07:33pm 12 November 2026
NEWS

ചരിത്രവിജയം നേടാനാകുമെന്ന് ബിജെപി വിലയിരുത്തൽ; ‘എ ക്ലാസ്’ മണ്ഡലങ്ങളുടെ എണ്ണം വർധിക്കും

11/04/2026  12:07 PM IST
nila
 ചരിത്രവിജയം നേടാനാകുമെന്ന് ബിജെപി വിലയിരുത്തൽ; ‘എ ക്ലാസ്’ മണ്ഡലങ്ങളുടെ എണ്ണം വർധിക്കും

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടാനാകുമെന്ന വിലയിരുത്തലിൽ എൻഡിഎ ക്യാമ്പ്. സംസ്ഥാനത്തെ നാല് മണ്ഡലങ്ങളിൽ വ്യക്തമായ വിജയസാധ്യതയുണ്ടെന്നതാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. നേമം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് എന്നീ മണ്ഡലങ്ങളിലാണ് ബിജെപി നേതൃത്വം വിജയപ്രതീക്ഷ പുലർത്തുന്നത്. 

ഇതോടൊപ്പം കഴക്കൂട്ടം, ചാത്തന്നൂർ, തൃശ്ശൂർ മണ്ഡലങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകുമെന്നും ബിജെപി കരുതുന്നു. കാട്ടാക്കട, വട്ടിയൂർക്കാവ്, തിരുവല്ല എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണ് നടന്നതെന്നും വിലയിരുത്തലിൽ പറയുന്നു. ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ‘എ ക്ലാസ്’ മണ്ഡലങ്ങളുടെ എണ്ണം വർധിക്കുമെന്ന പ്രതീക്ഷയും ബിജെപി നേതൃത്വത്തിനുണ്ട്.

ഇതിനിടെ സഭാ നേതൃത്വങ്ങൾക്കെതിരെ പി സി ജോർജ്ജിൻ്റെയും ഷോൺ ജോർജ്ജിൻ്റെയും പ്രസ്താവനയിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി. ഇരുവരുടെയും പ്രസ്താവനയിൽ ന്യൂനപക്ഷ മോർച്ചയ്ക്കും അതൃപ്തിയുണ്ട്. അനവസരത്തിലുള്ള പ്രസ്താവനയാണ് പി സി ജോർജ്ജും ഷോൺ ജോർജ്ജും നടത്തിയതെന്നാണ് പൊതുവെ ഉണ്ടായ വിലയിരുത്തൽ. ഇരുവരുടെയും പ്രസ്താവന വിവിധ സഭകളുമായുള്ള ബിജെപിയുടെ ബന്ധത്തെ ബാധിക്കുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്.

ദീപിക പത്രത്തിനെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസമാണ് പി സി ജോർജും മകൻ ഷോൺ ജോർജും രംഗത്തെത്തിയത്. ദീപികയിലെ ചില വ്യക്തികൾ രാഷ്ട്രീയം കളിക്കുകയാണ് എന്നും നിക്ഷേപകർക്ക് വേണ്ടി വാർത്തകൾ വളച്ചൊടിക്കുകയാണ് എന്നുമായിരുന്നു നേരത്തെ ഷോൺ ജോർജിൻ്റെ പ്രതികരണം. ഇതെല്ലാം നിയന്ത്രിക്കപ്പെടേണ്ടതാണെന്നും സഭാ പിതാക്കന്മാരോട് താൻ പരാതി അറിയിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ അധിക്ഷേപവുമായി ബിജെപി നേതാവ് പി സി ജോർജും രം​ഗത്തെത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞുവെന്ന് പി സി ജോർജ് പറഞ്ഞിരുന്നു.

ബിജെപി നേതാവ് പി സി ജോർജിന് മറുപടിയുമായി ദീപിക ദിനപത്രവും രം​ഗത്ത് വന്നിട്ടുണ്ട്. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ലെന്നാണ് ദീപിക ദിനപത്രം മുഖപ്രസംഗത്തിൽ പറയുന്നത്. മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ഇനിയും പറയേണ്ടി വരുമെന്നുമാണ് ദീപിക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img