07:07pm 15 June 2026
NEWS
ഇസ്‌ലാംപൂർ മാറ്റി ‘ശ്രീരാംപൂർ’ ആക്കണം; ​ഗ്രാമത്തിന്റെ പേരുമാറ്റൽ നിർദേശത്തിനെതിരെ ഗ്രാമവാസികൾ രംഗത്ത്
15/06/2026  04:44 PM IST
nila
ഇസ്‌ലാംപൂർ മാറ്റി ‘ശ്രീരാംപൂർ’ ആക്കണം; ​ഗ്രാമത്തിന്റെ പേരുമാറ്റൽ നിർദേശത്തിനെതിരെ ഗ്രാമവാസികൾ രംഗത്ത്

രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇസ്‌ലാംപൂർ ഗ്രാമത്തിന്റെ പേര് ‘ശ്രീരാംപൂർ’ എന്നാക്കി മാറ്റാനുള്ള നീക്കം വിവാദമാകുന്നു. ഏകദേശം 400 വർഷത്തിലേറെ പഴക്കമുള്ള ഗ്രാമത്തിന്റെ പേരുമാറ്റം ചരിത്രപരമായ പൈതൃകത്തെയും പ്രാദേശിക സ്വത്വത്തെയും ബാധിക്കുമെന്നാണ് നാട്ടുകാരുടെ ആരോപണം. ജുൻജുനു ജില്ലയിലെ ഏറ്റവും വലിയ റവന്യൂ ഗ്രാമങ്ങളിലൊന്നായ ഇസ്‌ലാംപൂരിൽ ഏകദേശം 15,000 പേരാണ് താമസിക്കുന്നത്. ഭരണകക്ഷിയായ ബിജെപി എംഎൽഎ രാജേന്ദ്ര ഭാംബു ഗ്രാമത്തിന്റെ പേര് ‘ശ്രീരാംപൂർ’ എന്നാക്കി മാറ്റണമെന്ന് സംസ്ഥാന സർക്കാരിനോട് ശിപാർശ ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിനു മുൻപുള്ള പേരിനെ മാറ്റി പ്രാദേശിക വികാരങ്ങൾക്ക് അനുസൃതമായ പേര് നൽകണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

എന്നാൽ, ഈ വാദം ഗ്രാമവാസികൾ ശക്തമായി തള്ളിക്കളയുകയാണ്. 1904-ലെ രേഖകൾ മുതൽ 1943, 1951 വർഷങ്ങളിലെ സ്കൂൾ രേഖകളിലും 1946-ലെ സൈനിക രേഖകളിലും വരെ ഗ്രാമത്തിന്റെ പേര് ‘ഇസ്‌ലാംപൂർ’ എന്നാണുള്ളതെന്ന് അഞ്ജുമാൻ അൽ പത്താൻ സംഘടനയുടെ സെക്രട്ടറി ഇബ്രാഹിം ഖാൻ ചൂണ്ടിക്കാട്ടി. ഗ്രാമത്തിന്റെ ചരിത്രവും പാരമ്പര്യവും ഈ പേരുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമത്തിലെ നിരവധി കുടുംബങ്ങൾ മഹാറാണ പ്രതാപിന്റെ സൈന്യത്തിലെ പ്രശസ്ത കമാൻഡറായ ഹക്കിം ഖാൻ സൂരിയുടെ പിൻഗാമികളാണെന്ന അവകാശവാദവും നാട്ടുകാർ ഉയർത്തുന്നുണ്ട്. ‘ഇസ്‌ലാംപൂർ’ എന്നത് ഒരു പേരിൽ ഒതുങ്ങുന്നതല്ല; തലമുറകളുടെ ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തുന്ന തിരിച്ചറിയലാണെന്ന് അവർ പറയുന്നു.

പേരുമാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഗ്രാമവാസികൾ തിങ്കളാഴ്ച സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഗ്രാമത്തിലെ ക്ഷേത്രം, പള്ളി, ഹസ്രത്ത് ഇറാദത്തുള്ള ഷായുടെ ദർഗ എന്നിവ വർഷങ്ങളായി നിലനിൽക്കുന്ന മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളാണെന്നും പേരുമാറ്റം ആ പാരമ്പര്യത്തിന് തിരിച്ചടിയാകുമെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു.

ഇതിനിടെ മുൻ മന്ത്രി രാജേന്ദ്ര സിങ് ഗുധയും പേരുമാറ്റത്തിനെതിരെ രംഗത്തെത്തി. ഇസ്‌ലാംപൂരിൽ നിന്ന് ജുൻജുനു കലക്ടറേറ്റിലേക്ക് പദയാത്ര നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിഷയത്തിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ഓഫീസ് ജില്ലാ ഭരണകൂടത്തോട് നിർദേശിച്ചിട്ടുണ്ട്. അനുകൂല-പ്രതികൂല വാദങ്ങളും ലഭ്യമായ രേഖകളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img