
തിരുവനന്തപുരം: ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. വമ്പന്‍ വാഗ്ദാനങ്ങളാണ് എൻഡിഎ പ്രകടനപത്രിയിലുള്ളത്. സംസ്ഥാനം ഏറെകാലമായി കാത്തിരിക്കുന്ന എയിംസ് യാഥാര്‍ഥ്യമാക്കുമെന്നാണ് പ്രധാന പ്രഖ്യാപനം. അതിനൊപ്പം, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ അതിവേഗ റെയില്‍പാത കൊണ്ടുവരുമെന്നും പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു.
സാമൂഹ്യ ക്ഷേമ വാഗ്ദാനങ്ങളിലായി നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട് എല്‍പിജി സിലിണ്ടര്‍ സൗജന്യമായി നല്‍കുക, ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റര്‍ സൗജന്യ കുടിവെള്ളം നല്‍കുക, ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുക തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കുമെന്നും ശബരിമലയിലെ സ്വര്‍ണക്കള്ളക്കടത്ത് കേസ് സിബിഐ അന്വേഷണം നടത്തുമെന്നുമുള്ള പ്രഖ്യാപനങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രകടന പത്രിക പ്രകാശനം ചെയ്തു. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, മേയര്‍ വിവി രാജേഷ്, ട്വന്‍റി 20 കോഓര്‍ഡിനേറ്റര്‍ ചീഫ് സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.











