
ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ എംഎൽഎയും രണ്ട് സഹായികളും പിടിയിൽ. കർണാടകയിലെ ഷിരഹട്ടിയിലെ ബിജെപി എംഎൽഎ ചന്ദ്രു ലമാനിയെയും രണ്ടു സഹായികളെയുമാണ് ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. ഗദഗിലെ ഒരു കരാറുകാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എംഎൽഎയുടെ പിഎ മഞ്ജുനാഥും ഗാരു ലുമാനിയും കേസിൽ അറസ്റ്റിലായി.
ചെറുകിട ജലസേചന വകുപ്പിന്റെ പദ്ധതിക്ക് അനുമതി നൽകുന്നതിനായി എംഎൽഎ 11 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കരാറുകാരന്റെ പരാതി. ഇതിന് പിന്നാലെ കരാറുകാരൻ ലോകായുക്തയെ സമീപിച്ചു. തുടർന്ന് അഞ്ചു ലക്ഷം രൂപ കൈമാറുന്ന വേളയിൽ ലമാനിയെയും സഹായികളെയും പിടികൂടുകയായിരുന്നു.
മുമ്പ് താലൂക്ക് ഹെൽത്ത് ഓഫിസറായിരുന്ന ലമാനി, 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സർക്കാർ ജോലി രാജിവച്ചിരുന്നു. അറസ്റ്റിന് പിന്നാലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും, ഒരു ലക്ഷം രൂപ സമീപത്തെ സ്കൂൾ വളപ്പിലേക്ക് എറിഞ്ഞതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണ്.











