
ഭാരതീയ ജനതാ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ ഉപരോധിച്ചു. ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ. എസ്. ഷൈജുവിൻ്റെ നേതൃത്വത്തിലാണ് ഉപരോധ സമരം നടന്നത്. പൗരൻ്റെ ജനാധിപത്യ അവകാശങ്ങൾ ഹനിക്കുന്ന രീതിയിൽ യാതൊരു തത്വദീക്ഷയും ഇല്ലാതെ പുതുതായി വോട്ടുചേർത്തവരുടേത് അടക്കമുള്ള വോട്ടുകൾ വെട്ടിയത് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുകയും തക്കതായ പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വോട്ടർ പട്ടികയിൽ ഇലക്ഷൻ കമ്മിഷൻ ആവശ്യപ്പെട്ട രേഖകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹിയറിങ്ങിന് നേരിട്ട് ഹാജരായി പുതുതായി ചേർത്ത വോട്ടുകൾ സി പി എം ഓഫിസിൽ നിന്ന് നൽകിയ ലിസ്റ്റനുസരിച്ച് നീക്കം ചെയ്യാൻ വേണ്ടി ഹിയറിങ്ങിന് വീണ്ടും ഹാജരാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കത്ത് നൽകിയിരിക്കുകയാണ്. ഹിയറിങ്ങിന് ഹാജരാവേണ്ട ആളുകളുടെ ശരിയായ അഡ്രസ്സുകൾ പല കത്തുകളിലും ഇല്ല. അതുകൊണ്ടുതന്നെ ഇവ സമയത്ത് തന്നെ വോട്ടർമാർക്ക് കിട്ടുന്നതുമില്ല, കൂടാതെ ഇത് പല പോസ്റ്റ് ഓഫീസുകളിലും കെട്ടിക്കിടക്കുകയാണ്. കൊച്ചിൻ കോർപ്പറേഷനിലെ 27, 28 ഡിവിഷനുകളിലെ 500 ൽ അധികം ലെറ്ററുകൾ പോസ്റ്റ് ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. അവ കൃത്യമായ അഡ്രസ്സ് ഇല്ലാത്തതിനാൽ വിതരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉള്ളതിനാൽ കോർപ്പറേഷനിലേക്ക് തിരിച്ച് അയക്കുകയാണെന്ന് ബന്ധപ്പെട്ട പോസ്റ്റൽ ഉദ്യോഗസ്ഥർ പറഞ്ഞതായും, കൃത്യസമയത്ത് ഹിയറിങ് നോട്ടീസ് കിട്ടാതെ ഇരിക്കുന്നവർ ഹാജരാകാതെ വരുമ്പോൾ അവരുടെ വോട്ടുകൾ സ്ഥലത്ത് ഇല്ല എന്ന് പറഞ്ഞുകൊണ്ട് വെട്ടുന്നു. ഇത് സിപിഎമ്മിന് എതിരായിട്ടുള്ള ആളുകളുടെ വോട്ടുകൾ തിരഞ്ഞുപിടിച്ച് വെട്ടാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്ന് ഉപരോധശേഷം പത്രപ്രവർത്തകരോട് ജില്ലാ അധ്യക്ഷൻ കെ എസ് ഷൈജു പറഞ്ഞു. കോർപ്പറേഷൻ കൗൺസിലറും സംസ്ഥാന സമിതി അംഗവുമായ സുധ ദിലീപ്, കോർപ്പറേഷൻ കൗൺസിലറും ജില്ലാ ജനറൽ സെക്രട്ടറിയുമായ പ്രിയ പ്രശാന്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ് സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ, ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ, കോർപ്പറേഷൻ കൗൺസിലറും ജില്ലാ സെക്രട്ടറിയുമായ പത്മകുമാരി, ജില്ലാ മീഡിയ സെൽ കൺവീനർ നവീൻ ശിവൻ , മണ്ഡലം പ്രസിഡൻറ് സ്വരാജ് എന്നിവർ പങ്കെടുത്തു.
Photo Courtesy - Google










