
തൃശ്ശൂരിൽ ഭാര്യയെ മർദിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റായ ശ്രീകുമാറിനെതിരെയാണ് തൃശ്ശൂർ റൂറൽ പൊലീസ് നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.
ജൂൺ 9-ന് വൈകിട്ട് 7.30ഓടെ നടന്ന സംഭവത്തിലാണ് നടപടി. വീട്ടിലെത്താൻ വൈകിയതിനെ ചോദ്യം ചെയ്ത ശേഷം ശ്രീകുമാർ ഭാര്യയെ മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. "നിന്റെ തോന്ന്യാസത്തിന് കയറിവരാൻ ഇതെന്താ സത്രമാണോ" എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണമെന്ന് യുവതി മൊഴിനൽകി.
ഇരുകവിളുകളിലും ഇടത് കണ്ണിനും അടിക്കുകയും മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് തല ഭിത്തിയിൽ ഇടിക്കാൻ ശ്രമിച്ചെന്നും, ഭിത്തിയിൽ കൈവെച്ച് തടഞ്ഞതിനാലാണ് ഗുരുതര പരിക്കിൽ നിന്ന് രക്ഷപ്പെട്ടതെന്നും യുവതി ആരോപിക്കുന്നു.
ആക്രമണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ലെങ്കിൽ ജീവന് ഭീഷണിയുണ്ടാകുമായിരുന്നുവെന്ന പരാമർശവും എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.









