
മുതിർന്ന ബിജെപി നേതാവിനെ മൂന്നംഗ സംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഭാലിലാണ് ബിജെപി നേതാവ് കൊല്ലപ്പെട്ടത്. ഗുൽഫാം സിങ് യാദവ് എന്ന അറുപതുകാരനാണ് മരിച്ചത്. 2004ൽ ഗുന്നൗർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്‍പി നേതാവ് മുലായം സിങ് യാദവിനെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ഗുൽഫാം സിങ് യാദവ്.
സംഭാലിലെ ഡഫ്റ്റാര ഗ്രാമത്തിലുള്ള തന്റെ ഫാം ഹൗസിൽവെച്ചാണ് ഗുൽഫാം സിങ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്. നേതാവിനെ സന്ദർശിക്കാനെന്ന പേരിൽ എത്തിയതായിരുന്നു അക്രമികൾ. സുഖവിവരങ്ങൾ അന്വേഷിച്ചതിനു പിന്നാലെ യാദവിൽനിന്നും വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്തു. വെള്ളം നൽകിയതിനു പിന്നാലെ മുറിയിൽ കിടക്കാൻ പോയ യാദവിന്റെ വയറ്റിൽ പ്രതികൾ വിഷം കുത്തിവയ്ക്കുകയായിരുന്നു. പിന്നാലെ വേദനകൊണ്ടു നിലവിളിച്ച യാദവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു.
വിഷം കുത്തിവച്ച ശേഷം ഇവർ കടന്നുകളഞ്ഞെന്ന് ഗുന്നൗർ സർക്കിൾ ഓഫിസർ ദീപക് തിവാരി പറഞ്ഞു. സംഭവ സ്ഥലത്തുനിന്നും ഹെൽമറ്റും സിറിഞ്ചും ഫൊറൻസിക് ഉദ്യോഗസ്ഥർ കണ്ടെടുത്തു.











