
ബിജെപി നേതാക്കൾ കേവലം ബുരുഡ സംഘമാണെന്നും ഒന്നും ചെയ്യാതെ എല്ലാം ചെയ്‌തെന്ന അവകാശവാദമാണ് അവർക്കെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. "അസമത്വത്തിനെതിരെ പോരാടാൻ സ്ത്രീകൾക്ക് ശക്തി പകരാനാണ് ഞങ്ങൾ അവർക്കായി സൗജന്യ പദ്ധതികൾ ആവിഷ്കരിച്ചത്. വലിയ മാറ്റമാണ് ആ പദ്ധതികൾ സംസ്ഥാനത്തുണ്ടാക്കിയത്. ബിജെപിയാണോ അത് ചെയ്തത്? അത്തരം നല്ല കാഴ്ചപ്പാടൊന്നും അവർക്കില്ല. ഭക്ഷ്യ സുരക്ഷാപദ്ധതി കൊണ്ടുവന്നത് മൻമോഹൻ സിങ്ങാണ്. ആളുകൾ മോദി മോദി എന്നുരുവിടുന്നു. കാര്യമായൊന്നും ചെയ്യാതെ ആരാധനാ രാഷ്ട്രീയം വളർത്തുകയാണ് മോദി. അദ്ദേഹത്തെ അന്ധമായി അനുസരിക്കാനും പ്രകീർത്തിക്കാനും ബുരുഡസംഘവും " സിദ്ധരാമയ്യ പരിഹസിച്ചു. ( ബുരുഡസംഘം എന്നാൽ കാര്യമില്ലാതെ വർത്തമാനം പറയുന്നവർ എന്നാണ് ഏകദേശ അർത്ഥം. കന്നഡത്തിലെ ഒരു പ്രാദേശിക പ്രയോഗമാണത്) " ജലജീവൻ മിഷൻ, പ്രധാനമന്ത്രി ആവാസ് യോജനെ തുടങ്ങിയ പദ്ധതികളിലൊന്നും കേന്ദ്രം കർണാടകത്തിന് അർഹമായ ഫണ്ട് നൽകുന്നില്ല. നികുതിയിനത്തിൽ ഒരു രൂപ വാങ്ങിച്ചെടുക്കുമ്പോൾ കേന്ദ്രം കർണാടകത്തിന് തിരിച്ചുനൽകുന്നത് കേവലം പതിനഞ്ച് പൈസയാണ്. കടുത്ത അന്യായമാണിത് " സിദ്ധരാമയ്യ കുറ്റപ്പെടുത്തി. മികച്ച ഗ്രാമപഞ്ചായത്തുകളെ അഭിനന്ദിക്കാനായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണത്തിനെതിരെ കോടതിയിൽ പോയത് ബിജെപിയുടെ രാജ്യസഭ അംഗം പരേതനായ രാമ ജോയിസ് ആയിരുന്നെന്ന് സിദ്ധരാമയ്യ ഓർമിപ്പിച്ചു. കോൺഗ്രസ്സ് കർണാടകത്തിൽ ഒറ്റക്കെട്ടാണെന്ന് കാണിക്കാൻ രണ്ടുദിവസം മുമ്പ് സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ പ്രാതലിന് ക്ഷണിച്ചിരുന്നു. ആ കൂടിക്കാഴ്ചയിലാണ് അധികാര തർക്കത്തിന്റെ മഞ്ഞുരുകിയത്. അതിന്റെ തുടർച്ചയായി ഇന്ന് സിദ്ധരാമയ്യ ഇന്ന് ശിവകുമാറിന്റെ വീട്ടിൽ പ്രാതലിനെത്തിയിരുന്നു. ഹൈക്കമാണ്ട് നിർദ്ദേശപ്രകാരമാണ് ഈ രാഷ്ട്രീയതന്ത്രം. മുഖ്യമന്ത്രി എന്ന നിലയിൽ സിദ്ധരാമയ്യ കൂടുതൽ കരുത്താർജ്ജിക്കുകയാണ്.
Photo Courtesy - Google











