
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനായി 'മിഷൻ 100' എന്ന പേരിൽ പുതിയ പ്രചാരണ തന്ത്രം ആവിഷ്കരിച്ച് ബി.ജെ.പി. സംസ്ഥാനത്തെ 100 ഗ്രാമപഞ്ചായത്തുകളിലും 10 നഗരസഭകളിലും 2 കോർപ്പറേഷനുകളിലും ഭരണം പിടിക്കുക എന്നതാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ വികസനത്തിൽ കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്ന സാഹചര്യത്തിൽ, ബി.ജെ.പിക്ക് ഭരണം ലഭിക്കുന്ന പഞ്ചായത്തുകളിൽ മാതൃകാപരമായ വികസനം നടപ്പിലാക്കുമെന്നും പാർട്ടി അറിയിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 19 പഞ്ചായത്തുകളിലും 2 നഗരസഭകളിലുമാണ് ബി.ജെ.പിക്ക് ഭരണം ലഭിച്ചത്. കൂടാതെ, ഇരുപതോളം പഞ്ചായത്തുകളിലും തിരുവനന്തപുരം കോർപ്പറേഷനിലും പ്രധാന പ്രതിപക്ഷ സ്ഥാനത്തും ബി.ജെ.പി എത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നോ രണ്ടോ സ്ഥാനങ്ങളിലെത്തിയ 100 ഗ്രാമപഞ്ചായത്തുകളിൽ ഇത്തവണ ഭരണം പിടിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 300-ഓളം പഞ്ചായത്തുകളിലും 20-ഓളം മുനിസിപ്പാലിറ്റികളിലും വോട്ട് വിഹിതത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. കോർപ്പറേഷനുകളിൽ രണ്ടെണ്ണത്തിൽ മുന്നിലെത്താനും കഴിഞ്ഞു.
സംസ്ഥാനത്തെ 21,000 തദ്ദേശ വാർഡുകളിൽ 18,000-ത്തിലും ഇത്തവണ ബി.ജെ.പിക്ക് കമ്മിറ്റികളുണ്ട്. രണ്ടായിരത്തോളം വാർഡുകളിൽ കൺവീനർമാരെയും നിയമിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 33 ജില്ലാ പ്രഭാരികളെയും നിയോഗിച്ചിട്ടുണ്ട്. ഓരോ ആഴ്ചയിലെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാനതലത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം കൺട്രോൾ റൂം സ്ഥാപിക്കും. പഞ്ചായത്ത് തലത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഴുവൻ സമയ പ്രവർത്തകരെയും നിയോഗിക്കും. ഇവരുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 10-നകം സംസ്ഥാനത്തെ 20,000-ൽ പരം വാർഡുകളിൽ പ്രത്യേക സമ്മേളനങ്ങൾ ചേർന്ന് മുന്നണികൾക്കെതിരെ കുറ്റപത്രവും വികസന രേഖയും തയ്യാറാക്കും.
എല്ലാ വാർഡുകളിലും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാനും 'സ്വാഭിമാന റാലി' നടത്തി 'വികസിത കേരള പ്രതിജ്ഞ' എടുക്കാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ തുടർപ്രക്ഷോഭങ്ങൾ ആരംഭിക്കാനും കേന്ദ്രസർക്കാർ ഫണ്ടുകൾ തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന തലത്തിൽ സാമൂഹിക മാധ്യമ പ്രചാരണത്തിനും ബി.ജെ.പി ആലോചിക്കുന്നുണ്ട്.











