
പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണെന്ന സൂചന നൽകുന്ന ഫെയ്സ്ബുക്ക് കുറിപ്പുമായി സിപിഎം നേതാവ് പി.പി. ദിവ്യ രംഗത്തെത്തിയതിനു പിന്നാലെ പ്രതികരണവുമായി ബിജെപി. ദിവ്യയുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ബിജെപിയുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ‘അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോ’ എന്ന പരാമർശവും കൃഷ്ണദാസ് നടത്തി.
ഒരിക്കൽ ശരിയെന്ന് തോന്നിയ കാര്യം എക്കാലവും ശരിയായിരിക്കണമെന്നില്ലെന്ന സന്ദേശമാണ് പി.പി. ദിവ്യയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിലുള്ളത്. ഒരു കരയിൽനിന്ന് മറുകരയിലെത്താൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ലെന്നും അത് ഉപേക്ഷിക്കുന്നത് നന്ദികേടല്ല, മറിച്ച് ജീവിതം പഠിപ്പിച്ച പാഠം തിരിച്ചറിയലാണെന്നും ദിവ്യ കുറിച്ചു. ബുദ്ധന്റെ കഥയെ ആസ്പദമാക്കിയുള്ള ഈ കുറിപ്പ് പാർട്ടിയുമായുള്ള ബന്ധത്തിൽ ദിവ്യയ്ക്ക് അതൃപ്തിയുണ്ടെന്ന സൂചനയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
എന്നാൽ, പോസ്റ്റിലൂടെ ദിവ്യ കൃത്യമായി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിനു പിന്നാലെയാണ് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് പ്രതികരണവുമായി രംഗത്തെത്തിയത്. ദിവ്യ സ്വന്തം നിലപാട് തുറന്നുപറയണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലൂടെയാണ് പി.പി. ദിവ്യ ദേശീയതലത്തിലടക്കം ശ്രദ്ധിക്കപ്പെട്ടത്. 2024 ഒക്ടോബർ 15-ന് പുലർച്ചെയാണ് നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് മുൻപ് നടന്ന യാത്രയയപ്പ് യോഗത്തിൽ അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ ക്ഷണിക്കപ്പെടാതെ എത്തി നടത്തിയ പരാമർശങ്ങൾ നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് കേസ്.
കേസിൽ ഏകപ്രതിയായ ദിവ്യയ്ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കേരളത്തിൽ വലിയ ചർച്ചകൾക്കു വഴിവെച്ചിരുന്നു. അന്ത്യകർമങ്ങൾക്കിടെ മകളുടെ സങ്കടം നിറഞ്ഞുനിൽക്കുന്ന ദൃശ്യങ്ങളും ഏറെ വേദനയോടെയാണ് കേരളം കണ്ടത്.
ദുരന്തത്തിന് പിന്നാലെ ഒന്നര വർഷത്തോടടുക്കുമ്പോഴും നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ രാഷ്ട്രീയ-നിയമ ചർച്ചകളിൽ തുടരുന്നതിനിടെയാണ് പി.പി. ദിവ്യയുടെ പുതിയ ഫെയ്സ്ബുക്ക് കുറിപ്പും അതിനോടുള്ള ബിജെപിയുടെ പ്രതികരണവും ശ്രദ്ധ നേടുന്നത്.
പി പി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ഓരോ ജീവിതത്തിനും പറയാൻ ഒരു കഥയുണ്ട്...
ഓരോ കഥയിലും തിരിച്ചറിയാൻ ഒരു സത്യവും.
ജീവിതത്തിന്റെ ഏതോ വഴിത്തിരിവിൽ കണ്ടുമുട്ടിയ മനുഷ്യർ… കടന്നുപോയ സാഹചര്യങ്ങൾ… ഹൃദയത്തിൽ മായാതെ കിടക്കുന്ന ചില ഓർമകൾ… കാലം മായ്ച്ചുകളയാത്ത ചില മുറിവുകൾ… ഇതെല്ലാം മനസ്സിൽ അവശേഷിപ്പിച്ച ചിന്തകളുണ്ട്. ചില അനുഭവങ്ങൾ ചിരിയുടെ പൂക്കാലം സമ്മാനിച്ചു. ചിലത് കണ്ണീരിന്റെ നനവുള്ള ഓർമകളായി മാറി. മറ്റു ചിലത് മനുഷ്യരെ തിരിച്ചറിയാനും ബന്ധങ്ങളുടെ ആഴം അളക്കാനും സത്യത്തിന്റെയും നീതിയുടെയും വില മനസ്സിലാക്കാനും പഠിപ്പിച്ചു.
അങ്ങനെയിരിക്കെ, അടുത്തിടെ വായിച്ച ഒരു കഥ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ബുദ്ധൻ തന്റെ ശിഷ്യന്മാരോടു പറഞ്ഞതായി കേട്ടിട്ടുള്ള ഒരു കഥ…
ഒരു മനുഷ്യൻ യാത്രയ്ക്കിടയിൽ ആഴമേറിയ ഒരു നദിക്കരയിലെത്തി. മറുകരയിലെത്താൻ പാലമില്ല, വള്ളമില്ല, സഹായിക്കാൻ ആരുമില്ല. ഒടുവിൽ അവിടെക്കണ്ട മരത്തടികളും കമ്പുകളും ചേർത്ത് അയാൾ ഒരു ചങ്ങാടമുണ്ടാക്കി. പ്രതിബന്ധങ്ങളെ അതിജീവിച്ചു സുരക്ഷിതമായി മറുകരയിലെത്തി. തന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ച ആ ചങ്ങാടത്തോട് അയാൾക്ക് വല്ലാത്ത നന്ദി തോന്നി. അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ, ഇനി എവിടെപ്പോയാലും ചങ്ങാടം കൂടെ കൊണ്ടുപോകാൻ അയാൾ തീരുമാനിച്ചു. അങ്ങനെ, യാത്ര സുഗമമാക്കിയ ആ ചങ്ങാടം തലയിലേറ്റി അയാൾ വീണ്ടും യാത്ര തുടർന്നു.
കഥ പറഞ്ഞുതീർത്ത ബുദ്ധൻ ശിഷ്യന്മാരോട് ചോദിച്ചു:
“അയാൾ ചെയ്യുന്നത് ശരിയാണോ?”
ശിഷ്യന്മാർ ഒരേ സ്വരത്തിൽ പറഞ്ഞു: “അല്ല.”
ഒന്ന് ആലോചിച്ചുനോക്കൂ… നമ്മുടെ ജീവിതത്തിലും ഇങ്ങനെയുള്ള ചില ചങ്ങാടങ്ങളില്ലേ?
ഒരിക്കൽ നമ്മെ ചേർത്തുപിടിച്ച ചില ബന്ധങ്ങൾ ഇന്നു നമ്മെ വേദനിപ്പിക്കുന്നുണ്ടാകാം. ഒരുകാലത്ത് തുണയായിരുന്ന ചില ശീലങ്ങൾ ഇന്നു നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകുന്നുണ്ടാകാം. ഒരിക്കൽ നമുക്ക് ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല. ചിലതിനോട് നാം നന്ദിയുള്ളവരായിരിക്കണം… ചിലതിനെ സ്നേഹത്തോടെ യാത്രയാക്കണം. നമ്മെ ഒരു കരയിൽനിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്.
ജീവിതത്തിലും അങ്ങനെതന്നെ… ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരു പാഠം പഠിപ്പിക്കാനായിരിക്കാം. ചില അനുഭവങ്ങൾ നമ്മെ തകർക്കാനല്ല, കൂടുതൽ കരുത്തുള്ളവരാക്കാനായിരിക്കാം. ചില വേർപിരിയലുകൾ നഷ്ടങ്ങളല്ല; പുതിയ വഴികളിലേക്കുള്ള തുടക്കങ്ങളായിരിക്കാം.
എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല ജീവിതം; വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകം കൂടിയാണ് ജീവിതം.
പ്രിയ സുഹൃത്തുക്കളേ,
ഇവിടെ ഞാൻ പങ്കുവയ്ക്കുന്നത് വെറും സങ്കൽപ്പകഥകളല്ല. ജീവിതയാത്രയിൽ കണ്ടുമുട്ടിയ മനുഷ്യരും അനുഭവിച്ച സാഹചര്യങ്ങളും മനസ്സിൽ അവശേഷിപ്പിച്ച ചിന്തകളും ചോദ്യങ്ങളുമാണ്. ചില കഥകളിൽ നിങ്ങൾക്ക് പരിചിതമായ മുഖങ്ങൾ തെളിഞ്ഞേക്കാം. ചില അനുഭവങ്ങളിൽ നിങ്ങളുടെ തന്നെ ജീവിതത്തിന്റെ നിഴലുകൾ കണ്ടേക്കാം. ഓർമ്മകളുടെ വഴികളിലൂടെ… മനുഷ്യബന്ധങ്ങളുടെ ഉള്ളറകളിലൂടെ… സത്യത്തിന്റെയും നീതിയുടെയും അർഥങ്ങൾ തേടി ഒരു യാത്ര.
കാരണം, ഓരോ കഥയ്ക്കു പിന്നിലും ഒരു ജീവിതമുണ്ട്… ഓരോ ജീവിതത്തിനുള്ളിലും പറയാതെപോയ ഒരു സത്യവും.“Justice may be delayed, but the voice of truth will never fade.” സത്യം പറയാനുള്ള ധൈര്യത്തോടെയും നീതി തിരിച്ചറിയാനുള്ള വിവേകത്തോടെയും… ഈ യാത്ര ഇവിടെ തുടരുന്നു. ..വായിക്കണം. ..അഭിപ്രായങ്ങൾ അറിയിക്കണം










