06:51pm 12 November 2026
NEWS
ക്രിസ്ത്യൻ വോട്ടുകൾ ഇക്കുറിയും കിട്ടിയില്ല; ബിജെപിയുടെ വിജയപ്രതീക്ഷകൾക്ക് മങ്ങൽ
12/04/2026  07:25 AM IST
nila
ക്രിസ്ത്യൻ വോട്ടുകൾ ഇക്കുറിയും കിട്ടിയില്ല; ബിജെപിയുടെ വിജയപ്രതീക്ഷകൾക്ക് മങ്ങൽ

തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യൻ വോട്ടർമാരെ ലക്ഷ്യമിട്ട് ബി.ജെ.പി നടത്തിയ ഔട്ട്റീച്ച് നീക്കങ്ങൾ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കിയില്ലെന്ന ആശങ്ക പാർട്ടിക്കുള്ളിൽ ശക്തമാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ തന്ത്രം കാര്യമായ ഫലം കണ്ടില്ലെന്നാണ് പുതിയ വിലയിരുത്തൽ. ആദ്യം 12 മണ്ഡലങ്ങളിൽ വിജയസാധ്യതയുണ്ടെന്നായിരുന്നു സംസ്ഥാനഘടകം കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നത്, എന്നാൽ ഇപ്പോൾ ആ പ്രതീക്ഷ കുറയുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ഒന്നോ രണ്ടോ സീറ്റുകളിൽ മാത്രമാണ് ബിജെപി നേതൃത്വവും ഇപ്പോൾ വിജയപ്രതീക്ഷ പുലർത്തുന്നത്. 

ഇപ്പോൾ നേമവും കഴക്കൂട്ടവുമാണ് ബി.ജെ.പി കൂടുതൽ വിജയ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങൾ. മഞ്ചേശ്വരം, പാലക്കാട് എന്നിവിടങ്ങളിലും  വിജയ സാധ്യതകൾ നിലനിൽക്കുന്നുവെന്ന് നേതൃത്വം കരുതുന്നു. നേമത്തും കഴക്കൂട്ടത്തും അടിയൊഴുക്ക് ഉണ്ടായിരുന്നുവെന്നും അത് ഫലം നിർണയിക്കാമെന്നുമാണ് വിലയിരുത്തൽ.

നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്ന സാഹചര്യത്തിൽ മുസ്ലിം വോട്ടുകൾ യു.ഡി.എഫിനും എൽ.ഡി.എഫിനുമായി വിഭജിക്കപ്പെട്ടതായി ബി.ജെ.പി കരുതുന്നു. നാടാർ വോട്ട് യു.ഡി.എഫിനും നായർ വോട്ട് ബി.ജെ.പിക്കും അനുകൂലമായെന്നാണ് വിലയിരുത്തൽ. നേമത്തെ അടിസ്ഥാന വോട്ട്ബാങ്കും കഴക്കൂട്ടത്ത് വി. മുരളീധരന്റെ ദീർഘകാല സാന്നിധ്യവും പാർട്ടിക്ക് ​ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി നേതൃത്വം.

വോട്ടെടുപ്പിന് മുമ്പ് കൊണ്ടുവന്ന വിദേശസംഭാവന നിയന്ത്രണ നിയമഭേദഗതി (എഫ്.സി.ആർ.എ.) കേരളത്തിൽ പ്രതികൂലമായി ബാധിച്ചുവെന്നാണ് ബിജെപി വിലയിരുത്തൽ. എങ്കിലും ക്രിസ്ത്യൻ സമൂഹത്തിൽ നിന്നുള്ള ചില വോട്ടുകൾ ലഭിച്ചതായി ബി.ജെ.പി കണക്കാക്കുന്നു. സഭാധ്യക്ഷന്മാർക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും ​ഗുണം ചെയ്യുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.

തിരഞ്ഞെടുപ്പിന് ശേഷം പി.സി. ജോർജും ഷോൺ ജോർജും സഭകളെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ സംഭവത്തിൽ ബിജെപി നേതൃത്വം നിലപാട് എടുക്കാതിരുന്നതും ശ്രദ്ധേയമാണ്. ഔട്ട്റീച്ച് ശ്രമങ്ങളിൽ ഉണ്ടായ തിരിച്ചടിയാണ് ഇതിന് പിന്നിലെന്നാണ് സൂചന.

പാലായിൽ നടത്തിയ വിലയിരുത്തലിൽ വലിയ തോതിൽ ക്രിസ്ത്യൻ വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും, നേതൃത്വത്തിന് വിജയപ്രതീക്ഷയില്ല. 30 എ-ക്ലാസ് മണ്ഡലങ്ങളിൽ 12 ഇടങ്ങളിലാണ് ബിജെപിക്ക് വിജയ പ്രതീക്ഷ ഉണ്ടായിരുന്നത്. ഓരോ മണ്ഡലത്തിലും എഫ്.സി.ആർ.എ.യുടെ സ്വാധീനം പ്രത്യേകം പരിശോധിക്കാനാണ് തീരുമാനം. സഭാ നേതൃത്വത്തെക്കാൾ വിശ്വാസികളുമായി നേരിട്ട് ബന്ധപ്പെടുന്ന സമീപനം എത്രത്തോളം ഫലപ്രദമായിരുന്നുവെന്നും പാർട്ടി വിലയിരുത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img