
ഗാന്ധിനഗർ: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 15 മുൻസിപ്പൽ കോർപ്പറേഷനിലും ബിജെപി ഭരണം പിടിച്ചു. സംസ്ഥാനത്തെ 15 കോർപറേഷനുകൾ, 84 മുൻസിപ്പാലിറ്റികൾ, 34 ജില്ലാ പഞ്ചായത്തുകൾ, 260 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഇവിടങ്ങളിലെല്ലാം ബിജെപി വൻ ആധിപത്യം പുലർത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും വൻ തിരിച്ചടി നേരിട്ടു.
ഞായറാഴ്ചയാണ് ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം കോർപറേഷനിൽ 55.1 ശതമാനവും മുൻസിപ്പാലിറ്റികളിൽ 65.53 ശതമാനവും ജില്ലാ പഞ്ചായത്തുകളിൽ 66.64 ശതമാനവും താലൂക്കുകളിൽ 67.26 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഗുജറാത്തിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയായാണ് തദ്ദേശഫലം വിലയിരുത്തപ്പെടുന്നത്.










