
സുപ്രീം കോടതി മുൻകൂർ ജാമ്യഹരജി നിരസിച്ചതിനെ തുടർന്നാണ് രണ്ടുദിവസം മുമ്പ് കർണാടക പോലീസിന്റെ സിഐഡി വിഭാഗം കെ ആർ പുരയിൽ നിന്നുള്ള ബിജെപി എംഎൽഎ ബസവരാജിനെ അറസ്റ്റ് ചെയ്തത്. ബംഗളുരു വിമാനത്താവളത്തിൽ വെച്ചാണ് മുൻമന്ത്രിയായ അദ്ദേഹം പിടിയിലായത്. അറസ്റ്റിനു ശേഷം ബോറിങ് ആശുപത്രിയിൽ നടത്തിയ ചട്ടപ്രകാരമുള്ള വൈദ്യ പരിശോധനയിൽ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് ബസവരാജ് പരാതിപ്പെട്ടതിനാൽ അദ്ദേഹത്തെ ജയദേവ ആശുപത്രിയിൽ ഹൃദയ പരിശോധന നടത്താൻ ജഡ്ജി നിർദ്ദേശിച്ചിരുന്നു. ഹൃദയപരമായ അസുഖങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകി. ഇന്നലെ രാത്രിയാണ് ജഡ്ജിയുടെ കോറമംഗലയുള്ള വസതിയിൽ ബസവരാജിനെ ഹാജരാക്കിയത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ജഡ്ജി ഈ മാസം ഇരുപത്തൊന്നുവരെ ഏഴുദിവസത്തേക്ക് ബസവരാജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ബിക് ലു ശിവ എന്ന റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനെ കൊലപ്പെടുത്തിയ കേസ്സിൽ അഞ്ചാം പ്രതിയാണ് ബസവരാജ്. കെ ആർ പുര നിയമസഭ മണ്ഡലത്തിൽ ധാരാളം മലയാളികളുണ്ട്. കോൺഗ്രസ്സിൽ നിന്നും ബിജെപിയിലെത്തിയ നേതാവാണ് ബൈരതി ബസവരാജ്. പാർട്ടി മാറിയെങ്കിലും അദ്ദേഹത്തിന്റെ വിപുലമായ അനുയായി വൃന്ദത്തിൽ കുറെയേറെ മലയാളികളുണ്ട്. ഒരു ഭൂമി ഇടപാടുമായി ഉണ്ടായ തർക്കത്തിൽ ബസവരാജിന്റെ അടുത്ത അനുയായി ബിക് ലു ശിവയെ വെടിവെച്ച് കൊലപ്പെടുത്തി എന്നാണ് പോലീസ് കേസ്.
Photo Courtesy - Google











