
മുംബൈ: കോടികളുടെ ആസ്തി, എംഎൽഎ പദവി, സുരക്ഷാ ജീവനക്കാരുടെ അകമ്പടി... ഇതെല്ലാം മാറ്റിവച്ച് ഒരു ദിവസം മുംബൈയിലെ തെരുവിൽ ഭിക്ഷക്കാരന്റെ വേഷത്തിൽ ഇരിക്കുകയായിരുന്നു ബിജെപി എംഎൽഎ പരാഗ് ഷാ. ആദ്യം കണ്ടവർക്ക് അത് ആരാണെന്ന് തിരിച്ചറിയാനായില്ല. എന്നാൽ പിന്നീട് പുറത്തുവന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കഥ മാറി.
ഘാട്‌കോപർ ഈസ്റ്റിൽ നിന്നുള്ള എംഎൽഎയാണ് പരാഗ് ഷാ. മേക്കപ്പിലൂടെ രൂപം മാറ്റിയാണ് അദ്ദേഹം റോഡരികിൽ ഭിക്ഷക്കാരനായി ഇരുന്നത്. വഴിയാത്രക്കാരോട് ഭിക്ഷ ചോദിക്കുകയും അവർ നൽകിയ ഭക്ഷണം കഴിക്കുകയും ചെയ്തു. മണിക്കൂറുകളോളം സാധാരണ ഭിക്ഷക്കാരനെപ്പോലെ ജീവിച്ച ശേഷമാണ് അദ്ദേഹം യഥാർഥ രൂപത്തിലേക്ക് മടങ്ങിയത്.
ജൈന ആത്മീയ ഗുരു നമ്രമുനിയുടെ നിർദേശമാണ് ഇത്തരമൊരു അനുഭവത്തിന് പിന്നിൽ. ജൈനമതത്തിലെ ചാതുർമാസ കാലയളവിൽ ഒരു ദിവസം ഭിക്ഷക്കാരന്റെ ജീവിതം നേരിട്ട് അനുഭവിക്കണമെന്നായിരുന്നു ഗുരുവിന്റെ ഉപദേശം. ഇതനുസരിച്ച് സുരക്ഷയും സൗകര്യങ്ങളുമെല്ലാം ഒഴിവാക്കിയാണ് എംഎൽഎ തെരുവിലിറങ്ങിയത്.
തന്റെ യഥാർഥ സാമൂഹിക പദവിയോ സാമ്പത്തിക നിലയോ അറിയാത്തപ്പോൾ ആളുകൾ എങ്ങനെയാണ് പെരുമാറുന്നതെന്ന് നേരിട്ട് മനസ്സിലാക്കാനായിരുന്നു ശ്രമമെന്ന് പരാഗ് ഷാ പറഞ്ഞു. മുംബൈയിലെ സാധാരണക്കാർക്ക് മറ്റുള്ളവരെ സഹായിക്കാനുള്ള മനസുണ്ടെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
ഒരു വ്യക്തി 20 രൂപ നൽകി ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പിന്നീട് ഒരു സമൂസക്കടയിൽ നിന്ന് ഭക്ഷണം വാങ്ങാൻ ശ്രമിച്ചപ്പോൾ കടക്കാരൻ പണം വാങ്ങാൻ തയ്യാറായില്ല. സമൂഹത്തിലെ സാധാരണ മനുഷ്യരുടെ കരുതൽ നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞതായാണ് എംഎൽഎയുടെ പ്രതികരണം.
എന്നാൽ പരാഗ് ഷായുടെ രാഷ്ട്രീയ ജീവിതത്തിനൊപ്പം അദ്ദേഹത്തിന്റെ സാമ്പത്തിക പശ്ചാത്തലവും ശ്രദ്ധേയമാണ്. റിയൽ എസ്റ്റേറ്റ് മേഖലയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 2024ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 3,383 കോടി രൂപയുടെ ആസ്തിയാണ് പരാഗ് ഷാ പ്രഖ്യാപിച്ചത്. നേരത്തെ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്.
കോടികളുടെ ആസ്തിയുള്ള എംഎൽഎ... ഒരു ദിവസം മുംബൈ തെരുവിൽ ഭിക്ഷക്കാരനായി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് പരാഗ് ഷായുടെ ഈ വ്യത്യസ്തമായ അനുഭവമാണ്.










