01:24pm 15 August 2026
NEWS
ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിൽ ഓഡിറ്റ് സംഘത്തിന്റെ അന്വേഷണം
17/07/2026  07:54 AM IST
nila
ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിൽ ഓഡിറ്റ് സംഘത്തിന്റെ അന്വേഷണം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ട് വിനിയോഗത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിയുടെ ആഭ്യന്തര ഓഡിറ്റ് സംഘം വിശദമായ പരിശോധന നടത്തും. പതിവ് വാർഷിക ഓഡിറ്റിന്റെ ഭാഗമായാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്കുകളും പ്രത്യേകമായി പരിശോധിക്കുന്നത്. നിയോജകമണ്ഡലം തലത്തിൽ നിന്ന് സംസ്ഥാന കമ്മിറ്റി വരെയുള്ള സാമ്പത്തിക ഇടപാടുകളാണ് ഓഡിറ്റിന് വിധേയമാകുക. മണ്ഡലം ഭാരവാഹികളും സ്ഥാനാർഥികളും ഓഡിറ്റ് നടപടികളിൽ പങ്കെടുക്കുമെന്നാണ് വിവരം.

കേന്ദ്ര കമ്മിറ്റി സൗജന്യമായി നൽകിയ പതാകകൾ മണ്ഡലം കമ്മിറ്റികൾക്ക് രണ്ട് ലക്ഷം രൂപ വീതം ഈടാക്കി വിറ്റതായി ഉയർന്ന പരാതികളും ഓഡിറ്റ് സംഘം പരിശോധിക്കും. ഇത്തരം ഇടപാടുകൾ നടന്ന മണ്ഡലങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താനാണ് ശ്രമം.

സംസ്ഥാന ഇലക്ഷൻ മാനേജ്മെന്റ് കമ്മിറ്റി (ഇഎംസി) നടത്തിയ പ്രവർത്തനങ്ങളും ഓഡിറ്റിന്റെ പ്രധാന പരിധിയിലുണ്ടാകും. സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസും പരിശോധനാ നടപടികളിൽ പങ്കെടുക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് സാമഗ്രികൾക്കായി 1.62 കോടി രൂപയുടെ കരാർ ആരാണ് ഏറ്റെടുത്തതെന്നും, കരാറുകൾ മറ്റുള്ളവർക്ക് കൈമാറി കമ്മിഷൻ നേടിയെന്ന ആരോപണങ്ങളും അന്വേഷണവിധേയമാകും.

ഇഎംസിയുമായി ബന്ധപ്പെട്ടിരുന്ന ഒരു വിദ്യാർഥി നേതാവ് പണം നിറച്ച ബാഗുമായി എടുത്ത സെൽഫി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും പിന്നീട് അത് പിൻവലിച്ചതും വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ടുമായി ഇതിന് ബന്ധമുണ്ടോയെന്നും ഓഡിറ്റിൽ പരിശോധിക്കും. ഇതിനുപുറമെ, കോട്ടയത്തെ ഒരു യുവ നേതാവ് അടുത്തിടെ കാർ വാങ്ങിയതും തിരുവനന്തപുരം ജില്ലയിലെ ഒരു സ്ഥാനാർഥി ഭാര്യയുടെ ബന്ധുവിന്റെ പേരിൽ വാഹനം വാങ്ങിയെന്ന ആരോപണങ്ങളും പരിശോധനയുടെ ഭാഗമാകും. ഉയർന്ന എല്ലാ ആരോപണങ്ങൾക്കും ഓഡിറ്റിലൂടെ വ്യക്തത വരുത്താനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img