ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ പുറത്തുനിന്നും ആളുകളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കുമെന്ന് ബിജെപി നേതാവ്

ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽനിന്നും ആളുകളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിീജയം ഉറപ്പാക്കാനായി വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റു മണ്ഡലങ്ങളിലുള്ളവരെ കൊണ്ടുവന്ന് വോട്ട് ചേർത്ത് വോട്ട് ചെയ്യിപ്പിക്കുന്നത് കള്ളവോട്ടല്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. നിയമസഭയിൽ ഇത്തരത്തിൽ വോട്ട് ചെയ്യിപ്പിക്കാൻ ഇപ്പോൾ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ ബിജെപി നേതാവ്, ലോക്സഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തതെന്നും വെളിപ്പെടുത്തി.
'ഞങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽനിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കും.' ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. ഇത് കള്ളവോട്ടല്ലെന്നും ബി.ഗോപാലകൃഷ്ണൻ വ്യക്തമാക്കി. മരിച്ച ആളുടെ പേരിൽ വോട്ട് ചെയ്യുക, ഒരാൾ രണ്ട് വോട്ട് ചെയ്യുക എന്നതാണ് കള്ളവോട്ട് എന്ന് പറയുന്നത്. ഏത് വിലാസത്തിലും ആളുകളെ വോട്ടർപട്ടികയിൽ ചേർക്കാം. ജയിക്കാൻ വേണ്ടി വ്യാപകമായി ഞങ്ങൾ വോട്ട് ചേർക്കും. അതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫും എൽഡിഎഫും പലയിടങ്ങളിലും ഒന്നിക്കാറുണ്ട്. അതിൽ ധാർമിക പ്രശ്നങ്ങളില്ലെങ്കിൽ ഇതിലും ധാർമികതയുടെ പ്രശ്നമില്ലെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2019-ൽ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോൺഗ്രസിന് 2024-ൽ 3.27 ലക്ഷം ആയി കുറഞ്ഞു. ബാക്കി 90,000 വോട്ട് എവിടെ പോയെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു.











