09:57am 18 March 2025
NEWS
'എയിംസ്' ആയുധമാക്കി ബി.ജെ.പി; കരുത്ത് തെളിയിക്കാൻ പുതിയ നീക്കം...
14/07/2024  10:38 AM IST
പ്രദീപ് ഉഷസ്സ്
'എയിംസ്' ആയുധമാക്കി ബി.ജെ.പി; കരുത്ത് തെളിയിക്കാൻ പുതിയ നീക്കം...
HIGHLIGHTS

'എയിംസി'ലൂടെ ജനകീയ പിന്തുണ നേടാമെന്ന് കണക്കുകൂട്ടൽ....

കേരളത്തിന്റെ ഏറെ ക്കാലത്തെ ആവശ്യമായ 'എയിംസ്' (ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) യാഥാർത്ഥ്യമാക്കുമെന്ന പ്രഖ്യാപനവുമായി ബി.ജെ.പി. സംസ്ഥാന നേതൃത്വം. ഇതുവഴി സംസ്ഥാനത്ത് രാഷ്ട്രീയ ത്തിനതീതമായ ജനകീയ പിൻബലം നേടിയെടുക്കാമെന്നാണ് കണക്കുകൂട്ടുന്നത്.

 

ലോകസഭാതെരഞ്ഞെടുപ്പിൽ കൈവരിച്ച മുന്നേറ്റം  വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും നിലനിർത്തുകയെന്നത്  കേരളത്തിലെ ബി.ജെ.പിയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്.

അധികം വൈകാതെയെത്തുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പുമെല്ലാം അതുകൊണ്ടുതന്നെ സംസ്ഥാന ബി.ജെ.പിക്ക് നിർണായകവുമാണ്.

കേരളത്തിന്റെ ഒരു പ്രധാന ആവശ്യത്തെ കേന്ദ്രസർക്കാരിന്റെ പിൻബലത്തോടെ പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ അതുവഴി രാഷ്ട്രീയത്തിനതീതമായ ജനകീയ പിന്തുണ ആർജ്ജിക്കാൻ കഴിയുമെന്നാണ് ബി.ജെ.പി. നേതൃത്വം കണക്കുകൂട്ടുന്നത് ഈ സാഹചര്യത്തിലാണ്.

സംസ്ഥാനത്തിന് 'എയിംസ്' ഹോസ്പിറ്റൽ അനുവദിക്കണമെന്നത് ദീർഘകാലമായി കേരളം നിരന്തരമുയർത്തുന്ന  ആവശ്യമാണ്. അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഗവേഷണ സൗകര്യങ്ങളുമുള്ള 'എയിംസ്' കേരളത്തിന് ലഭിക്കാനാവശ്യമായ അണിയറ നീക്കങ്ങൾ ബി.ജെ.പി നേതൃത്വം സജീവമായി ആരംഭിച്ചത് ഈ സാഹചര്യത്തിലാണ്. 'എയിംസ്' നേടിയെടുക്കുന്നതുവഴി കേരളത്തിൽ ബി.ജെ.പി യുടെ വേരോട്ടം ശക്തമാക്കാമെന്നും അവർ കണക്കുകൂട്ടുന്നുണ്ട്. കേരളത്തിന് വേണ്ടി 'എയിംസ്' യാഥാർത്ഥ്യമാക്കുന്നതാണ്  മന്ത്രിയെന്നനിലയിൽ തന്റെ ആദ്യത്തെ ദൗത്യമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചതിന് രാഷ്ട്രീയ പ്രാധാന്യമേറുന്നതും ഈ സന്ദർഭത്തിലാണ്.

സുരേഷ് ഗോപി വഴി 'എയിംസ്' പ്രാവർത്തികമായാൽ കേരളത്തിലെ ഇരുമുന്നണികൾക്കും മറ്റ് ജനപ്രതിനിധികൾക്കും അത് വലിയ തിരിച്ചടിയായി മാറും. ബിജെ.പിക്കാവട്ടെ അത് വലിയ നേട്ടവുമാകും.

 പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത് സംബന്ധിച്ച നിവേദനം സംസ്ഥാന നേതാക്കൾ ഇതിനോടകം നൽകിയിട്ടുണ്ട്.

എംപിമാരുടെ പിടിവാശിയും

'എയിംസ്' അനിശ്ചിതത്വവും

കേരളത്തിന് അർഹതപ്പെട്ട 'എയിംസ്' നേടിയെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകളുടെയും എം പിമാരുടേയും ഭാഗത്തുനിന്ന് ഗുരുതരവീഴ്ചകളാണ് സംഭവിച്ചത്. കേന്ദ്രസർക്കാർ 'എയിംസ്' നൽകാനുള്ള സന്നദ്ധത അറിയിച്ചിട്ടും അത് നേടിയെടുക്കാൻ കേരളത്തിന് കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം. കേരളത്തിലെ മുൻകാല എം പിമാരുടെ കെടുകാര്യസ്ഥതയും ഏകോപന മില്ലായ്മയും മൂലമാണ് കേരളത്തിന് അർഹതപ്പെട്ട 'എയിംസ്' ലഭിക്കാതെ പോയതെന്ന ആരോപണം വളരെ ശക്തമാണ്. ഓരോ എം പി മാരും അവരവരുടെ മണ്ഡലത്തിലേക്ക് 'എയിംസ്' വേണമെന്ന് വാശിപിടിച്ചു.  കേരളത്തിന്റെ പൊതു ആവശ്യം എന്നനിലയിലത് ഉയർത്തിക്കൊണ്ട് വരാൻ അവർക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.'

2014-ൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ ആണ് കേരളത്തിന് 'എയിംസ്' അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. അതിന് അനുയോജ്യമായ ഒരിടം ഒരുമിച്ച് കണ്ടെത്തുന്നതിന് പകരം ഓരോ എംപിമാരും തങ്ങളുടെ മണ്ഡലത്തിലേക്ക് 'എയിംസ്' എത്തിക്കാനായി വടം വലിയാരംഭിച്ചു.

സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് തന്നെ നാഴികക്കല്ലായി മാറുമായിരുന്ന ഈ പദ്ധതിക്കു വേണ്ടി ആദ്യഘട്ടത്തിൽ ക്രിയാത്മക പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തിയത്. 'എയിംസി'ന് അനുയോജ്യസ്ഥലം കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് പ്രത്യേക സമിതി തന്നെ രൂപീകരിക്കുകയും ചെയ്തു. എന്നാൽ സംസ്ഥാന സർക്കാരിനേയും ആരോഗ്യ വകുപ്പിനേയും മറികടന്ന് എം.പിമാർ വടംവലികൾ ആരംഭിക്കുകയും, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് അവർ നേരിട്ട് കത്ത് നൽകുകയും ചെയ്തതോടെയാണ് കാര്യങ്ങൾ പിടിവിട്ടുപോയത്.

എറണാകുളം എംപിയായിരുന്ന കെ.വി തോമസാണ് ഈവിധത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ആദ്യം കത്ത് നൽകിയത്. തൊട്ട് പുറകെ കോട്ടയത്തിന് വേണ്ടി ജോസ് കെ. മാണിയുമെത്തി. - പാലക്കാടിന് വേണ്ടി എം.ബി. രാജേഷും, വയനാടിന് വേണ്ടി അന്നത്തെ എം പി എം.ഐ. ഷാനവാസും കണ്ണൂരിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഇ അഹമ്മദ് എം.പിയുമൊക്കെ രംഗത്തെത്തി. അതേസമയം പത്തനംതിട്ടയ്ക്ക് 'എയിംസ്' അനുവദിക്കണമെന്നായിരുന്നു എം.പിയായിരുന്ന ആന്റോ ആന്റണിയുടേ ആവശ്യം. 'എയിംസ്' കോഴിക്കോടിന് തന്നെ വേണമെന്ന് എം കെ രാഘവൻ എം.പിയും വാദിച്ചു.

ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടി കാസർഗോഡിന് 'എയിംസ്' അനുവദിക്കണമെന്ന ആവശ്യത്തിനായിരുന്നു മുൻതൂക്കം . അന്നത്തെ എം.പി. പി. കരുണാകരൻ ഈ ആവശ്യം കേന്ദ്ര ആരോഗ്യവകുപ്പധികൃതരെ  ധരിപ്പിക്കുകയും ചെയ്തു എന്നാൽ ഇതര എം പിമാർ ഇതിന് പിന്തുണ നൽകിയില്ല. ഇതോടെ, ഏകോപനം സൃഷ്ടിക്കാനാവാതെ സംസ്ഥാന സർക്കാരും പിൻവലിഞ്ഞു. ഈ തർക്കംമൂലം കേന്ദ്ര ആരോഗ്യ മന്ത്രാലയവും കേരളത്തിന് 'എയിംസ്' എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോവുകയും ചെയ്തു.'

എൻഡോസൾഫാൻ ദുരന്തത്താൽ മാരകരോഗങ്ങൾ പേറുന്നയിടമായ കാസർഗോഡ് ആധുനിക ചികിത്സാസൗകര്യങ്ങൾ ഇപ്പോഴും അപ്രാപ്യമാണ്. അതിർത്തിപ്രദേശമായ മംഗലാപുരമാണ് വിദഗ്ധ ചികിത്സക്കായി ഇന്നാട്ടുകാർക്ക് ഇപ്പോഴും ആശ്രയം. അതുകൊണ്ട് തന്നെ 'എയിംസ്' കാസർകോഡിന് വേണമെന്ന വാദം അവിടെ ശക്തമാവുകയും ചെയ്തു.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയായതോടെ എയിംസിനായി ലോകസഭയിലും കാസർകോഡിനായി ശബ്ദമുയർന്നു. എന്നാൽ അതിനെതിരെ മറ്റൊരു കോൺഗ്രസ് എംപിയായ എം.കെ. രാഘവനും,  സി.പി.എം പ്രതിനിധിയായ എളമരം കരീമും ഒറ്റക്കെട്ടായി രംഗത്തുവന്നു. കിനാലൂർ കേന്ദ്രീകരിച്ച് 'എയിംസ്' വരണമെന്നായിരുന്നു ഇവരുടെ ആവശ്യം.

എം.പി മാർക്ക്  റിയൽ എസ്റ്റേറ്റ് താത്പര്യമാണെന്ന ആരോപണമുയർത്തി കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ  രംഗത്തെത്തിയതോടെ 'എയിംസ്' വിവാദം പുതിയ തലങ്ങളിലേക്ക് കൂടി വളർന്നു. ഇതിനെത്തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാകട്ടെ, കേരളത്തിന്റെ ആവശ്യം ചുവപ്പ് നാടയിലേക്ക് മാറ്റുകയും ചെയ്തു.

ഇതാണ് കേരളത്തിന് അനുവദിക്കപ്പെട്ട 'എയിംസ്' അനിശ്ചിതമായി നീണ്ടുപോയതിന് പിന്നിലെ ചരിത്രം.

പെരുമ്പാവൂർ

ലക്ഷ്യമിട്ട് ബി.ജെ. പി

കേരളത്തിന്റെ മധ്യഭാഗത്തായി 'എയിംസ്' സ്ഥാപിക്കണമെന്നാണ് ബിജെപി യുടെ ആവശ്യം. പെരുമ്പാവൂരോ തൃശൂരോ അതിന് അനുയോജ്യ ഇടമായും ബി.ജെ.പി കണ്ടെത്തിയിട്ടുണ്ട്. പെരുമ്പാവൂരിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ട്രാവൻകൂർ റയോൺസ് കമ്പനിയുടെ എഴുപത് ഏക്കറോളം ഭൂമി ഇതിനായി ഉപയോഗിക്കാമെന്നാണ് ഇവർ കണക്കുകൂട്ടുന്നത്. ഇവിടെ എയിംസ് സ്ഥാപിച്ചാൽ കേരളത്തിൽ മുഴുവനായും തമിഴ്‌നാട്ടിൽ നിന്ന് ഭാഗികമായും വിദഗ്ധചികിത്സ രോഗികൾക്ക് ലഭിക്കുമെന്നും ബി.ജെ.പി കൂട്ടിച്ചേർക്കുന്നുണ്ട്.

തൃശൂരിലാണെങ്കിൽ മണ്ണുത്തി കാർഷിക കോളേജിന്റെ അധീനതയിൽ ഉള്ള സ്ഥലത്ത് നിന്ന് എയിംസിന് ആവശ്യമായ ഭൂമി കണ്ടെത്താനാകുമെന്ന പ്രതീക്ഷയും ബി.ജെ.പി.ക്കുണ്ട്.

ഈ വസ്തുതകൾ ചൂണ്ടി കാണിച്ചാണ് കേന്ദ്രമന്ത്രിസഭയ്ക്ക് കേരളത്തിൽ നിന്നുള്ള ആദ്യ നിവേദനം ബി.ജെ.പി നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിക്കും, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്കും പുറമെ  മന്ത്രിമാരായ സുരേഷ് ഗോപിക്കും , ജോർജ്ജ് കുര്യനും നിവേദനം നൽകിയിട്ടുണ്ട്. അതിന് പിന്നിലെ രാഷ്ട്രീയ താത്പര്യം കൂടി തിരിച്ചറിഞ്ഞ് അത്യധികം ഗൗരവത്തോടെയാണ് കേന്ദ്രം ഈ വിഷയത്തിൽ ഇടപെടുന്നത്.

കോഴിക്കോട്ടെ കിനാലൂരിൽ എയിംസ് വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെയും മനസ്സിലിരുപ്പ്.  ബി.ജെ.പിയുടെ ആവശ്യപ്രകാരം പെരുമ്പാവൂരോ തൃശൂരോ കേന്ദ്രീകരിച്ച് 'എയിംസ്' വന്നാൽ അത് യു.ഡി.എഫ് എൽ.ഡി.എഫ് മുന്നണികൾക്ക് വലിയ തിരിച്ചടി കൂടിയാകും. കേരളത്തിൽ 'എയിംസ്' എത്തിക്കുകയാണ് തന്റെ ആദ്യ പ്രോജക്ട് എന്ന് മന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചതും ഇതെല്ലാം മുൻകൂട്ടിക്കണ്ടാണ്.

കേരളത്തിന്റെ ഏറെക്കാലത്തെയും ആവശ്യമായ 'എയിംസ്' യാഥാർത്ഥ്യമായാൽ അതുവഴി ഇരു കേന്ദ്രമന്ത്രിമാരുടേയും സ്വീകാര്യത പതിൻമടങ്ങ് വർദ്ധിക്കും. കാര്യപ്രാപ്തിയുള്ളവർ നേതൃസ്ഥാനത്തെത്തിയാൽ സംസ്ഥാനത്തിന് അത് ഏറെ ഗുണകരമാകുമെന്ന്  സ്ഥാപിക്കാനും ബി.ജെ.പി ക്ക് കഴിയും. അങ്ങനെവന്നാൽ കക്ഷിരാഷ്ട്രീയത്തിനതീതമായ സ്വീകാര്യത ബി.ജെ.പിക്ക് ലഭിക്കുകയും ചെയ്യും. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേറെ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. കേരള രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകളെ സ്വാധീനിക്കുന്ന വിധത്തിൽ  'എയിംസ്' എന്ന ആവശ്യം ഇതിനോടകം വളർന്നു കഴിഞ്ഞിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.