
കോട്ടയം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി ബിജെപി നേതാവ് പി സി ജോർജ്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി സി ജോർജ് ഗാന്ധിജിയെ വിമർശിച്ചത്. ഗാന്ധിജി സമരം നടത്തി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തുവെന്ന വാദം “മണ്ടത്തരമാണെന്ന്” അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാർ സ്വമേധയാ രാജ്യം വിട്ടുപോയതാണെന്നും ഗാന്ധിജി യാതൊരു സംഭാവനയും നൽകിയിട്ടില്ലെന്നുമായിരുന്നു ജോർജ്ജിന്റെ ആരോപണം. ഉപ്പുസത്യാഗ്രഹം വലിയ സമരമാണോയെന്നും അദ്ദേഹം ചോദിച്ചു. ഗാന്ധി ദൈവം തമ്പുരാനാണോയെന്നും പി സി ജോർജ് അഭിമുഖത്തിൽ ചോദിക്കുന്നു.
ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാർ നിർത്തിപ്പോയതാണ്. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. രണ്ട് പെൺകുട്ടികളുടെ തോളിൽ കയ്യിട്ട് നടക്കുക മാത്രമാണ് ചെയ്തത്. ഉപ്പുസത്യാഗ്രഹം നടത്തിയെന്ന് പറയുന്നുണ്ട്. അത് വലിയ സമരമാണോയെന്നും പി സി ജോർജ് ചോദിച്ചു.
ഈ പരാമർശങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് വസന്ത് തെങ്ങുംപള്ളി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ഗാന്ധിജിയെ അവഹേളിക്കുകയും ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. സമീപകാലത്ത് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് പരാതിയുടെ അടിസ്ഥാനം.
ഇതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പി സി ജോർജ് വാർത്തകളിൽ നിറയുകയാണ്. പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ അദ്ദേഹം തയ്യാറെടുക്കുന്നതായാണ് സൂചന. മണ്ഡലത്തിൽ സജീവമാകാൻ ബിജെപി നേതൃത്വം പി സി ജോർജിന് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കായി ബിഡിജെഎസ് സ്ഥാനാർത്ഥിയാണ് പൂഞ്ഞാറിൽ മത്സരിച്ചത്. ഇത്തവണ പി സി ജോർജിന് അവസരം നൽകുന്നതിനായി ബിഡിജെഎസിന് കടുത്തുരുത്തി മണ്ഡലം നൽകാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും സൂചനയുണ്ട്.











