദായത്തിന് മത്സരിക്കാൻ ഒരു സീറ്റ് ലഭിച്ചിരിക്കുന്നു. അതുകൊണ്ട് എല്ലാവരും ഇപ്രാവശ്യം നമ്മുടെ സമുദായത്തിന്റെ സ്ഥാനാർത്ഥിയായിട്ടുള്ള മുകേഷിന് വോട്ടുചെയ്യണമെന്ന് സി.പി.എമ്മിന്റെ ജില്ലാസെക്രട്ടറി കോൺഗ്രസ് നേതാക്കളുടെവരെ വീട്ടിൽ പോയി പറയുന്ന സ്ഥിതി വന്നാൽ അതെന്ത് രാഷ്ട്രീയമാണ്? കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ മറ്റൊരു വിഭാഗം മസ്ജിദുകളിലും ചർച്ചുകളിലും പോയിപ്പറഞ്ഞത്, ഞാൻ ബി.ജെ.പിയിലേക്ക് പോകും, അതുകൊണ്ട് നിങ്ങൾ പ്രേമചന്ദ്രന് വോട്ടുകൊടുക്കരുത് സി.പി.എമ്മിന് നൽകണം എന്നാണ് പറഞ്ഞത്. അതൊക്കെയല്ലാതെ എന്ത് ദേശീയ രാഷ്ട്രീയപ്രശ്‌നമാണ് ഇവർ കൊല്ലത്തുപറഞ്ഞത്?
സംസ്ഥാന ഗവൺമെന്റിന്റെ നേട്ടങ്ങൾ വിശദീകരിച്ചോ? ഒന്നും പറഞ്ഞില്ലല്ലോ. ഞാൻ ജയിച്ചാൽ ബി.ജെ.പിയിൽ പോകുമെന്നും, അവരുടെ സ്ഥാനാർത്ഥി നമ്മുടെ സമുദായത്തിന്റെ സ്ഥാനാർത്ഥിയാണ്, അതുകൊണ്ട് എല്ലാവരും രാഷ്ട്രീയം മറന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യണമെന്നുമാണ് പറഞ്ഞത്. ഇത്രയും കല്ലുവച്ച പച്ചയായ വർഗ്ഗീയം പറയുന്ന ആരുണ്ട് കേരളത്തിൽ? സാമുദായികതയൊക്കെ തെരഞ്ഞെടുപ്പുകളിൽ സ്വാധീനഘടകമായേക്കാം. പക്ഷേ ഇത്രയും കല്ലുവെച്ച പച്ചയായ വർഗ്ഗീയത പറയുന്ന ഒരു പാർട്ടി ഇവരല്ലാതെ വേറെയാരുണ്ട്.
വടകരയിൽ ഷാഫി പറമ്പിൽ വിജയിക്കുമെന്ന ഘട്ടം വന്നപ്പോൾ അയാളുടെ മേൽ വർഗ്ഗീയതയുടെ ചാപ്പ കുത്താനുള്ള ശ്രമമുണ്ടായി. ഇതിൽ നിന്നൊക്കെ ഒരു കാര്യം വ്യക്തമായി മനസ്സിലാകും. സി.പി.എമ്മിന്റെ സ്ട്രാറ്റജി എപ്പോഴും പൊതുസ്വീകാര്യതയുള്ള, ജനപിന്തുണയുള്ള, സർവ്വസമ്മതനായിട്ടുള്ള ജനപ്രതിനിധികളോ രാഷ്ട്രീയ നേതാക്കളോ യു.ഡി.എഫ് ആണെങ്കിൽ അവരെ മുഴുവൻ അപവാദപ്രചാരണത്തിലൂടെ അപവാദപ്പെടുത്തി ഒന്നുകിൽ സംഘിവൽക്കരിക്കും. അല്ലെങ്കിൽ വർഗ്ഗീയവൽക്കരിക്കും. അതല്ലെങ്കിൽ വ്യക്തിഹത്യ നടത്തി, അപവാദ പ്രചാരണം നടത്തി, ഉന്മൂലനം ചെയ്യും. അതാണ് സി.പി.എമ്മിന്റെ രാഷ്ട്രീയം. ഷാഫി പറമ്പിലിന്റെ കാര്യത്തിലും, എന്റെ കാര്യത്തിലും വളർന്നുവരുന്ന തലമുറയിൽപ്പെട്ട രാഹുൽ മാങ്കൂട്ടത്തിന്റെ കാര്യത്തിലും, വി.ടി. ബലറാം, സി.ആർ. മഹേഷ് എന്നിവരുടെ കാര്യത്തിലുമൊക്കെ അതാണ് അവർ ചെയ്യുന്നത്. സംഘിവൽക്കരിച്ച് രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനാണ് ശ്രമം. എന്നാൽ ജനങ്ങൾക്കറിയാം ഇവരൊക്കെ നാളെ നാട്ടിനാവശ്യമാണെന്ന്. വളർന്നുവരുന്ന പുതിയ തലമുറയെ മുഴുവൻ വർഗ്ഗീയവൽക്കരിച്ച് ചാപ്പകുത്തി അധിക്ഷേപിച്ച് ഇല്ലാതാക്കുവാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങൾ ജനങ്ങൾ പുച്ഛിച്ചുതള്ളും എന്നുള്ളതിന്റെ തെളിവായിരിക്കും വടകരയിൽ ഷാഫി പറമ്പിലിനും കൊല്ലത്ത് എനിക്കുമൊക്കെ ലഭിക്കാൻ പോകുന്ന വൻവിജയം.
എ.എ. റഹീമിനെപ്പോലെ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായ ജനപ്രതിനിധി മറ്റൊരു പ്രതിനിധിയെക്കുറിച്ച് അടുത്ത ദിവസം നടത്തിയ പ്രതികരണം കണ്ടില്ലേ. അതാണ് സി.പി.എമ്മിന്റെ നിലവാരം. നശീകരണ സ്വഭാവമുള്ള പാർട്ടിയാണത്. ഡിസ്ട്രക്റ്റീവ് നേച്ചർ. ക്രിയാത്മകതയുള്ള പാർട്ടിയല്ല. സി.പി.എമ്മിന്റെ ഈ പൊളിറ്റിക്‌സിനെക്കുറിച്ച് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു എന്നുള്ളതാണ് പോളിംഗ് ശതമാനം കുറഞ്ഞതിന് കാരണം.
? ഇടതനുഭാവികളിൽ നല്ലൊരു വിഭാഗം വോട്ടുചെയ്തില്ല എന്നുപറയുന്നുണ്ടല്ലോ.
അതും പ്രധാനമായി ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായി എന്നാണ് എന്റെ വിലയിരുത്തൽ. കാരണം ഈ ഗവൺമെന്റിനെ ഏറ്റവും കൂടുതൽ എതിർക്കുന്നത് അവരോടൊപ്പമുള്ള സാധാരണക്കാരാണ്. അവരുടെ പോലും പിന്തുണ ഗവൺമെന്റിനില്ല എന്നുസാരം. അധികാരസ്ഥാനമോ സാമ്പത്തികനേട്ടോ ഒന്നും ഇല്ലാതെ ഇടതുപക്ഷത്തിൽ വിശ്വസിക്കുന്ന അവർ ആഗ്രഹിക്കുന്നത് ഗവൺമെന്റ് പോകണമെന്നാണ്. പിണറായി വിജയന്റേയും കുടുംബത്തിന്റേയും ആധിപത്യവും സാമ്പത്തിക അഴിമതിയും ക്രമേക്കേടും ധാർഷ്ട്യവും ധിക്കാരവുമൊക്കെ ഒരു ഇടതുപക്ഷ രീതിയില്ല. ഇടതുപക്ഷശൈലിയല്ല എന്ന് വിശ്വസിക്കുന്ന പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരുണ്ട്. ഒന്നുകിൽ അവർ മാറി കുത്തി. അല്ലെങ്കിൽ വോട്ടുചെയ്യാൻ പോകാതിരുന്നു. പോളിംഗ്ശതമാനം കുറയാൻ അതു കാരണമായി എന്നുവേണം കരുതുവാൻ.
? ഇൻഡ്യാ മുന്നണിയുടെ നേതൃപദവിയിലുള്ള രാഹുൽഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാൾ രൂക്ഷമായ ഭാഷയിലാണല്ലോ പിണറായി വിജയൻ വിമർശിക്കുന്നത്.
അതാണ് ഞാൻ നേരത്തെ പറഞ്ഞത്. വാജ്‌പേയി 3 മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്. ഈ പ്രധാനമന്ത്രി കഴിഞ്ഞ പ്രാവശ്യം വാരണാസി ഉൾപ്പെടെ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. അന്നൊന്നും ഇല്ലാത്ത ഹാലിളക്കം എന്തിനാണ് രാഹുൽഗാന്ധിയുടെ കാര്യത്തിൽ കാണിക്കുന്നത്? രാഹുൽ ഉത്തരേന്ത്യയിൽ മത്സരിച്ചില്ലെങ്കിൽ പറയും, ഉത്തേരന്ത്യയിൽ നിന്ന് യോഗിയേയും മോദിയേയും ഭയന്ന് ഒളിച്ചോടി എന്ന്. ഞാൻ ചോദിക്കുന്നത് എന്തിനാണ് ഇതൊക്കെ ചർച്ച ചെയ്യുന്നത് എന്നാണ്.
? വയനാട്ടിലെ തന്റെ സിറ്റിംഗ് സീറ്റിൽ ഇൻഡ്യാമുന്നണി നേതാവ് രാഹുൽഗാന്ധി മത്സരിച്ചപ്പോൾ, ഇടതുപക്ഷം ആനിരാജയെപ്പോലൊരു ദേശീയ നേതാവിനെ നിർത്തി മത്സരം കടുപ്പിച്ചത് ശരിയാണെന്ന് കരുതുന്നുണ്ടോ.
ഇതേകാര്യം തന്നെയാണ് എനിക്കും ചോദിക്കുവാനുള്ളത്. രാഹുൽഗാന്ധിയുടെ സിറ്റിംഗ് സീറ്റല്ലേ വയനാട്. അവിടെ അദ്ദേഹം മത്സരിച്ചതിനെ എന്തിനാണ് സി.പി.ഐ.എതിർത്തത്? അദ്ദേഹം മത്സരിക്കുമ്പോൾ ഇൻഡ്യാ മുന്നണിയിലെ മറ്റൊരു കക്ഷി സ്ഥാനാർത്ഥിയെ നിർത്താതിരിക്കുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്. അതായിരുന്നില്ലേ രാഷ്ട്രീയ മര്യാദ. അതല്ലെങ്കിൽ മത്സരിക്കട്ടെ. പക്ഷേ രാഹുലിനെ കുറ്റം പറഞ്ഞതെന്തടിസ്ഥാനത്തിലാണ്. സി.പി.ഐയുടെ രാഷ്ട്രീയ പാപ്പരത്വമല്ലേ അത് തെളിയിക്കുന്നത്. പുതുതായി മത്സരിക്കുകയാണെങ്കിൽ ശരി.2019 ൽ ഇതേ മണ്ഡലത്തിൽ നിന്നും തകർപ്പൻ ഭൂരിപക്ഷത്തിൽ ജയിച്ച വ്യക്തിയാണ് രാഹുൽഗാന്ധി. അന്ന് സി.പി.ഐയും സി.പി.എമ്മും ഈ മുന്നണിയിലില്ല. ഇപ്പോഴവർ മുന്നണിയുടെ ഭാഗമാണ്. ആ സ്ഥിതിക്ക് അവരല്ലേ മര്യാദ കാണിക്കേണ്ടത്. രാഹുൽഗാന്ധിയെപ്പോലെ ദേശീയതലത്തിൽ നേതൃപദവി അലങ്കരിക്കുന്നയാൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ ഞങ്ങൾ മത്സരിക്കുന്നില്ല എന്നുപറഞ്ഞിരുന്നെങ്കിൽ എത്രമാത്രം രാഷ്ട്രീയ ഔന്നത്യമായിരുന്നേനെ അത്.
? കേരളത്തിൽ യു.ഡി.എഫിനു എത്ര സീറ്റ് കിട്ടും എന്നാണ് കണക്കുകൂട്ടുന്നത്.
എന്റെ വിശ്വാസം 20 ഉം കിട്ടുമെന്നാണ്. വലിയ അട്ടിമറിയെന്തെങ്കിലും ഉണ്ടായാൽ ഒന്നോ രണ്ടോ സീറ്റുകൾ ചിലപ്പോൾ നഷ്ടപ്പെടാം. എന്നാൽ 20 സീറ്റും കിട്ടാനുള്ള രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്.
? പഴയ കോ- ലീ- ബി മാതൃകയിൽ ഒരു സി.പി.എം- ബി.ജെ.പി സഖ്യം നിലവിലുള്ളതായി സംസാരമുണ്ട്. അതിൽ വല്ല വാസ്തവവുമുണ്ടോ.
നാലാം തീയതി അറിയാം. കാരണം തിരുവനന്തപുരവും തൃശൂരുവുമൊക്കെ ബി.ജെ.പി കണക്കുകൂട്ടുന്ന മണ്ഡലങ്ങളാണല്ലോ. പക്ഷേ അടിയൊഴുക്കുണ്ടായാലല്ലാതെ ഒരിടത്തുപോലും ബി.ജെ.പി ജയിക്കാൻ പോന്നില്ല.
ഞാൻ മനസ്സിലാക്കുന്നത് ശരിയാണെങ്കിൽ തിരുവനന്തപുരത്ത് ശശി തരൂരിന് വോട്ടുകിട്ടാൻ സാധ്യതയുള്ള, വോട്ടുകിട്ടേണ്ട മുസ്ലീം- ക്രിസ്ത്യൻ ന്യൂനപക്ഷ മേഖലയിൽ അതിശക്തമായ സംഘടനാ പ്രവർത്തനം സി.പി.എം നടത്തിയിട്ടുണ്ട്. കാരണം ആ വോട്ടുകൾ പന്ന്യൻ പിടിച്ചാൽ ശശി തരൂരിന് ദോഷം ചെയ്യും. എന്നാൽ ബി.ജെ.പിക്ക് സ്വാധീനമുള്ള മറ്റ് പല മേഖലകളിലും നടത്തിയ പോലുള്ള തീവ്രമായ പ്രവർത്തനം തിരുവനന്തപുരത്ത് നടത്തിയിട്ടില്ലാ എന്നാണ് അറിയാൻ കഴിയുന്നത്. വളരെ ബുദ്ധിപരമായ തന്ത്രമാണ് പിണറായി വിജയൻ നടത്തിയത്. കാരണം ശശി തരൂരിന് ലഭിക്കേണ്ട ന്യൂനപക്ഷ മതേതര വോട്ടുകളെ പരമാവധി ഭിന്നിപ്പിച്ചു ഇടതുപക്ഷം പിടിക്കുക. മറ്റു സ്ഥലങ്ങളിൽ അതുപോലൊരു പോരാട്ടത്തിന് നേതൃത്വം കൊടുക്കാതിരിക്കുക. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും തരൂരിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേൽക്കും. അങ്ങനൊരു തന്ത്രം ഇവർ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പിന്നെ ഇൻഡയറക്ടായി കോർ പാർട്ടി റാങ്ക് ആന്റ് ഫയലിനോട് പറയാമല്ലോ, സ്ഥാനാർത്ഥി സി.പി.ഐയുടേതല്ലേ, സി.പി.എമ്മിന്റേതല്ലല്ലോ എന്ന്.
ഇതിന്റെ ചർച്ചയാണ് ഇ.പി. ജയരാജനും പ്രകാശ് ജാവേദ്ക്കറുമായി നടന്നത്. പിണറായി വിജയന്റെ ചർച്ചയെത്തുടർന്നുള്ള ചർച്ചയായിരുന്നു അത്. ആ ഡീൽ എഗ്രീഡ് ആയിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ വോട്ടെണ്ണുമ്പോഴറിയാം. പക്ഷേ ബി.ജെ.പി ഒരു സീറ്റിലെങ്കിലും വിജയിച്ചാൽ അത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണെന്ന് കൂടുതൽ വ്യക്തമാവുകയും രാഷ്ട്രീയരംഗത്ത് വൻപ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇനി അഥവാ ബി.ജെ.പി ജയിച്ചില്ലെങ്കിലും പിണറായിയേയും മകളേയുമൊന്നും ഇ.ഡി വേട്ടയാടാൻ പോകുന്നില്ല. അത്ര വലുതാണ് അവർ തമ്മിലുള്ള അവിഹിത ബന്ധം. പിണറായി വിജയനും മോദിയുമായുള്ള ആദ്യത്തെ ലെയിസൺ വർക്ക് മുഴുവനും നിതിൻ ഗഡ്കരി വഴിയായിരുന്നു. 2019 ൽ സി.പി.എമ്മിന്റെ സംസ്ഥാനത്തെ ഉന്നതരായ നേതാക്കൾ നിതിൻ ഗഡ്കരിയുടെ ഫാം ഹൗസിൽ പോയി മണിക്കൂറുകളോളം ചർച്ച നടത്തി. എന്തിനായിരുന്നു ആ ചർച്ചകൾ? ഏതായാലും സംസ്ഥാനത്തിന്റെ വികസന ചർച്ചകളല്ലല്ലോ ഫാം ഹൗസിൽ പോയി ചർച്ച ചെയ്യുന്നത്. അതിന് ഓഫീസിലോ ഔദ്യോഗികവസതിയിലോ പോയാൽ പോരെ.
അതുപോലെ ജാവേദ്ക്കറും ജയരാജനും നടത്തിയ ചർച്ചകൾ എന്തായിരുന്നു? അതറിയാനുള്ള അവകാശം അദ്ദേഹത്തിന്റെ പാർട്ടിക്കാറില്ലേ? ജനങ്ങൾക്കില്ലേ. കോൺഗ്രസിനെ ദുർബലപ്പെടുത്തി, യു.ഡി.എഫിനെ അപ്രസക്തമാക്കിയാൽ ബി.ജെ.പി മുഖ്യപ്രതിപക്ഷ കക്ഷിയായി വരും. അപ്പോൾ ആ ഭീതിയിൽ 49 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വിഭാഗം തങ്ങൾക്കൊപ്പം കൂടിക്കഴിഞ്ഞാൽ അവരെ വച്ച് എക്കാലവും ഭരിക്കാം. അതിനാണ് പിണറായി കോൺഗ്രസ് വിരുദ്ധത പ്രചരിപ്പിക്കുന്നതും ബി.ജെ.പിയെ വഴിവിട്ട് സഹായിക്കുന്നതും, അത് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.