
വോട്ടു ചോദിച്ചെത്തിയ ബിജെപി പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചു. തിരുവനന്തപുരത്താണ് സംഭവം. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിൽ വോട്ടു ചോദിച്ചെത്തിയ രാജു എന്നയാളാണ് വീട്ടമ്മയെ കയറിപ്പിടിച്ചത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പിന്നാലെ ഒളിവിൽ പോയ രാജുവിനായി അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ഇടവിളാകം വാർഡിലെ ബിജെപി സ്ഥാനാർഥിയും പാർട്ടി പ്രവർത്തകരും വീടുകളിൽ കയറി വോട്ട് അഭ്യർത്ഥിക്കുന്നതിനിടയിൽ സ്ഥാനാർഥിക്കൊപ്പം വന്ന ബിജെപി പ്രവർത്തകരിൽ ഒരാളായ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം, കൂടെ വന്നിരുന്ന മറ്റെല്ലാ പ്രവർത്തകരും വീടിന് പുറത്തേക്ക് ഇറങ്ങിയിരുന്നു. വീട്ടമ്മ വെള്ളം എടുക്കുന്നതിനായി വീടിനുള്ളിലേക്ക് പോയപ്പോൾ, രാജു പിന്നാലെ കയറി ചെല്ലുകയും വീട്ടമ്മയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് രാജു ഉടൻ തന്നെ അവിടെനിന്നും ഇറങ്ങി ഓടി.
പിന്നാലെ വീട്ടമ്മ മംഗലപുരം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ ഇതുവരെയും കണ്ടെത്താൻ ആയിട്ടില്ലെന്നും പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.











