02:36pm 13 June 2026
NEWS
കൊലക്കേസിൽ അറസ്റ്റിലായ ബിജെപി എംഎൽഎ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിൽ.
16/02/2026  11:17 AM IST
വിഷ്ണുമംഗലം കുമാർ
കൊലക്കേസിൽ അറസ്റ്റിലായ ബിജെപി എംഎൽഎ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിൽ

സുപ്രീം കോടതി മുൻ‌കൂർ ജാമ്യഹരജി നിരസിച്ചതിനെ തുടർന്നാണ് രണ്ടുദിവസം മുമ്പ് കർണാടക പോലീസിന്റെ സിഐഡി വിഭാഗം കെ ആർ പുരയിൽ നിന്നുള്ള ബിജെപി എംഎൽഎ ബസവരാജിനെ അറസ്റ്റ് ചെയ്തത്. ബംഗളുരു വിമാനത്താവളത്തിൽ വെച്ചാണ് മുൻമന്ത്രിയായ അദ്ദേഹം പിടിയിലായത്. അറസ്റ്റിനു ശേഷം ബോറിങ് ആശുപത്രിയിൽ നടത്തിയ ചട്ടപ്രകാരമുള്ള വൈദ്യ പരിശോധനയിൽ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് ബസവരാജ് പരാതിപ്പെട്ടതിനാൽ അദ്ദേഹത്തെ ജയദേവ ആശുപത്രിയിൽ ഹൃദയ പരിശോധന നടത്താൻ ജഡ്ജി നിർദ്ദേശിച്ചിരുന്നു. ഹൃദയപരമായ അസുഖങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകി. ഇന്നലെ രാത്രിയാണ് ജഡ്ജിയുടെ കോറമംഗലയുള്ള വസതിയിൽ ബസവരാജിനെ ഹാജരാക്കിയത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ജഡ്ജി ഈ മാസം ഇരുപത്തൊന്നുവരെ ഏഴുദിവസത്തേക്ക് ബസവരാജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ബിക് ലു ശിവ എന്ന റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനെ കൊലപ്പെടുത്തിയ കേസ്സിൽ അഞ്ചാം പ്രതിയാണ് ബസവരാജ്. കെ ആർ പുര നിയമസഭ മണ്ഡലത്തിൽ ധാരാളം മലയാളികളുണ്ട്. കോൺഗ്രസ്സിൽ നിന്നും ബിജെപിയിലെത്തിയ നേതാവാണ് ബൈരതി ബസവരാജ്. പാർട്ടി മാറിയെങ്കിലും അദ്ദേഹത്തിന്റെ വിപുലമായ അനുയായി വൃന്ദത്തിൽ കുറെയേറെ മലയാളികളുണ്ട്. ഒരു ഭൂമി ഇടപാടുമായി ഉണ്ടായ തർക്കത്തിൽ ബസവരാജിന്റെ അടുത്ത അനുയായി ബിക് ലു ശിവയെ വെടിവെച്ച് കൊലപ്പെടുത്തി എന്നാണ് പോലീസ് കേസ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img