
തിരുപ്പതിയിൽ ബിജെപി മണ്ഡൽ പ്രസിഡന്റ് മുനിരാജുവിന്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ബൈക്ക് കത്തിച്ചത് ഭയപ്പെടുത്താനുള്ള നീക്കമായിരുന്നുവെന്നും അതിന് പിന്നിൽ മുനിരാജുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും ആന്ധ്രാപ്രദേശ് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മുനിരാജുവിന്റെ ഭാര്യ പ്രശാന്തി ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയിൽ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന മുനിരാജുവിന്റെ ബൈക്കിന് അജ്ഞാതർ തീയിടുകയായിരുന്നു. പിറ്റേ ദിവസം തന്നെ അദ്ദേഹം പൊലീസിൽ പരാതി നൽകി. വിനായക ചതുർഥിയുമായി ബന്ധപ്പെട്ടുണ്ടായ ചില പ്രശ്നങ്ങളുടെ തുടർച്ചയായിരിക്കാം ആക്രമണമെന്ന നിഗമനത്തിലായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷണം.
എന്നാൽ സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിച്ചതോടെ അന്വേഷണത്തിന്റെ ദിശ മാറി. സംഭവവുമായി ബന്ധപ്പെട്ട് സംശയിച്ച അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് യഥാർഥ ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്തുവന്നത്.
സായി, ഉദയ് കിരൺ, ലീലാ കൃഷ്ണ, പൃഥ്വിരാജ്, ഹരീഷ് എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ഫോൺ രേഖകളും സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ചു. ഇതോടെയാണ് മുനിരാജുവിന്റെ ഭാര്യ പ്രശാന്തിക്ക് കേസിലെ പ്രധാന പ്രതികളിലൊരാളായ സായിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്.
മുനിരാജുവിന്റെ യാത്രകളും ലൊക്കേഷനും പ്രശാന്തി സായിക്ക് നിരന്തരം കൈമാറിയിരുന്നതായും പൊലീസ് കണ്ടെത്തി. മുനിരാജുവിനെ നേരത്തെയും പലതവണ കൊലപ്പെടുത്താൻ സംഘം പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്.
എന്നാൽ കൊലപാതകം നടപ്പാക്കുന്നതിന് പകരം മുനിരാജുവിനെ ഭയപ്പെടുത്തുന്നതിനായാണ് ബൈക്ക് കത്തിച്ചതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. ഗൂഢാലോചനയിൽ പ്രശാന്തിക്ക് നേരിട്ട് പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് ഇവരെയും മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. നിലവിൽ എല്ലാവരും റിമാൻഡിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.











