
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളിൽ പുതിയ വിവാദം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതൃത്വം അനുവദിച്ച തുകയുടെ ചെലവിൽ ക്രമക്കേടുണ്ടായെന്നാണ് ഉയരുന്ന ആരോപണം. കൊടി വാങ്ങൽ ഉൾപ്പെടെയുള്ള ചില ചെലവുകളുമായി ബന്ധപ്പെട്ട് ഏകദേശം 12 കോടി രൂപയുടെ കണക്കിൽ വ്യക്തതയില്ലെന്നാണ് റിപ്പോർട്ടുകൾ.
ബിജെപിയുടെ കേന്ദ്ര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. പരിശോധനാ സംഘം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ അദ്ദേഹത്തിന് കൈമാറിയതായും, ചില തുകകൾ തിരിച്ചുപിടിക്കാൻ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അതേസമയം, ഫണ്ട് ദുരുപയോഗവുമായി ബന്ധപ്പെട്ട് നേതാക്കൾക്കെതിരെ നടപടിയെടുത്തെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചു. പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു. നിലവിൽ വിദേശ സന്ദർശനത്തിലുള്ള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരിച്ചെത്തിയ ശേഷം വിഷയത്തിൽ വിശദമായ പ്രതികരണം നടത്തുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.











