04:30pm 05 May 2026
NEWS
2014ൽ വെറും നാല് മുഖ്യമന്ത്രിമാർ; ഇപ്പോൾ 22 ഇടത്ത് ഭരണം; ബിജെപിയുടെ 12 വർഷത്തെ വളർച്ച അമ്പരപ്പിക്കുന്നത്
05/05/2026  03:25 PM IST
nila
2014ൽ വെറും നാല് മുഖ്യമന്ത്രിമാർ; ഇപ്പോൾ 22 ഇടത്ത് ഭരണം; ബിജെപിയുടെ 12 വർഷത്തെ വളർച്ച അമ്പരപ്പിക്കുന്നത്

ന്യൂഡൽഹി: പശ്ചിമ ബം​ഗാളിലും അധികാരം പിടിച്ചതോടെ രാജ്യത്ത് ബിജെപി ഭരിക്കുന്ന ഭൂപ്രദേശത്തിന്റെ വിസ്തൃതി വീണ്ടും വിപുലമായി. നിലവിൽ കേന്ദ്രഭരണ പ്രദേശം ഉൾപ്പെടെ 22 ഇടത്താണ് ബിജെപിയും സഖ്യകക്ഷികളും ചേർന്ന് ഭരിക്കുന്നത്. 12 വർഷം കൊണ്ട് വലിയ വളർച്ചയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപിക്കുണ്ടായിരിക്കുന്നത്. 2014ൽ വെറും നാല് സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു ബിജെപി മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നത്. 

2014-ൽ രാജ്യത്തിന്റെ ഭൂവിസ്തൃതിയുടെ 34 ശതമാനം മാത്രമായിരുന്നു ബിജെപി ഭരണത്തിലുണ്ടായിരുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ നാലിലൊന്ന് മാത്രമാണ് ബിജെപിക്ക് അനുകൂലമായി ഉണ്ടായിരുന്നത്. എന്നാൽ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സ്വാധീനം ആകെ ഭൂവിസ്തൃതിയുടെ 74 ശതമാനത്തിലേക്കെത്തി. ജനസംഖ്യയുടെ 69 ശതമാനമാണ് ഇപ്പോൾ ബിജെപി ഭരണത്തിൻകീഴിലുള്ളത്.

നിലവിൽ 17 സംസ്ഥാനങ്ങളിൽ ബിജെപിയുടെ മുഖ്യമന്ത്രിമാരാണ് ഭരിക്കുന്നത്. ഉത്തർപ്രദേശും ബീഹാറും കൂടാതെ ഗുജറാത്ത്, ഹരിയാണ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും ബിജെപി ഭരണത്തിലേക്കെത്തി. മഹാരാഷ്ട്രയിലും ഹരിയാണയിലും സഖ്യകക്ഷികളോടൊപ്പമാണ് ബിജെപി ഭരണത്തിലെത്തിയത്. മഹാരാഷ്ട്രയിൽ സഖ്യം പൊളിഞ്ഞതും ഝാർഖണ്ഡിലെ പരാജയവുമാണ് ഈ കാലയളവിൽ ബിജെപിക്കുണ്ടായ പ്രധാന തിരിച്ചടികൾ. 

അതേസമയം, ബിജെപിക്ക് ഇപ്പോഴും ബാലികേറാമലയായി അവശേഷിക്കുന്നത് ദക്ഷിണേന്ത്യയാണ്. കേരളം, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ കോൺ​ഗ്രസ് ഭരണമാണ്.. തമിഴ്‌നാട്ടിൽ അധികാരത്തിലെത്താൻ പോകുന്നത് ബിജെപി പ്രത്യയശാസ്ത്ര ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന ടിവികെ ആണ്.  പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ഇപ്പോൾ ബിജെപിക്ക് ഒപ്പമല്ല. ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിനൊപ്പമുള്ള സർക്കാരിൽ പങ്കാളിയാണ് ബിജെപി. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളാണ് കർണാടകയും ആന്ധ്രാപ്രദേശും. തെലങ്കാനയിലും ബിജെപി ശക്തി വർധിപ്പിക്കുന്നുണ്ട്.

ബംഗാളിലെ വിജയത്തിന് പിന്നാലെ 'ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ താമര വിരിഞ്ഞു' എന്നാണ് ഈ നേട്ടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ബംഗാളിലെ വിജയത്തിന് ശേഷം ബിജെപി ഇനി ലക്ഷ്യമിടുന്നത് പഞ്ചാബിനെയാണ്. അടുത്ത വർഷത്തോടെ മുഖ്യമന്ത്രിമാരുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കാനാണ് പാർട്ടി പദ്ധതിയിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img