01:02pm 28 August 2026
NEWS
ഭർത്താവിന് അവിഹിത ബന്ധം; ബിജെപി നേതാവിന്റെ മരുമകൾ ജീവനൊടുക്കി
27/08/2026  09:22 AM IST
ഭർത്താവിന് അവിഹിത ബന്ധം; ബിജെപി നേതാവിന്റെ മരുമകൾ ജീവനൊടുക്കി

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ 24 വയസ്സുകാരിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിജെപി സൂറത്ത് ജില്ലാ മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മകൻ സൗരഭ് സിങ്ങിന്റെ ഭാര്യ നിധി സിങ്ങാണ് മരിച്ചത്. സംഭവത്തിൽ സൗരഭ് സിങ് ഉൾപ്പെടെയുള്ളവർക്കെതിരെ കദോദര പൊലീസ് കേസെടുത്തു.

ബിഹാറിലെ മുസാഫർപുർ സ്വദേശിനിയായ നിധിയും സൗരഭും രണ്ട് വർഷം മുൻപാണ് വിവാഹിതരായത്. ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ശശി സിങ്ങാണ് കിടപ്പുമുറിയിൽ നിധിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

സംഭവമറിഞ്ഞ് നിധിയുടെ സഹോദരൻ ആദിത്യ കുമാർ ബിഹാറിൽനിന്ന് സൂറത്തിലെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്. വിവാഹത്തിന് മുൻപും ശേഷവും സൗരഭിന് ഒരു വനിതാ സുഹൃത്തുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പരാതിയിലെ ആരോപണം.

ഭർത്താവിന്റെ ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ നിധി ഇതിനെ ചോദ്യം ചെയ്തിരുന്നതായും വനിതാ സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുവരരുതെന്ന് സൗരഭിനോട് ആവശ്യപ്പെട്ടിരുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ സൗരഭ് ഇത് അംഗീകരിച്ചില്ലെന്നും ഇതേ വിഷയത്തെച്ചൊല്ലി ഭർതൃവീട്ടിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്നും നിധി ബിഹാറിലുള്ള മാതാപിതാക്കളോട് പറഞ്ഞിരുന്നതായും സഹോദരൻ ആരോപിച്ചു.

അതിനിടെ, പോസ്റ്റ്‌മോർട്ടത്തിനിടെ നിധിയുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭർതൃവീട്ടുകാർ കുറിപ്പ് നശിപ്പിക്കാതിരിക്കാനാകാം യുവതി അത് അവിടെ ഒളിപ്പിച്ചതെന്നാണ് കദോദര പൊലീസ് ഇൻസ്പെക്ടർ വി.എ. ദേശായി പറഞ്ഞത്.

അതേസമയം, ബിജെപി നേതാവ് ശശി സിങ്ങിനെ എഫ്‌ഐആറിൽ പ്രതിയാക്കിയിട്ടില്ലെന്ന് ബിജെപി സൂറത്ത് ജില്ലാ അധ്യക്ഷൻ ഭരത് റാത്തോഡ് വ്യക്തമാക്കി. ശശി സിങ് ഇപ്പോഴും പാർട്ടിയുടെ സജീവ പ്രവർത്തകയാണെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരായ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളും മറ്റ് തെളിവുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img