
മുൻ പ്രധാനമന്ത്രിയും ജെഡിഎസ്സ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ, കോൺഗ്രസ്സ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെ, ബിജെപി നേതാവ് കെ നാരായൺ, കോൺഗ്രസ്സ് അംഗം ഈരണ്ണ കഡാഡി എന്നീ കർണാടകത്തിൽ നിന്നുള്ള നാല് രാജ്യസഭ അംഗങ്ങളുടെ കാലാവധി ഈ വരുന്ന ജൂൺ 25ന് അവസാനിക്കുകയാണ്. 2019 ൽ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കർണാടകത്തിൽ ജെഡിഎസ്സ് കോൺഗ്രസ്സിനോടൊപ്പമായിരുന്നു. സ്വന്തം മണ്ഡലമായ ഹാസൻ കൊച്ചുമകൻ പ്രജ്വലിന് നൽകി ദേവഗൗഡ തുമക്കൂരുവിലേക്ക് മാറി. എന്നാൽ അവിടെ അദ്ദേഹം ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. 2020 ൽ ദേവഗൗഡയെ രാജ്യസഭയിലെത്താൻ കോൺഗ്രസ്സ് സഹായിച്ചു. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസ്സ്, കോൺഗ്രസ്സ്, ബിജെപി കക്ഷികൾ തനിച്ചാണ് മത്സരിച്ചത്. കോൺഗ്രസ്സ് വൻ ഭൂരിപക്ഷം നേടി അധികാരം പിടിച്ചു. ബിജെപിയുടെ സീറ്റുകളുടെ എണ്ണം ഏതാണ്ട് പകുതിയായി കുറഞ്ഞു. ജെഡിഎസ്സ് കേവലം 19സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പിന്നെ അധികം താമസിച്ചില്ല. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജെഡിഎസ്സും ബിജെപിയും സഖ്യത്തിലായി. ഒരു രാജ്യസഭ അംഗത്തെ ജയിപ്പിക്കാൻ 45 എംഎൽഎമാരുടെ പിന്തുണ വേണം 136 എം എൽ എമാരുള്ള കോൺഗ്രസിന് മൂന്നുപേരെ വിജയിപ്പിക്കാനാവും. 83 കാരനായ ഖാർഗെയെ കോൺഗ്രസ്സ് വീണ്ടും രാജ്യസഭയിലെത്തിക്കും. 62 എം എൽ എമാരുള്ള ബിജെപിയ്ക്ക് 18 ജെഡിഎസ്സ് എംഎൽ എമാരുടെ പിന്തുണയുണ്ടായാലും ഒരാളെയെ ജയിപ്പിക്കാനാവൂ. ഖാർഗെയെ കൂടാതെ മറ്റു രണ്ടു നേതാക്കളെ കൂടി കോൺഗ്രസ്സ് രാജ്യസഭയിലെത്തിക്കും. മുൻ മുഖ്യമന്ത്രി സദാനന്ദഗൗഡയെ രാജ്യസഭാസ്ഥാനാർത്ഥി യാക്കാനാണ് ബിജെപി സംസ്ഥാന കോർ കമ്മിറ്റി ശുപാർശ ചെയ്തത്. എന്നാൽ പ്രധാനമന്ത്രിയും അമിത് ഷായും ചിന്തിക്കുന്നത് മറ്റൊന്നാണ്. മുതിർന്ന നേതാവായ ദേവഗൗഡയെ രാജ്യസഭ അംഗമാക്കിയാൽ ജെഡിഎസ്സുമായുള്ള സഖ്യം സുദൃഢമാക്കാനാകുമെന്ന് ബിജെപി ദേശീയ നേതൃത്വം കരുതുന്നു. 93 കാരനായ രാഷ്ട്രീയ ഭീഷ്മാചാര്യർ ദേവഗൗഡ ഇത്തവണ ബിജെപിയുടെ പിന്തുണയോടെ രാജ്യസഭയിൽ എത്തിയേക്കും. സംസ്ഥാന നേതാക്കൾക്ക് അക്കാര്യത്തിലുള്ള എതിർപ്പ് ബിജെപി സംസ്ഥാന നേതൃത്വം കാര്യമാക്കുന്നില്ല.
Photo Courtesy - Google











