
ബംഗളുരു: കർണാടകത്തിലെ ഡി കെ ശിവകുമാർ ഗവണ്മെന്റിനെ ആഞ്ഞടിക്കാൻ മുഖ്യ പ്രതിപക്ഷമായ ബിജെപിയ്ക്ക് വീണുകിട്ടിയ ആയുധമാണ് ബി നാഗേന്ദ്രയുടെ മന്ത്രിസഭാപുനഃപ്രവേശം. പട്ടികവർഗ്ഗ സമുദായക്കാരുടെ പ്രമുഖ നേതാക്കളിൽ ഒരാളായ നാഗേന്ദ്ര സിദ്ധരാമയ്യ മന്ത്രിസഭയിൽ യുവജന ക്ഷേമ-കായിക- പട്ടികവർഗ ക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു. പട്ടികവർഗ വികസന കോർപറേഷനിൽ നിന്നും 187 കോടിയോളം രൂപ അനധികൃതമായി സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയതാണ് നാഗേന്ദ്രയ്‌ക്ക് വിനയായത്. ഹൈദരാബാദിലേക്കാണ് പണത്തിന്റെ മുക്കാൽഭാഗവും പോയത്. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ കാലത്ത് കല്യാൺ കർണാടക മേഖലയിലെയും ആന്ധ്രയിലെയും ചില കോൺഗ്രസ് സ്ഥാനാർത്ഥി കളുടെ തെരഞ്ഞെടുപ്പ് ചെലവിന് ഈ പണം ചെലവഴിച്ചതായാണ് ആരോപിക്കപ്പെട്ടത്. കോൺഗ്രസ്സ് ഹൈക്കമാന്റിന്റെ നിർദ്ദേശപ്രകാരമായിരുന്നത്രെ ഈ തിരിമറി. സമ്മർദ്ദത്തിന് വിധേയമായി ജീവനൊടുക്കിയ കോർപറേഷൻ ട്രഷററുടെ ആത്മഹത്യാ കുറിപ്പിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്. മന്ത്രിയുടെ വാക്കാലുള്ള നിർദ്ദേശപ്രകാരമാണ് പണം മാറ്റിയതെന്ന് കുറിപ്പിലുണ്ടായിരുന്നു. വിവരങ്ങൾ പുറത്തുവന്നപ്പോൾ നാഗേന്ദ്രയ്‌ക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സി ബി ഐയും അന്വേഷണം ആരംഭിച്ചു. ഇഡി കേസ്സിൽ ജാമ്യം ലഭിച്ച നാഗേന്ദ്ര സിബി ഐ കേസ്സിൽ മുൻകൂർ ജാമ്യം നേടിയെടുത്തത് ഏതാനും മാസം മുമ്പാണ്. കേസുകളിൽ പ്രധാന പ്രതിയായി അന്വേഷണം നേരിട്ടുവരികയാണ് അദ്ദേഹം. എന്നാൽ കഴിഞ്ഞ മാസം ഡി കെ മന്ത്രിസഭ വികസിപ്പിച്ചപ്പോൾ നാഗേന്ദ്രയെ വീണ്ടും മന്ത്രിയാക്കിയത് ബിജെപിയെ പ്രകോപിപ്പിച്ചു. നിയമസഭയിൽ ബിജെപി നാഗേന്ദ്രയെ തുടർച്ചയായി ബഹിഷ്കരിച്ചു. രാത്രിയിൽ നിയമസഭയിൽ കുത്തിയിരിപ്പ് സമരം നടത്താൻ ബിജെപി പ്ലാനിട്ടതറിഞ്ഞ് ഗവണ്മെന്റ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി തലയൂരുകയാണുണ്ടായത്. കല്യാൺ കർണാടക മേഖലയിലെ റെയ്ച്ചുരിൽ നിന്ന് ബെല്ലാരി വരെ സെപ്റ്റംബർ ഒന്നുമുതൽ പത്തുദിവസം നീണ്ടുനിൽക്കുന്ന പദയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. പട്ടികവർഗ്ഗ സമുദായത്തിൽ പെട്ടവർക്ക് മുൻതൂക്കമുള്ള മേഖലയാണ് കല്യാൺ കർണാടക. ബെല്ലാരി റൂറലിൽ നിന്നുള്ള എം എൽ എയാണ് നാഗേന്ദ്ര. 2023 ൽ ബിജെപിയുടെ അതികായനായ ശ്രീരാമുലുവിനെയാണ് നാഗേന്ദ്ര പരാജയപ്പെടുത്തിയത്. ശ്രീരാമുലുവും പദയാത്ര നയിക്കാൻ മുൻനിരയിലുണ്ടാകും. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കല്യാൺ കർണാടക മേഖലയിലെ 40 ൽ പത്തു സീറ്റുകളിൽ ജയിക്കാനേ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ. വോട്ടർമാരുമായി സമ്പർക്കം പുലർത്തി പിന്തുണയാർജ്ജിക്കാൻ പദയാത്ര ഉപകരിക്കുമെന്ന് ബിജെപി കരുതുന്നു. നാഗേന്ദ്ര വീണ്ടും മന്ത്രിസ്ഥാനം രാജിവെക്കുമെന്നുള്ള വാർത്ത പരന്നിരുന്നെങ്കിലും അദ്ദേഹം തന്നെ അത് നിഷേധിച്ചു. ഒരു കാരണവശാലും രാജിവെക്കരുത് എന്നാണത്രെ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉപദേശിച്ചത്. നാഗേന്ദ്ര രാജിവെച്ചാലുമില്ലെങ്കിലും പദയാത്രയുമായി മുന്നോട്ടു പോകാനാണ് ബിജെപി തീരുമാനം.
Photo Courtesy - Google










