
കോട്ടയം: ബിജെപിയിൽനിന്ന് രാജി പ്രഖ്യാപിച്ച നടൻ ദേവനെ അനുനയിപ്പിക്കാനുള്ള നീക്കം ശക്തമാക്കി നേതൃത്വം. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തിങ്കളാഴ്ച രാത്രി ദേവനെ ഫോണിൽ ബന്ധപ്പെട്ടു. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും കേന്ദ്ര നേതാക്കളുടെ നിർദേശപ്രകാരമാണ് താൻ വിളിക്കുന്നതെന്നും സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം.
എന്നാൽ രാജി തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് ദേവൻ വ്യക്തമാക്കിയത്. ഇന്നലെയും സുരേഷ് ഗോപി ദേവനുമായി ബന്ധപ്പെടാൻ ശ്രമിച്ചതായാണ് വിവരം. ബിജെപിയിലെ ചില മുതിർന്ന കേന്ദ്ര നേതാക്കളും ദേവനുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. എന്നാൽ മധ്യസ്ഥ ചർച്ചകൾ നടത്തിയവരുടെ പേരുകൾ വെളിപ്പെടുത്താൻ ദേവൻ തയാറായില്ല.
രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ദേവനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. തുടർന്ന് തൃശൂർ ജില്ലാ നേതൃത്വം ദേവനുമായി ബന്ധപ്പെടുകയും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനും ദേവൻ വഴങ്ങിയില്ല.
നാലുമാസമായി നേതൃത്വവുമായി ആശയവിനിമയമില്ലെന്ന് ആരോപണം
രാജി പ്രഖ്യാപനത്തിന് പിന്നാലെ നൽകിയ അഭിമുഖത്തിൽ, കഴിഞ്ഞ നാല് മാസമായി രാജീവ് ചന്ദ്രശേഖറിനെ ഫോണിലും സന്ദേശങ്ങളിലൂടെയും ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണം ലഭിച്ചില്ലെന്ന് ദേവൻ ആരോപിച്ചിരുന്നു. ഇതാണ് പാർട്ടിയുമായുള്ള അസ്വാരസ്യത്തിന് പ്രധാന കാരണങ്ങളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
അതേസമയം, രാജി പ്രഖ്യാപിച്ച ദിവസം ആലപ്പുഴയിൽ ഉണ്ടായിരുന്ന ബിജെപിയുടെ മൂന്ന് കേന്ദ്ര നേതാക്കൾ ദേവനുമായി ഉടൻ ചർച്ച നടത്തിയിരുന്നു. പിന്നീട് അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിലെത്തിയും നേതാക്കൾ അനുനയ ശ്രമം നടത്തി. തീരുമാനം പുനഃപരിശോധിച്ചാൽ ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കാമെന്ന് നേതാക്കൾ ഉറപ്പ് നൽകിയതായാണ് വിവരം.
രാജിക്കത്ത് ഇതുവരെ നൽകിയിട്ടില്ല
ദേവൻ രാജി പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗിക രാജിക്കത്ത് ബിജെപിക്ക് ഇതുവരെ കൈമാറിയിട്ടില്ല. വ്യക്തിപരമായ ചില തിരക്കുകൾ കാരണമാണ് വൈകുന്നതെന്നും ഇന്നോ നാളെയോ ഇ-മെയിൽ വഴി രാജിക്കത്ത് നൽകുമെന്നും ദേവൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ദേവന്റെ രാജി തടയാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ ശ്രമങ്ങൾ തുടരുകയാണ്.










