06:32am 13 November 2026
NEWS
ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച കോൺഗ്രസാണ് മതേതരത്വം പഠിപ്പിക്കാൻ വരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ
27/10/2025  09:46 AM IST
nila
 ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച കോൺഗ്രസാണ് മതേതരത്വം പഠിപ്പിക്കാൻ വരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ

ചെങ്ങന്നൂർ: മത നിരപേക്ഷതക്കും ജനാധിപത്യത്തിനുമെതിരെ മുദ്യാവാക്യം ഉയർത്തുന്ന ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച കോൺഗ്രസാണ് മതേതരത്വം പഠിപ്പിക്കാൻ വരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ചെങ്ങന്നൂരിൽ അഖില ഭാരതീയ പൂർവസൈനിക സേവാ പരിഷത്ത് (എബിപിഎസ്എസ്പി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇക്കാര്യങ്ങൾ വ്യക്തമായതാണ്. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഒരുപോലെ കാണുന്ന പാർട്ടിയാണ് ബിജെപി. വികസന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുമ്പോൾ അവിടെ കോൺഗ്രസും കമ്യൂണിസ്റ്റും ജമാഅത്തെ ഇസ്ലാമിക്കൊപ്പം കൂട്ടുകൂടുന്നു. ഇത്തരം സംസ്‌കാരം മാറണമെങ്കിൽ മതേതരത്വം എന്നതിൽ കൃത്യമായ ചർച്ച നടക്കണം. ബിജെപിയും ആർഎസ്എസുമാണ് മതേതര പ്രസ്ഥാനം. കേരളത്തിൽ ജനാതിപത്യ സംവിധാനത്തിൽ ഉത്തരവാദിത്വം ഇല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. അഞ്ച് വർഷം മുമ്പ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവച്ചപ്പോൾ അത് ചവുട്ടിവയ്ക്കാൻ ശ്രമിച്ചവരാണ് കേരളത്തിലെ രാഷ്ട്രീയക്കാർ. അതിന്റെ ദോഷഫലം അനുഭവിച്ചത് പാവപ്പെട്ട വിദ്യാർത്ഥികളാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സംസ്‌കാരത്തിൽ മാറ്റമുണ്ടായാലേ കേരളത്തിൽ മാറ്റമുണ്ടാക്കാനും വികസിത കേരളം സൃഷ്ടിക്കാനും സാധിക്കൂ, രാജീവ് ചന്ദ്രശേഖർ പറഞ്ഞു. റിട്ട. ലെഫ്. ജനറൽ എം. ഉണ്ണികൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തി. സമൂഹത്തിലുണ്ടാകുന്ന ഏതു വെല്ലുവിളികളെയും നേരിടാൻ കഴിവുള്ളവരാണ് സൈനികർ. പരിശീലനത്തിലൂടെ സൈനികർക്ക് സമഗ്ര വികാസം ഉണ്ടാകുന്നു. ഏതുസാഹചര്യത്തെ നേരിടാനും ഏതു ജോലി ചെയ്യാനും കഴിവുള്ളവരാണ് സൈനികർ.വിരമിച്ച സൈനികരുടെ കഴിവുകൾ കണ്ടെത്തി പ്രയോജനപ്പെടുത്താൻ തൊഴിൽദാതാക്കൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.


 50 ശതമാനം അഗ്നിവീറുകളെ സൈന്യത്തിൽ നിലനിർത്തണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുള്ളതായി എബിപിഎസ്എസ്പി ദേശീയ ജനറൽ സെക്രട്ടറി ബ്രിഗേഡിയർ ഡി.എസ്. ത്രിപാഠി പറഞ്ഞു. അടുത്ത വർഷം നാല് വർഷത്തെ സേവന കാലാവധി പൂർത്തിയാകുന്ന അഗ്നിവീറുകളിൽ കുറഞ്ഞത് 50 ശതമാനത്തെ നിലനിർത്തണമെന്ന കാര്യം സേനാ നേതൃത്വത്തെയും ആർമി ഹെഡ് ക്വാർട്ടേഴ്‌സിനെയും പ്രതിരോധ മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് മുൻ സൈനികർക്ക് രാഷ്ട്രനിർമാണത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും അവർ തീർച്ചയായും പ്രതീക്ഷകൾക്കൊത്ത് ഉയരണമെന്നും ത്രിപാഠി പറഞ്ഞു.


എബിപിഎസ്എസ്പി സംസ്ഥാന അധ്യക്ഷൻ റിട്ട. മേജർ ജനറൽ ഡോ. പി. വിവേകാനന്ദൻ അധ്യക്ഷനായി. ആർഎസ്എസ് മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ, സൈന്യ മാതൃശക്തി പ്രസിഡന്റ് റിട്ട. മേജർ അമ്പിളി ലാൽ കൃഷ്ണ,  സ്വാഗതസംഘം ചെയർമാൻ റിട്ട. ലെഫ്. ജനറൽ ഡോ. അജിത് നീലകണ്ഠൻ, എബിപിഎസ്എസ്പി  വൈസ് പ്രസിഡന്റ് പി.ആർ. രാജൻ എന്നിവർ സംസാരിച്ചു.


രാഷ്ട്രം അശോക്ചക്ര നല്കി ആദരിച്ച സൈനികർ, വീരനാരികൾ, സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ സൈനികർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. രക്ഷാധികാരി റിട്ട. ക്യാപ്റ്റൻ കെ. ഗോപകുമാർ, വൈസ് പ്രസിഡന്റുമാരായ എസ്. സഞ്ജയൻ, രവീന്ദ്രനാഥ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി മധു വട്ടവിള വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സമാപന സഭയിൽ സംഘടന സെക്രട്ടറി കെ. സേതുമാധവൻ സംസാരിച്ചു. ട്രഷറർ പി.പി. ശശിധരൻ,  സൈന്യ മാതൃശക്തി ജനറൽ സെക്രട്ടറി ലത.വി, ട്രഷറർ സുഗത പി.സി., വർക്കിങ് പ്രസിഡന്റ് ബീന രവീന്ദ്രൻ, എബിപിഎസ്എസ്പി വർക്കിങ് പ്രസിഡന്റ് റിട്ട. കേണൽ അച്യുതൻ, വൈസ് പ്രഡിഡന്റ് ഗ്രൂപ്പ് ക്യാപ്റ്റൻ ഹരി. സി. ശേഖർ, മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗം മുരളീധരഗോപാൽ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബി. രാജഗോപാലൻ നായർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.